മക്ക - ഹജ് ദിവസങ്ങളിൽ പുണ്യസ്ഥലങ്ങളിൽ തീർഥാടകർക്കിടയിൽ ഭക്ഷണ വിതരണം ക്രമീകരിക്കുന്നതിനും കുറ്റമറ്റതാക്കുന്നതിനും തുർക്കി, യൂറോപ്പ്, അമേരിക്ക, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ നിന്നുള്ള തീർഥാടകർക്ക് സേവനങ്ങൾ നൽകുന്ന ത്വവാഫ എസ്റ്റാബ്ലിഷ്‌മെന്റ് പുതിയ ആപ് ഏർപ്പെടുത്തി. ഭക്ഷ്യവസ്തുക്കളുടെ സുരക്ഷ ഉറപ്പു വരുത്തുന്ന നിലക്ക് സമയനിഷ്ഠ പാലിച്ച് ഭക്ഷണം വിതരണം ക്രമീകരിക്കുന്നതിന് പുതിയ ആപ് ത്വവാഫ എസ്റ്റാബ്ലിഷ്‌മെന്റിനെ സഹായിക്കും.
തീർഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിന് ശ്രമിച്ചാണ് പുതിയ ആപ് പ്രയോജനപ്പെടുത്തുന്നതെന്ന് ത്വവാഫ എസ്റ്റാബ്ലിഷ്‌മെന്റ് ഡയറക്ടർ ബോർഡ് അംഗവും പാർപ്പിട, ഭക്ഷണ കമ്മിറ്റി സൂപ്പർവൈസറുമായ മുഹമ്മദ് ശാകിർ പറഞ്ഞു.
മക്കയിൽ അൽമവാസിം ടവറിൽ പ്രവർത്തിക്കുന്ന ത്വവാഫ എസ്റ്റാബ്ലിഷ്‌മെന്റ് ആസ്ഥാനത്തെ ശൈഖ് ജഅ്ഫർ ജമലുല്ലൈൽ ഓഡിറ്റോറിയത്തിൽ ത്വവാഫ എസ്റ്റാബ്ലിഷ്‌മെന്റിനു കീഴിലെ പാർപ്പിട, ഭക്ഷണ വിഭാഗം സംഘടിപ്പിച്ച ശിൽപശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാലതാമസം കൂടാതെ കൃത്യസമയത്ത് തീർഥാടകർക്കിടയിൽ ഭക്ഷണം വിതരണം ചെയ്യുന്നത് ഉറപ്പു വരുത്തുന്നതിന് ആപ് സഹായിക്കും. ഭക്ഷണ വിതരണത്തിന് കാലതാമസം നേരിടുന്ന പക്ഷം അതിനുള്ള കാരണങ്ങളും വീഴ്ചകളുണ്ടെങ്കിൽ അവയുടെ കാരണങ്ങളും ആപ് വെളിപ്പെടുത്തും.
തുർക്കി, യൂറോപ്പ്, അമേരിക്ക, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ നിന്നുള്ള തീർഥാടകർക്ക് പുണ്യസ്ഥലങ്ങളിൽ ഭക്ഷണ വിതരണം നിരീക്ഷിക്കുന്നതിന് 45 പേരടങ്ങിയ സംഘത്തിന് രൂപം നൽകിയിട്ടുണ്ടെന്നും മുഹമ്മദ് ശാകിർ പറഞ്ഞു.
ത്വവാഫ എസ്റ്റാബ്ലിഷ്‌മെന്റിനു കീഴിലെ ഫീൽഡ് ഓഫീസ് മേധാവികളും അംഗങ്ങളും പങ്കെടുത്ത ശിൽപശാലയിൽ പാർപ്പിട, ഭക്ഷണ കമ്മിറ്റി മുൻകൂട്ടി പൂർത്തിയാക്കിയ ഒരുക്കങ്ങൾ വിശകലനം ചെയ്തു.
പുണ്യസ്ഥലങ്ങളിൽ വെച്ച് തീർഥാടകർക്കിടയിൽ ഉയർന്ന ഗുണമേന്മയുള്ള ഭക്ഷണം വിതരണം ചെയ്യുന്നതിനെ കുറിച്ച് ഈ മേഖലയിൽ പ്രവർത്തിക്കുന്നവരെ ബോധവൽക്കരിക്കുന്നതിന് ലക്ഷ്യമിട്ടാണ് ശിൽപശാല സംഘടിപ്പിച്ചത്. മുൻ വർഷങ്ങളിൽ ഹജ് സീസണുകളിൽ സംഭവിച്ച വീഴ്ചകളും പോരായ്മകളും പരിഹരിക്കുന്നതിന് ഏർപ്പെടുത്തിയ സംവിധാനങ്ങളെ കുറിച്ച് ശിൽപശാലയിൽ വിശദീകരിച്ചു.