റിയാദ് - പാലുൽപന്നങ്ങളുടെ ഉപയോഗ കാലാവധി സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി ദീർഘിപ്പിച്ചു. പാൽ, മോര്, തൈര് എന്നിവയുടെ ഉപയോഗ കാലാവധിയാണ് ദീർഘിപ്പിച്ചിരിക്കുന്നത്. പാലുൽപന്നങ്ങളുമായി ബന്ധപ്പെട്ട സാങ്കേതിക നിയമാവലി പുതുക്കുന്നതു വരെ ഉപയോഗ കാലാവധി പരമാവധി രണ്ടു ദിവസം കൂടി അധികം ദീർഘിപ്പിക്കുന്നതിനാണ് ഡയറി കമ്പനികൾക്ക് അതോറിറ്റി അനുമതി നൽകിയിരിക്കുന്നത്. നിശ്ചിത കാലാവധിയുള്ള കാലത്ത് പാലുൽപന്നങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തുന്ന നിലക്ക് പാക്കിംഗ്, ഗതാഗത, സംഭരണ ഘട്ടങ്ങളിൽ ഉൽപന്നങ്ങൾ സൂക്ഷിക്കുന്നതിന്റെ പൂർണ ഉത്തരവാദിത്തം ഡയറി കമ്പനികൾക്കായിരിക്കുമെന്ന് അതോറിറ്റി പറഞ്ഞു. നാലു വർഷത്തിനിടെ ഇത് രണ്ടാം തവണയാണ് പാലുൽപന്നങ്ങളുടെ ഉപയോഗ കാലാവധി സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി ദീർഘിപ്പിക്കുന്നത്. പാസ്ചുറൈസ് ചെയ്ത പാലിന്റെ ഉപയോഗ കാലാവധി അഞ്ചു ദിവസത്തിൽ നിന്ന് ഏഴു ദിവസമായി ദീർഘിപ്പിക്കുന്നതിന് ഡയറി കമ്പനികളെ 2015 അവസാനത്തിൽ സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി അനുവദിച്ചിരുന്നു.
പാലുൽപന്നങ്ങളുടെ ഉപയോഗ കാലാവധി ദീർഘിപ്പിക്കണമെന്ന് ഡയറി കമ്പനികൾ ദീർഘകാലമായി ആവശ്യപ്പെട്ടുവരികയായിരുന്നു. കുറഞ്ഞ ഉപയോഗ കാലാവധി മൂലം വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് വലിയ തോതിൽ ഉൽപന്നങ്ങൾ തിരിച്ചെടുക്കേണ്ടിവരികയാണെന്നും ഇത് ഭീമമായ നഷ്ടം നേരിടുന്നതിന് ഇടയാക്കുകയാണെന്നും പാലുൽപന്നങ്ങൾക്ക് മറ്റു പല രാജ്യങ്ങളിലും പ്രാബല്യത്തിലുള്ളതിനേക്കാൾ കുറഞ്ഞ ഉപയോഗ കാലാവധിയാണ് സൗദിയിൽ നിശ്ചയിച്ചിരിക്കുന്നത് എന്നുമാണ് കമ്പനികൾ വാദിച്ചിരുന്നത്.