Sorry, you need to enable JavaScript to visit this website.

ജിദ്ദയില്‍ ഹൈപർലൂപ് സാങ്കേതിക വിദ്യ: സാധ്യതാ പഠനത്തിന് കരാർ

റാബിഗിലുള്ള കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റിയിൽ ഹൈപർലൂപ് കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള സാധ്യതാ  പഠനം നടത്തുന്നതിനുള്ള കരാറിൽ വിർജിൻ ഹൈപർലൂപ് വൺ സി.ഇ.ഒ ജെയ് വാൾഡറും സൗദി ഇൻഡസ്ട്രിയൽ പ്രോപ്പർട്ടി അതോറിറ്റി സെക്രട്ടറി ജനറൽ മുഹന്നദ് ഹിലാലും ഒപ്പുവെക്കുന്നു.

ജിദ്ദ - ജിദ്ദക്കു സമീപം റാബിഗിലുള്ള കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റിയിൽ ഹൈപർലൂപ് കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള സാധ്യതാ പഠനം നടത്തുന്നതിന് സൗദി ഇൻഡസ്ട്രിയൽ പ്രോപ്പർട്ടി അതോറിറ്റിയും വിർജിൻ ഹൈപർലൂപ് വൺ കമ്പനിയും കരാർ ഒപ്പുവെച്ചു. അതിവേഗ യാത്രാ സംവിധാനമായ ഹൈപർലൂപ് പരീക്ഷിക്കുന്നതിനുള്ള ടെസ്റ്റ് ട്രാക്ക്, ഹൈപർലൂപ് ഗവേഷണ കേന്ദ്രം, ഹൈപർലൂപ് കോച്ചുകൾ നിർമിക്കുന്നതിനുള്ള വർക്ക് ഷോപ്പ് എന്നിവ അടങ്ങിയ എക്‌സലൻസ് സെന്റർ കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റിയിൽ സ്ഥാപിക്കുന്നതിനെ കുറിച്ച സാധ്യതാ പഠനത്തിനാണ് കരാർ ഒപ്പുവെച്ചിരിക്കുന്നത്. 
സൗദി ഇൻഡസ്ട്രിയൽ പ്രോപ്പർട്ടി അതോറിറ്റി സെക്രട്ടറി ജനറൽ മുഹന്നദ് ഹിലാലിന്റെ നേതൃത്വത്തിലുള്ള സംഘം ലോസ് ആഞ്ചലസിൽ വിർജിൻ ഹൈപർലൂപ് വൺ കമ്പനിക്കു കീഴിലെ ഇന്നൊവേഷൻ സെന്ററിൽ നടത്തിയ സന്ദർശനത്തിനിടെയാണ് ഹൈപർലൂപ് സെന്റർ സൗദിയിൽ സ്ഥാപിക്കുന്നതിനുള്ള സാധ്യതാ പഠനത്തിന് ഇരു വിഭാഗവും കരാർ ഒപ്പുവെച്ചത്. 
ഹൈപർലൂപ് സംവിധാനവുമായി ബന്ധപ്പെട്ട പ്രത്യേക സാങ്കേതിക വിദ്യകൾ സംയുക്തമായി വികസിപ്പിക്കുന്നതിനുള്ള അവസരങ്ങൾ, ഈ മേഖലയിൽ സൗദി യുവാക്കളുടെ പരിചയ സമ്പത്ത് വികസിപ്പിക്കൽ എന്നിവ സാധ്യതാ പഠനത്തിന്റെ ഭാഗമായി പരിശോധിക്കും. ഹൈപർലൂപ് സംവിധാനത്തിന് ആവശ്യമായ ഉൽപന്നങ്ങളും സേവനങ്ങളും ലഭ്യമാക്കുന്ന ശൃംഖലകളുടെ സ്ഥാപനത്തിനും സൗദിയിൽ ഇന്നൊവേഷൻ കോംപ്ലക്‌സുകളുടെ സ്ഥാപനം വേഗത്തിലാക്കുന്നതിനും സാധ്യതാ പഠനം സഹായിക്കും. ആധുനിക സാങ്കേതികവിദ്യാ മേഖലയിൽ ആറായിരത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റിയിലെ ഹൈപർലൂപ് എക്‌സലൻസ് സെന്റർ സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 
വിഷൻ 2030 പദ്ധതി ലക്ഷ്യങ്ങൾ സാക്ഷാൽക്കരിക്കുന്നതിന് സംഭാവനകൾ നൽകുന്നതിന് ഇക്കണോമിക് സിറ്റികൾക്ക് സാധിക്കുന്നതിന് തന്ത്രപ്രധാന പങ്കാളിത്തങ്ങൾ സ്ഥാപിക്കുന്നതിനാണ് സൗദി ഇൻഡസ്ട്രിയൽ പ്രോപ്പർട്ടി അതോറിറ്റി ശ്രമിക്കുന്നതെന്ന് മുഹന്നദ് ഹിലാൽ പറഞ്ഞു. കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റിയിൽ ഹൈപർലൂപ് സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിനുള്ള സാധ്യതകൾ കണ്ടെത്തുന്നതിന് വിർജിൻ ഹൈപർലൂപ് വൺ കമ്പനിയുമായി ഒപ്പുവെച്ച കരാർ സൗദി ഇൻഡസ്ട്രിയൽ പ്രോപ്പർട്ടി അതോറിറ്റിയെ ഏൽപിക്കപ്പെട്ട ദൗത്യം സാക്ഷാൽക്കരിക്കുന്ന ദിശയിലെ സുപ്രധാന ചുവടുവെപ്പാണ്. പദ്ധതി സാക്ഷാൽക്കരിക്കപ്പെടുന്ന പക്ഷം ഹൈപർലൂപ് സാങ്കേതിക വിദ്യയിലുള്ള ഗതാഗത സംവിധാനം രാജ്യത്ത് നിലവിൽവരുന്നതിന് പ്രചോദനമാകും. ഇത് രാജ്യത്ത് സാമ്പത്തിക വളർച്ച വേഗത്തിലാക്കുകയും സൗദി യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
വിർജിൻ ഹൈപർലൂപ് വൺ കമ്പനിയുമായുള്ള സഹകരണം സൗദി അറേബ്യക്കും സൗദി ഇൻഡസ്ട്രിയൽ പ്രോപ്പർട്ടി അതോറിറ്റിക്കും അഭിമാനമാണ്. നവീന ഗതാഗത സംവിധാനം സൗദിയിലെത്തിക്കുന്നത് നിരവധി സ്വദേശികൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കും. കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റിയിൽ ഹൈപർലൂപ് കേന്ദ്രമുണ്ടാകുന്നത് സൗദിയിൽ സിലിക്കൺ വാലി സ്ഥാപിക്കുന്നതിന് പ്രചോദനമായി മാറുകയും നവീന സാങ്കേതിക വിദ്യാ, വ്യവസായ മേഖലകളിൽ പ്രോഗ്രാം വികസനം വേഗത്തിലാക്കുമെന്നും മുഹന്നദ് ഹിലാൽ പറഞ്ഞു. അമേരിക്കയിലെ നെവാദ മരുഭൂമിയിൽ ഹൈപർലൂപ് പരീക്ഷണ കേന്ദ്രവും സംഘം സന്ദർശിച്ചു. 
ആഗോള തലത്തിലെ ഗതാഗത കേന്ദ്രമായി മാറുന്നതിനുള്ള സൗദി അറേബ്യയുടെ ശ്രമങ്ങൾക്ക് ഹൈപർലൂപ് സംവിധാനം പിന്തുണ നൽകുമെന്ന് വിർജിൻ ഹൈപർലൂപ് വൺ സി.ഇ.ഒ ജെയ് വാൾഡർ പറഞ്ഞു. യാത്രക്കാരുടെ നീക്കത്തിനും ചരക്ക് ഗതാഗതത്തിനുമുള്ള സമഗ്ര പോംവഴിയായി ഹൈപർലൂപ് സാങ്കേതിക വിദ്യയെ മാറ്റിയെടുക്കുന്നതിന് സൗദി അറേബ്യയുമായി സഹകരിക്കുന്നതിനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭൂമിയിൽ വിമാന വേഗത്തിലുള്ള യാത്രാ സംവിധാനമാണ് ലോസ് ആഞ്ചലസിലെ വിർജിൻ ഹൈപർലൂപ് വൺ കമ്പനി ആസ്ഥാനത്ത് വികസിപ്പിക്കുന്ന ഹൈപർലൂപ് സാങ്കേതിക വിദ്യ വാഗ്ദാനം ചെയ്യുന്നത്. വൈകാതെ വാണിജ്യാടിസ്ഥാനത്തിൽ ഈ സാങ്കേതിക വിദ്യ പ്രവർത്തിപ്പിക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്. മണിക്കൂറിൽ 1080 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കുന്ന ഹൈപർലൂപ് ട്രെയിനുകൾ റിയാദ്, ജിദ്ദ യാത്രാ സമയം 76 മിനിറ്റ് ആയും റിയാദ്, അബുദാബി യാത്രാ സമയം 48 മിനിറ്റ് ആയും കുറക്കും

Latest News