കാസർകോട്- പനി ബാധിച്ച് ചികിത്സയിലായിരുന്ന രണ്ടു പിഞ്ചു കുഞ്ഞുങ്ങൾ മരിച്ചു. എട്ടു മാസം പ്രായമുള്ള കുഞ്ഞും നാലു വയസുള്ള കുട്ടിയുമാണ് മരിച്ചത്. ബദിയടുക്ക കന്യപ്പാടിയിലെ സിദ്ദീഖ് -നിഷ ദമ്പതികളുടെ മക്കളായ മൊയ്തീൻ ഷിനാസ് (നാല്), സിദ്റത്തുൽ മുൻതഹ (എട്ടു മാസം) എന്നിവരാണ് മരണത്തിന് കീഴടങ്ങിയത്. ഗുരുതരമായ നിലയിൽ പനി ബാധിച്ചതിനെ തുടർന്ന് ഒരാഴ്ചയോളമായി രണ്ടു കുട്ടികളും മംഗളൂരുവിലെ ഫാദർ മുള്ളേഴ്സ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ചയാണ് സിദ്റത്തുൽ മുൻതഹ മരിച്ചത്. കുഞ്ഞിന് ന്യൂമോണിയയാണെന്ന് കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെ ബുധനാഴ്ച രാവിലെ ഷിനാസും മരിച്ചു. കടമ്പാർ ജി.എച്ച്.എസിലെ അധ്യാപകനാണ് കുഞ്ഞുങ്ങളുടെ പിതാവ് സിദ്ദിഖ്. കുഞ്ഞുങ്ങളുടെ മാതാവ് നിഷ പനി ലക്ഷണങ്ങളോടെ മംഗളൂരുവിലെ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. ഒരാഴ്ച മുമ്പ് മാതാവിന്റെ പുത്തിഗെ പഞ്ചായത്തിലെ മുഗു റോഡിലെ വീട്ടിൽ നിന്നുമാണ് കുട്ടികൾക്ക് പനി ബാധിച്ചത്. തുടർന്ന് നാട്ടിലെ ആശുപത്രിയിൽ പരിശോധിച്ച ശേഷമാണ് ജൂലൈ 22 ന് മംഗളുരു ആശുപത്രിയിലേക്ക് മാറ്റിയത്. ഇതിനിടെയാണ് മരണം സംഭവിച്ചത്. രണ്ട് കുട്ടികളുടെയും മരണം കുടുംബത്തെ തളർത്തിയിരിക്കുകയാണ്. മരിച്ച കുഞ്ഞുങ്ങളുടെ മാതാവിന് ആവശ്യമെങ്കിൽ പരിയാരം ഗവ. മെഡിക്കൽ കോളേജിലോ കോഴിക്കോട് മെഡിക്കൽ കോളേജിലോ വിദഗ്ധ ചികിത്സ നൽകുമെന്നും പരിഭ്രാന്തി വേണ്ടെന്നും കാസർകോട് ജില്ലാ കലക്ടർ ഡോ. ഡി. സജിത് ബാബു പറഞ്ഞു. മരിച്ച കുട്ടികളുടെ മാതാപിതാക്കളുടെ രക്തസാമ്പിളുകൾ ശേഖരിച്ചു പരിശോധനക്കായി അയച്ചിട്ടുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ.പി ദിനേശ്കുമാറും അറിയിച്ചു.