കുവൈത്ത് സിറ്റി- കുവൈത്തില്‍ വിവിധ ബാങ്കുകളിലായി അവകാശികളില്ലാതെ പത്തു കോടിയിലേറെ കുവൈത്ത് ദിനാര്‍ കെട്ടികിടക്കുന്നതായി റിപ്പോര്‍ട്ട്. ഉടമസ്ഥാവകാശം ഉന്നയിക്കപ്പെടാതെ വിവിധ ബാങ്കുകളിലായി ഏകദേശം 2300 കോടി രൂപയാണ് വര്‍ഷങ്ങളായി കെട്ടികിടക്കുന്നത്. ഓഹരി വിപണിയില്‍ പേര്‍ ചേര്‍ക്കപ്പെട്ടതും അല്ലാത്തതുമായ വിവിധ സ്ഥാപനങ്ങളുടെ ലാഭവിഹിതമായാണു ഇത്രയും തുക പലരുടെയും അക്കൗണ്ടില്‍ വന്നു ചേര്‍ന്നത്. പത്ത് വര്‍ഷത്തിലേറെയായിട്ടും ഈ അക്കൗണ്ട് ഉടമകളില്‍ ആരും തന്നെ പണത്തിനായി ബാങ്കിനെ സമീപിച്ചിട്ടുമില്ല എന്നതാണു കൗതുകം.
സുരക്ഷിതം എന്ന നിലയില്‍ ഓഹരി വിപണികളില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നിക്ഷേപിച്ച അക്കൗണ്ട് ഉടമകളാണു ഇവരില്‍ ഏറെയും. വര്‍ഷങ്ങള്‍ കൊണ്ട് ഇരട്ടിച്ചു വരുന്ന തങ്ങളുടെ നിക്ഷേപത്തെക്കുറിച്ച് ഇവര്‍ മറന്നതാകാമെന്നാണു ബാങ്കുകളുടെ നിഗമനം.