കോട്ടയം- കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് ബുധനാഴ്ച തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കേരള കോൺഗ്രസ് എമ്മിലെ ഗ്രൂപ്പുകൾ തമ്മിലുള്ള പോര് കത്തിപ്പടരുന്നു. പ്രസിഡന്റ് സ്ഥാനത്തിനുള്ള ജോസഫ്-ജോസ് വിഭാഗങ്ങളുടെ വടംവലി കോൺഗ്രസിനെയും യു.ഡി.എഫ് നേതൃത്വത്തെയും പ്രതിസന്ധിയിലാക്കി. അതേസമയം തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ കോൺഗ്രസിന് തന്നെ സ്ഥാനം തിരിച്ചുകിട്ടാനുളള സാധ്യതയും കാണുന്നുണ്ട്.
പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കങ്ങഴ ഡിവിഷനിലെ അജിത്ത് മുതിരമലയ്ക്ക് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അംഗങ്ങൾക്ക് ജോസഫ് വിഭാഗം വിപ്പ് നൽകിയപ്പോൾ കാഞ്ഞിരപ്പള്ളി ഡിവിഷനിലെ സെബാസ്റ്റ്യൻ കുളത്തുങ്കലിനെയാണ് നേരത്തെ ജോസ് കെ.മാണി വിഭാഗം പ്രസിഡന്റ് സ്ഥാനാർത്ഥിയായി നിശ്ചയിച്ചത്. അതിന്റെ അടിസ്ഥാനത്തിൽ ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം എല്ലാ അംഗങ്ങൾക്കും വിപ്പ് നൽകുകയും ചെയ്തു. എന്നാൽ ഈ വിപ്പ് നിലനിൽക്കില്ലെന്ന് കാട്ടിയാണ് പി.ജെ.ജോസഫ് തന്നെ നേരിട്ട് മറ്റൊരു വിപ്പ് നൽകിയിരിക്കുന്നത്.
കോട്ടയം ജില്ലാ പഞ്ചായത്തിൽ നിലവിൽ 22 അംഗങ്ങളാണുള്ളത്. കോൺഗ്രസിന്റെ എട്ടും കേരളാ കോൺഗ്രസിന്റെ 6 ഉം ചേർന്നാണ് ഭരണം നടത്തുന്നത്. യു.ഡി.എഫിലെ ധാരണ പ്രകാരം ഇനിയുള്ള ഒന്നരവർഷം കേരളാ കോൺഗ്രസിനാണ്. ഇതിന്റെ അടിസ്ഥാനത്തിൽ ദിവസങ്ങൾക്ക് മുമ്പ് കോൺഗ്രസുകാരനായ സണ്ണി പാമ്പാടി പ്രസിഡന്റ് സ്ഥാനം രാജി വെച്ചിരുന്നു. തുടർന്ന് കേരളാ കോൺഗ്രസിന്റെ അടുത്ത പ്രസിഡന്റായി കാഞ്ഞിരപ്പള്ളി ഡിവിഷനിലെ സെബാസ്റ്റ്യൻ കുളത്തുങ്കലിനെ ജോസ് വിഭാഗം പ്രസിഡന്റ് സ്ഥാനാർത്ഥിയായി നിശ്ചയിക്കുകയായിരുന്നു. ഇതിന് വിപ്പും നൽകി. എന്നാൽ ഈ വിപ്പ് നിലനിൽക്കില്ലെന്ന് കാട്ടിയാണ് പി.ജെ.ജോസഫ് തന്നെ നേരിട്ട് മറ്റൊരു വിപ്പ് നൽകിയിരിക്കുന്നത്.
കെ.എം.മാണിയുടെ കാലത്ത് വിപ്പ് കൊടുക്കുന്നതും തെരഞ്ഞെടുപ്പ് ചിഹ്നം കൊടുക്കുന്നതുമായി ബന്ധപ്പെട്ട് ആവശ്യങ്ങൾ വന്നപ്പോൾ സൗകര്യാർത്ഥം ജില്ലാ പ്രസിഡന്റുമാർക്ക് താത്ക്കാലികമായി അതിനുള്ള അധികാരം നൽകിയിരുന്നു. എന്നാൽ ഇന്ന് ഒരു വിഭാഗം ആളുകൾ പാർട്ടിയിൽ വിഭാഗീയത ഉണ്ടാക്കാൻ ശ്രമിച്ചപ്പോൾ പാർട്ടിയുടെ കെട്ടുറപ്പ് നിലനിർത്താൻ ചെയർമാന്റെ ചുമതല വഹിക്കുന്ന വർക്കിങ് ചെയർമാൻ പി.ജെ.ജോസഫ് ജില്ലകളിലേക്ക് നൽകിയ അധികാരം തിരിച്ചെടുക്കുകയാണ് ഉണ്ടായതെന്നും മോൻസ് ജോസഫ് വ്യക്തമാക്കി.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരെഞ്ഞടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന തെരെഞ്ഞെടുപ്പ് കമ്മീഷൻ പരാമർശിക്കാത്ത കാര്യങ്ങൾ ഉണ്ട് എന്ന രീതിയിൽ ജോസഫ് വിഭാഗം വ്യാജപ്രചരണം നടത്തുകയാണെന്ന് ഡോ. എൻ.ജയരാജ് എം.എൽ.എ. ജോസ് കെ.മാണി എം.പിയും, പി.ജെ.ജോസഫ് എം.എൽ.എയും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് കത്തുകൾ നൽകിയിരുന്നു. ഇത് സംബന്ധിച്ച് തെരെഞ്ഞടുപ്പ് കമ്മീഷൻ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലെ കൂറുമാറ്റ നിരോധന നിയമപ്രകാരം തദ്ദേശസ്വയം ഭരണ സ്ഥാപനത്തിൽ മത്സരിക്കുന്നവർക്ക് ഔദ്യോഗിക ചിഹ്നം അനുവദിക്കുവാൻ പദവിയുള്ള ആളിന് മാത്രമെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്ക് വിപ്പ് നൽകുന്നതിനുള്ള അധികാരമുള്ളൂ. എന്നാൽ വിപ്പിന്റെ ആധികാരികത സംബന്ധിച്ച് എന്തെങ്കിലും തർക്കമുണ്ടെങ്കിൽ പ്രസ്തുത തെരെഞ്ഞെടുപ്പിന് ശേഷം മാത്രമെ പരിഗണിക്കുകയുള്ളൂ എന്നും ഉത്തരവിൽ പറയുന്നു. കോട്ടയം ജില്ലാ പഞ്ചായത്തിലെ കേരളാ കോൺഗ്രസ് (എം) അംഗങ്ങൾക്ക് ചിഹ്നം അനുവദിച്ച് നൽകിയത് പാർട്ടി കോട്ടയം ജില്ലാ പ്രസിഡന്റാണ്. അതേ ജില്ലാ പ്രസിഡന്റിന് മാത്രമെ വിപ്പ് നൽകാൻ അധികാരമുള്ളൂ എന്ന് പൂർണമായും ശരിവെയ്ക്കുന്നതാണ് തെരെഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്. യഥാർത്ഥ ഉത്തരവ് മറച്ചുകൊണ്ടുള്ള വ്യാജ പ്രജരണമാണ് ജോസഫ് വിഭാഗം നടത്തുന്നതെന്നും ജയരാജ് എം.എൽ.എ. അതേ സമയം വർക്കിംഗ് ചെയർമാനാണ് ഇക്കാര്യത്തിൽ അധികാരമെന്ന് മോൻസ് ജോസഫ് എം.എൽ.എ വ്യക്തമാക്കി. മറിച്ചുളള പ്രചാരണങ്ങൾക്ക് ശരിയല്ല. അവർക്ക് പാർട്ടി ഭരണഘടന അറിയില്ലെന്നും മോൻസ് പറഞ്ഞു.