റിയാദ് - സൗദിയിൽ ഒരു വർഷത്തിനിടെ ഒന്നേകാൽ ലക്ഷത്തോളം വനിതകൾ ഡ്രൈവിംഗ് ലൈസൻസ് നേടിയതായി കണക്ക്. 2018 ജൂൺ 24 നാണ് സൗദിയിൽ വനിതകൾക്കുള്ള ഡ്രൈവിംഗ് അനുമതി പ്രാബല്യത്തിൽ വന്നത്. ഇതുവരെ 1,20,000 ലേറെ സ്വദേശി, വിദേശി വനിതകളാണ് ഡ്രൈവിംഗ് ലൈസൻസുകൾ നേടിയത്. ഹൗസ് ഡ്രൈവർമാരായി വിദേശി വനിതകളെ സൗദി കുടുംബങ്ങൾ റിക്രൂട്ട് ചെയ്യാൻ തുടങ്ങിയിട്ടുണ്ട്.
വനിതകൾക്കുള്ള ഡ്രൈവിംഗ് അനുമതി പ്രാബല്യത്തിൽ വന്നതു മുതൽ കഴിഞ്ഞ വർഷാവസാനം വരെയുള്ള കാലത്ത് 181 വിദേശ വനിതകളെ ഹൗസ് ഡ്രൈവർ പ്രൊഫഷനുകളിൽ സൗദി കുടുംബങ്ങൾ റിക്രൂട്ട് ചെയ്തിട്ടുണ്ട്. ഈ വർഷം ആദ്യ പാദത്തിൽ 459 വനിതാ ഹൗസ് ഡ്രൈവർമാരെയും സൗദി കുടുംബങ്ങൾ റിക്രൂട്ട് ചെയ്തിട്ടുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
ലഭ്യമായ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സൗദിയിൽ 24,54,742 ഗാർഹിക തൊഴിലാളികളുണ്ട്. ഇക്കൂട്ടത്തിൽ 53 ശതമാനം പേർ ഹൗസ് ഡ്രൈവർമാരാണ്. 13,08,693 വിദേശികൾ ഹൗസ് ഡ്രൈവർമാരായി സൗദിയിൽ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. ഗാർഹിക തൊഴിലാളികളിൽ 16,27,847 പേർ പുരുഷന്മാരും 8,26,895 പേർ വനിതകളുമാണ്.
സർക്കാർ വകുപ്പുകളിൽനിന്നുള്ള സൗജന്യ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് ലക്ഷ്യമിട്ട് നിരവധി വിദേശികൾ സമീപകാലത്ത് തങ്ങളുടെ പ്രൊഫഷനുകൾ ഗാർഹിക തൊഴിലാളി പ്രൊഫഷനുകളിലേക്ക് മാറ്റിയിട്ടുണ്ട്. നിലവിൽ പതിനേഴു രാജ്യങ്ങളിൽനിന്ന് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നുണ്ട്.