കൊച്ചി- കേരളത്തിലെ പോലീസ് നിലാവത്ത് അഴിച്ചുവിട്ട കോഴികളെപ്പോലെയാണെന്ന് പോലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റ മൂവാറ്റുപുഴ എം.എൽ.എ എൽദോ എബ്രാഹം. വൈപ്പിൻ ഗവ. കോളേജിലെ എസ്.എഫ്.ഐ - എ.ഐ.എസ്.എഫ് സംഘർഷത്തിൽ പോലീസ് പക്ഷാപാതപരമായ നിലപാട് സ്വീകരിച്ചു വെന്നും ഞാറയ്ക്കൽ സി.ഐക്കെതിരെ നടപടി വേണമെന്നുവാശ്യപ്പെട്ട് സി.പി.ഐയുടെ നേതൃത്വത്തിൽ എറണാകുളം റേഞ്ച് ഡി.ഐ.ജി ഓഫിസിലേക്കു നടത്തിയ മാർച്ചിനു നേരെയാണ് പോലീസ് ലാത്തി വീശുകയും എൽദോ എബ്രാഹമിന് പുറത്ത് അടിയേൽക്കുകയും ചെയ്തത്. പോലീസിനെ നിയന്ത്രിക്കാൻ സംവിധാനമില്ലെന്ന അവസ്ഥപോലെയാണ് ഇവരുടെ പെരുമാറ്റമെന്നും എൽദോ എബ്രാഹം പറഞ്ഞു. തങ്ങളുടെ സമരത്തിനു നേരെ മാത്രമല്ല, മറ്റെല്ലാ സമരത്തിനു നേരെയുള്ള സമീപനവും ഇതാണ്. കേരളത്തിലെ ആഭ്യന്തര വകുപ്പിൽ വലിയ കുഴപ്പങ്ങൾ സംഭവിക്കുകയാണെന്നും അതിന്റെ ഒട്ടനവധി ഉദാഹരണങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. തെറ്റു തിരുത്തുന്ന ശക്തിയാണ് സി.പി.ഐ. എൽ.ഡി.എഫ് സർക്കാരിന്റെ ഭാഗത്ത് നിന്നും തെറ്റായ നടപടികൾ ഉണ്ടായാൽ അത് തിരുത്തുന്ന ശക്തിയായി സി.പി.ഐ മാറും. സർക്കാരിന്റെ പ്രതിച്ഛായയെ നശിപ്പിക്കാനുള്ള പോലീസിന്റെ അന്യായമായ നടപടികളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. താൻ ഒരുപാട് സമരങ്ങളിൽ പങ്കെടുക്കുകയും മർദനമേൽക്കുകയും ചെയ്തിട്ടുണ്ട്. മർദനങ്ങളെ ഭയപ്പെടില്ല. പക്ഷേ സമരത്തെ കൈകാര്യം ചെയ്യുന്ന രീതി അംഗീകരിക്കാൻ കഴിയില്ലെന്നും എൽദോ എബ്രാഹം പറഞ്ഞു. പോലീസിന്റെ ലാത്തിച്ചാർജിൽ പരിക്കേറ്റ എൽദോ എബ്രഹാമിനെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.