കണ്ണൂര്‍- പ്രവാസി ഗൃഹനാഥനെ ദുരൂഹ സാഹചര്യത്തില്‍ വീടിനു സമീപത്തെ വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബക്കളം നെല്ലിയോട്ട് ക്ഷേത്രത്തിനു സമീപത്തെ വേലിക്കാത്ത് പ്രേമരാജനാണ് (60) മരിച്ചത്. സംഭവത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനാല്‍ പോസ്റ്റുമോര്‍ട്ടത്തിനായി ഗവ. മെഡിക്കല്‍ കോളേജിലേക്കു മാറ്റി.
ദുബായില്‍ ജോലി ചെയ്തിരുന്ന പ്രേമരാജന്‍, ഒരാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. നേരത്തെ കല്യാശ്ശേരി സി.ആര്‍.സിക്കു സമീപമാണ് താമസിച്ചിരുന്നത്. പിന്നീട് നെല്ലിയോട്ട് വീടുവെച്ചു താമസമാരംഭിക്കുകയായിരുന്നു. പ്രേമരാജനും ഭാര്യയും മാത്രമാണ് വീട്ടിലുള്ളത്. വയലിലെ വെള്ളത്തില്‍ പകുതി മുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടത്. പ്രേമരാജന്റെ കൈയ്യിലുണ്ടായിരുന്ന ടോര്‍ച്ച് അല്‍പ്പം അകലെ വീണു കിടക്കുന്ന നിലയിലായിരുന്നു. മുഖത്ത് കല്ലു കൊണ്ട് അടിച്ച നിലയിലുള്ള പരിക്കുകള്‍ കാണപ്പെട്ടു. മൊബൈലും മറ്റും വീട്ടിലെ മുറിയിലാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ രാത്രി ഉറങ്ങാന്‍ കിടന്ന പ്രേമരാജനെ കാണാതായതിനെത്തുടര്‍ന്ന് ഭാര്യ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടത്. ഇവര്‍ വിവരം അറിയിച്ചതനുസരിച്ചാണ് അയല്‍വാസികള്‍ എത്തിയത്. പിന്നീട് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. രാത്രി ഇദ്ദേഹം വീടിനു പുറത്തേക്കു പോയതെന്തിനെന്ന കാര്യം വ്യക്തമല്ല. വയലിലേക്കു കാല്‍ തെന്നി വീണതാകാമെന്നും സംശയിക്കുന്നു.
പരേതനായ കുഞ്ഞമ്പുവിന്റെയും പാറുവിന്റെയും മകനാണ്. ലളിതയാണ് ഭാര്യ. ഷംന, മിമിത്ത് (ദുബായ്) എന്നിവര്‍ മക്കളും സന്തോഷ് മരുമകനുമാണ്. നളിനി, ശാന്ത, യശോദ എന്നിവര്‍ സഹോദരങ്ങളാണ്. തളിപ്പറമ്പ് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചുവെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണകാരണം അറിയാനാവൂ എന്നും പോലീസ് പറഞ്ഞു.