റിയാദ് - അടുത്തിടെ ജവാസാത്ത് ഡയറക്ടറേറ്റ് നിയമനം നൽകിയ 760 സൗദി യുവതികൾക്ക് രണ്ടാം ഘട്ട പരിശീലനം ആരംഭിച്ചു. ജവാസാത്ത് ഡയറക്ടറേറ്റ് ട്രെയിനിംഗ് സെന്ററിനു കീഴിൽ റിയാദ്, മക്ക, മദീന, കിഴക്കൻ പ്രവിശ്യ എന്നീ നാലു പ്രവിശ്യകളിലാണ് ഇവർ രണ്ടാഴ്ച നീളുന്ന പരിശീലനം നേടുന്നത്.
പുതുതായി നിയമിക്കപ്പെട്ടവരെ പുതിയ ഉത്തരവാദിത്തം വഹിക്കുന്നതിന് പ്രാപ്തരാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് പരിശീലനം നൽകുന്നതെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് ട്രെയിനിംഗ് വിഭാഗം മേധാവി ബ്രിഗേഡിയർ സ്വാലിഹ് അൽമുറബ്ബ അറിയിച്ചു. രേഖാ പരിശോധന, വ്യാജ രേഖകൾ കണ്ടെത്തൽ, സൈനിക, സുരക്ഷാ നിയമങ്ങളിൽ അവബോധമുണ്ടാക്കൽ, ജവാസാത്ത് നടപടിക്രമങ്ങളെ കുറിച്ച് പരിചയപ്പെടുത്തൽ, പൊതുസമൂഹവുമായി ഇടപഴകുന്നതിൽ നൈപുണ്യം വർധിപ്പിക്കൽ എന്നീ കാര്യങ്ങളിലാണ് വനിതാ ഉദ്യോഗസ്ഥർക്ക് ഊർജിത പരിശീലനം നൽകുന്നത്. ഈ പരിശീലനം പൂർത്തിയാക്കിയ ശേഷം ജവാസാത്തിന്റെ ഓൺലൈൻ സംവിധാനങ്ങളിൽ ഇവർക്ക് പരിശീലനം നൽകും.
ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ നാഷണൽ ഇൻഫർമേഷൻ സെന്ററുമായി സഹകരിച്ചാണ് ജവാസാത്തിന്റെ ഓൺലൈൻ സംവിധാനങ്ങളിൽ വനിതാ ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുകയെന്നും ബ്രിഗേഡിയർ സ്വാലിഹ് അൽമുറബ്ബ പറഞ്ഞു.