കണ്ണൂർ - കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മൂന്നാം ഘട്ട വികസന പ്രവർത്തനങ്ങൾക്കു പണം കണ്ടെത്തുന്നതിന് ഒരു കോടി ഓഹരികൾ വിറ്റഴിക്കാൻ കിയാൽ ഒരുങ്ങുന്നു. കമ്പനികൾ, സ്വകാര്യ സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവർക്ക് ഓഹരികൾ നൽകും. 150 രൂപ മുഖവിലയുള്ളതാണ് ഓഹരികൾ. ചുരുങ്ങിയത് 500 ഓഹരികൾ വാങ്ങണം. ഇതിനായി കിയാൽ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി. നിലവിൽ കിയാലിൽ 8000 ഓഹരി ഉടമകളാണ് ഉള്ളത്.
എയർസൈഡ് വിപുലീകരണം, എയർ കാർഗോ കോംപ്ലക്‌സ് നിർമാണം തുടങ്ങിയവയ്ക്കു പണം കണ്ടെത്തുകയാണ് ഓഹരി വിൽപനയുടെ ലക്ഷ്യം. യാത്രക്കാരുടെയും വിമാന സർവീസുകളുടെയും എണ്ണം വർധിച്ചു വരുന്ന സാഹചര്യത്തിൽ വിമാനങ്ങൾക്കു പാർക്കിംഗ് സൗകര്യം ഒരുക്കുന്നതിനു എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ അനുമതി നൽകിയിട്ടുണ്ട്.
അടുത്ത വർഷം ഡിസംബറിനകം 20 പാർക്കിംഗ് ഏരിയകൾ കൂടി ഒരുക്കാനാണ് പദ്ധതി. നിലവിൽ 20 വിമാനങ്ങൾക്കുള്ള പാർക്കിംഗ് സൗകര്യം ഇവിടെയുണ്ട്. വിദേശങ്ങളിൽ നിന്നടക്കം കൂടുതൽ വിമാന സർവീസുകൾ ആരംഭിച്ചാൽ മാത്രമേ, കണ്ണൂർ വിമാനത്താവളത്തിന്റെ നഷ്ടം നികത്താനാവൂ. ഓഹരി വിൽപനയിലൂടെ ലഭിക്കുന്ന പണം, വിമാനത്താവളത്തിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്കുപയോഗിക്കാനാവില്ല. അതിനു മറ്റു വഴികൾ തേടേണ്ടതുണ്ട്.
അതിനിടെ കണ്ണൂർ വിമാനത്താവളം ലാഭകരമാക്കുന്നതിനുള്ള സംരംഭങ്ങൾ ആകർഷിക്കുന്നതിനുള്ള കൺസൾട്ടൻസി കരാർ, നെതർലാൻഡ് കെ.പി.എം.ജിക്കു നൽകി. കേരളത്തിലെ പ്രളയാനന്തര പുനർ നിർമാണ പദ്ധതികളുടെ കൺസൾട്ടൻസി കരാറും ഈ ബഹുരാഷ്ട്ര കമ്പനിക്കാണ്. ഈ കമ്പനിയുടെ നിർദേശമനുസരിച്ചാവും വിമാനത്താവള പ്രദേശത്തെ വ്യവസായ, വാണിജ്യ സംരംഭങ്ങളും ടൂറിസം പദ്ധതികളും തുടങ്ങുക. ഇന്ത്യയിലെയും വിദേശങ്ങളിലെയും പ്രമുഖ കമ്പനികളെ വിമാനത്താവളത്തിന്റെ അനുബന്ധ സംരംഭങ്ങളിൽ മുതൽമുടക്കുന്നതിനായി ആകർഷിക്കുകയാണ് ഈ കൺസൾട്ടൻസിയുടെ പ്രധാന ദൗത്യം. വിമാനത്താവളത്തിൽ അനുബന്ധമായി നിർമിക്കുന്ന എയർപോർട്ട് വില്ലേജ്, പഞ്ച - സപ്ത നക്ഷത്ര ഹോട്ടൽ സമുച്ചയങ്ങൾ, വിമാനത്താവളത്തിനകത്തെ വാണിജ്യ സംരംഭങ്ങൾ എന്നിവയുടെ കാര്യത്തിലും ഈ കൺസൾട്ടൻസിയുടെ ഉപദേശങ്ങളും നിർദേശങ്ങളും ഉണ്ടാകും. അതിനിടെ, കാർഗോ കോംപ്ലക്‌സിന്റെ നിർമാണം അവസാന ഘട്ടത്തിലെത്തി. ഓഗസ്ത് മാസത്തോടെ ഇവിടെ നിന്നുള്ള ചരക്കു നീക്കം സാധ്യമാവുമെന്നാണ് കരുതുന്നത്. വിപുലമായ സൗകര്യങ്ങളുള്ളതാണ് കാർഗോ കോംപ്ലക്‌സ്. എന്നാൽ കൂടുതൽ വിദേശ വിമാനങ്ങൾ എത്തിയാൽ മാത്രമേ ഇതിന്റെ സാധ്യതകൾ പൂർണമായി വിനിയോഗിക്കാനാവൂ എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
കണ്ണൂർ വിമാനത്താവളത്തിന്റെ റൺവേ 4000 മീറ്ററായി ഉയർത്തുന്നതിന് സ്ഥലമേറ്റെടുക്കൽ അടക്കമുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. നിലവിൽ 3500 മീറ്ററാണ് റൺവേയുടെ നീളം. വികസിപ്പിക്കുന്നതിന് 230 ഏക്കർ ഭൂമിയാണ് ആവശ്യം. കീഴല്ലൂർ വില്ലേജിലെ കാനാട്, കീഴല്ലൂർ പ്രദേശത്തെ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. ഇതുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പ് സാമൂഹിക ആഘാത പഠനം പൂർത്തിയാക്കി സർക്കാരിനു റിപ്പോർട്ടു സമർപ്പിച്ചു കഴിഞ്ഞു. അനുമതി ലഭിച്ചാൽ ഏതാനും മാസങ്ങൾക്കകം സ്ഥലമേറ്റെടുക്കൽ നടപടി പൂർത്തിയാക്കാനാവും. റൺവേ 4000 മീറ്ററാകുന്നതോടെ ഏറ്റവും വലിയ റൺവേയുള്ള രാജ്യത്തെ നാലാമത് വിമാനത്താവളമായി കണ്ണൂർ വിമാനത്താവളം മാറും. ദില്ലി, ബംഗളൂരു, ഹൈദരാബാദ് വിമാനത്താവളത്തിനൊപ്പമാവും കണ്ണൂരിന്റെ സ്ഥാനവും.