Sorry, you need to enable JavaScript to visit this website.

പ്രസവം നിര്‍ത്താന്‍ ശസ്ത്രക്രിയയ്ക്ക്  വിധേയയായ പ്രവാസി നഴ്‌സ്  മരിച്ചു 

ആലുവ-ഗള്‍ഫില്‍ നിന്ന് അവധിയ്ക്ക് നാട്ടിലെത്തി, സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കായി ഓപ്പറേഷന്‍ തിയേറ്ററില്‍ പ്രവേശിപ്പിച്ച  യുവതി കുത്തിവയ്പ്പിനു പിന്നാലെ മരിച്ചു. പ്രസവം നിര്‍ത്തല്‍ ശസ്ത്രക്രിയയ്ക്കായെത്തിയ കടുങ്ങല്ലൂര്‍ 'നിവേദ്യ'ത്തില്‍ അനൂപ് വി. നായരുടെ ഭാര്യ സന്ധ്യ മേനോനാണ് (37) മരിച്ചത്. ആലുവയിലെ മെഡി ഹെവന്‍ ആശുപത്രിയിലാണ് യുവതി ചികിത്സയ്‌ക്കെത്തിയത്. അബുദാബിയില്‍ എന്‍ജിനീയറായി ജോലി ചെയ്യുന്ന ഭര്‍ത്താവിനൊപ്പമായിരുന്നു സന്ധ്യയും രണ്ട് മക്കളും താമസിച്ചിരുന്നത്. ഒരു മാസത്തെ അവധിക്ക് നാട്ടിലെത്തിയതായിരുന്നു കുടുംബം. ഇതിനിടെയാണ് പ്രസവം നിര്‍ത്താനുള്ള ശസ്ത്രക്രിയ ചെയ്യാന്‍ തീരുമാനിച്ചത്. ശസ്ത്രക്രിയയ്ക്ക് മുമ്പെടുത്ത കുത്തിവെപ്പിനെ തുടര്‍ന്നാണ് യുവതി മരിച്ചത്. ചികിത്സാ പിഴവാണ് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. തിങ്കളാഴ്ച രാവിലെ 8.30നാണ് ഓപ്പറേഷന്‍ തിയറ്ററില്‍ കയറ്റിയത്. ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും മകളെ കുറിച്ച് വിവരമറിയാത്തതിനെ തുടര്‍ന്ന് കൂടെയുണ്ടായിരുന്ന അമ്മ തിേയറ്ററില്‍ കയറിയപ്പോഴാണ് ഗുരുതരാവസ്ഥ പുറത്തറിഞ്ഞത്. ഇതോടെ യുവതിയെ ആശുപത്രി അധികൃതര്‍ തന്നെ ആംബുലന്‍സ് വരുത്തി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. അവിടെ എത്തുന്നതിനു മുന്‍പ് യുവതി മരണപ്പെട്ടിരുന്നു. ഓപ്പറേഷന്‍ തിയറ്ററിലേക്ക് കൊണ്ടുപോകുന്നതിനു മുന്‍പ് വാങ്ങി നല്‍കിയ മരുന്ന് മാറിയിട്ടുണ്ടെന്ന് നഴ്‌സ് കൂടിയായ സന്ധ്യ സംശയം പ്രകടിപ്പിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. യുവതിക്ക് അനസ്‌തേഷ്യയുടെ ടെസ്റ്റ് ഡോസ് നല്‍കിയ ശേഷം ആരോഗ്യസ്ഥിതി വഷളാകുകയായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. കോട്ടുവള്ളി വെളിയത്ത് ഹരിയുടെയും ജലജയുടെയും മകളാണ്. മക്കള്‍: ആദിത്യ (ആറാം ക്ലാസ്), അദൈ്വത് (രണ്ടാം ക്ലാസ്). 

Latest News