മദീന- പുണ്യ നഗരികളെ തമ്മിൽ ബന്ധിപ്പിച്ചോടുന്ന ഹറമൈൻ അതിവേഗ ട്രെയിൻ സർവ്വീസ് മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ പൊതു ഗതാഗത പദ്ധതിയാണെന്ന് സഊദി പബ്ലിക് ട്രാൻസ്‌പോർട്ട് അതോറിറ്റി ഡയറക്‌ടർ റുമൈഹ് അൽ റുമൈഹ് വെളിപ്പെടുത്തി. വിശുദ്ധ നഗരികളായ മക്ക-മദീന കൂടാതെ, റാബിഗ് കിങ് അബ്ദുല്ല സിറ്റി എന്നിവയെ ബന്ധിപ്പിച്ചോടുന്ന ട്രെയിൻ സർവ്വീസ് 120 മിനുട്ട് കൊണ്ടാണ് 450 കിലോമീറ്റർ ദൂരം ഓടിയെത്തുന്നത്. മണിക്കൂറിൽ 300 കിലോമീറ്ററാണ് ട്രെയിനിന്റെ വേഗത. 417 സീറ്റുകൾ വീതമുള്ള 35 ട്രെയിനുകളാണ് നിലവിൽ ഹറമൈൻ ട്രെയിൻ സർവ്വീസിൽ ഉൾപ്പെട്ടിട്ടുള്ളത്. അഞ്ചു പ്രധാന സ്‌റ്റേഷനുകൾ ഉൾകൊള്ളുന്ന റെയിൽ പദ്ധതിയിൽ പ്രധാന സ്റ്റേഷനുകൾ മക്കയിലെയും മദീനയിലെയും സ്റേഷനുകളാണ്. മക്കയിൽ 503,000 സ്‌ക്വയർ മീറ്ററിൽ നിർമ്മിച്ച സ്‌റ്റേഷനിൽ മണിക്കൂറിൽ 19,500 യാത്രക്കാരെ ഉൾക്കൊള്ളാനാകും. വിശുദ്ധ ഹറമിൽ നിന്നും വെറും നാലു കിലോമീറ്റർ ദൂരം മാത്രമാണ് റെയിൽ സ്‌റ്റേഷനിലേക്കുള്ളതെന്നത് തീർത്ഥാടകർക്ക് ഏറെ സൗകര്യമാണ്. മദീന റെയിൽവേ സ്റ്റേഷനിലെ മസ്‌ജിദിൽ 1000 തീർത്ഥാടകർക്ക് നിസ്‌കരിക്കുവാനുള്ള സൗകര്യങ്ങളും 1000 കാറുകൾക്ക് പാർക്കിങ് കേന്ദ്രങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട് . ഓരോ റയിൽവേ സ്റ്റേഷനിലും ആഗമന, പുറപ്പെടൽ ലോഞ്ചുകൾ, വിശാലമായ കാത്തിരിപ്പ് കേന്ദ്രങ്ങൾ, ഷോപ്പിംഗ് മാളുകൾ, റെസ്റ്റോറന്റുകൾ , പള്ളികൾ, മറ്റു സൗകര്യങ്ങൾ എന്നിവ ഉൾകൊള്ളുന്നുണ്ട്. അത്യാഹിത ഘട്ടങ്ങളിൽ സിവിൽ ഡിഫൻസ് ഹെലികോപ്റ്ററുകൾ ഇറങ്ങാനുള്ള ഹെലിപ്പാടുകളും ഓരോ സ്‌റ്റേഷനിലും സജ്ജമാണ്.
മക്ക-മദീന നഗരികൾക്കിടയിലെ ട്രെയിൻ ടിക്കറ്റിനു 150 റിയാലാണ് ടിക്കറ്റ് വില. ബിസിനസ്സ് ക്ലാസിനു 250 റിയാലുമാണ് ഈടാക്കുന്നത്. മക്ക-ജിദ്ദ പട്ടണങ്ങൾക്കിടയിൽ 40 റിയാലിൽ തുടങ്ങുന്ന ടിക്കറ്റ് ബിസിനസ്സ് ക്ലാസിനു 50 റിയാലാണ് ചിലവ്. മക്ക-മദീന പുണ്യ നഗരികൾക്കിടയിൽ മണിക്കൂറിൽ 3800 യാത്രക്കാരെയും ജിദ്ദ-മക്ക നഗരങ്ങൾക്കിടയിൽ മണിക്കൂറിൽ 19600 യാത്രക്കാരെയും കൊണ്ട് ഹറമൈൻ ട്രെയിൻ കുതിച്ചു പായുന്നുണ്ട്. പ്രതിവര്‍ഷം ആറു കോടി പേര്‍ക്ക് യാത്രാ സൗകര്യം നല്‍കുന്നതിനുള്ള ശേഷിയിലാണ് പദ്ധതി രൂപകല്‍പന ചെയ്ത് നിര്‍മിച്ചിരിക്കുന്നത്.