കോഴിക്കോട്- കനത്ത മഴ തുടരുന്ന കേരളത്തിൽ വിവിധ ജില്ലകളിലായി മൂന്നു പേർ കൂടി മരിച്ചു. ഒരാളെ കാണാതാവുകയും ചെയ്തിട്ടുണ്ട്. കോഴിക്കോട് ബാലുശ്ശേരിക്കു സമീപം കാക്കൂരിൽ വയലിലെ വെള്ളക്കെട്ടിൽ വീണ് രാമല്ലൂർ പുതുകുളങ്ങര കൃഷ്ണൻകുട്ടി (65) മരിച്ചു. ഞായറാഴ്ച രാത്രി വീട്ടിലേക്കു മടങ്ങവേ കാൽ വഴുതി വീഴുകയായിരുന്നു. മലപ്പുറത്ത് താനാളൂർ വെള്ളിയത്ത് മുസ്തഫയുടെ മകൻ ലബീബ് (20) പുഴയിൽ ഒഴുക്കിൽപെട്ടു മരിച്ചു. കണ്ണൂർ പയ്യന്നൂർ കുഞ്ഞിമംഗലം കിഴക്കാരിയിൽ ചന്ദേക്കാരൻ രവിയുടെ മകൻ റിദുൽ (22) കുളത്തിൽ വീണു മരിച്ചു. ഇരിട്ടിയിൽ ജീപ്പ് പുഴയിലേക്കു മറിഞ്ഞു കാണാതായ കോളിത്തട്ട് കാരിത്തടത്തിൽ ലിതീഷിനായി നാവികസേനയുടെ സഹായത്തോടെ തിരച്ചിൽ തുടരുകയാണ്. ജീപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇരിട്ടി മണിക്കടവ് മാട്ടറ ചപ്പാത്ത് പാലം കടക്കുമ്പോഴാണ് ജീപ്പ് ഒഴുക്കിൽപെട്ടത്.
അതേസമയം, കാലവർഷം ശക്തമായി തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ, കാസർകോട്, മലപ്പുറം ജില്ലകളിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (സിബിഎസ്ഇ, ഐസിഎസ്‌ഇ സിലബസ് ഉൾപ്പെടെ) ഇന്ന് അവധിയായിരിക്കുമെന്ന് കലക്ടർമാർ അറിയിച്ചു.