ന്യൂദൽഹി- ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലിലെ ജീവനക്കാരുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. ബ്രിട്ടീഷ് എണ്ണക്കപ്പല്‍ 'സ്റ്റെന ഇംപറോയിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്ത് വിട്ടത്. റോയിട്ടേഴ്സ് പുറത്തുവിട്ട ദൃശ്യങ്ങളില്‍ മലയാളികൾ ഉള്‍പ്പെടെയുള്ള കപ്പലിലെ ജീവനക്കാരുമുണ്ട്. മലയാളികള്‍ അടക്കമുളള കപ്പലിലെ ജീവനക്കാര്‍ ഭക്ഷണം പാചകം ചെയ്യുന്നതും സംവദിക്കുന്നതുമാണ് ദൃശ്യങ്ങള്‍. കൊച്ചി സ്വദേശി ഡിജോ പാപ്പച്ചന്‍ അടക്കമുള്ളവരെ ദൃശ്യങ്ങളില്‍ കാണാം. കപ്പലിലുള്ള 23 ജീവനക്കാരെയും കാണാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇറാന് കപ്പല്‍ കമ്പനി അധികൃതര്‍ കത്ത് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇറാൻ ദൃശ്യങ്ങൾ പുറത്ത് വിട്ടത്. നാല് ദിവസം മുൻപാണ് ബ്രിട്ടന്‍റെ എണ്ണ കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തത്.
കപ്പല്‍ കസ്റ്റഡിയിലെടുക്കുക മാത്രമാണ് ചെയ്തതെന്നും ജീവനക്കാരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും ഇറാന്‍ അറിയിച്ചതയാണ് വിവരം. കപ്പലിലേക്ക് ഇറാന്‍ ഉദ്യോഗസ്ഥര്‍ കടന്നിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്. കപ്പല്‍ പിടിച്ചെടുത്തെന്ന് ഇറാന്‍ ഇന്ത്യയെ ഔദ്യോഗികമായി തന്നെ അറിയിച്ചതായി കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞിരുന്നു. ജീവനക്കാരെ മോചിപ്പിക്കാനുള്ള നടപടികളും കേന്ദ്രം ആരംഭിച്ചിട്ടുണ്ട്. കപ്പലിലുള്ള 23 ജീവനക്കാരില്‍ 18 ഇന്ത്യക്കാരാണുള്ളത്. മൂന്നു മലയാളികള്‍ കപ്പലിലുണ്ടെന്നാണ് കരുതുന്നത്. അതേസമയം, ഹോർമുസ് കടലിടുക്കില്‍ ബ്രിട്ടീഷ് എണ്ണ ടാങ്കര്‍ പിടിച്ച ഇറാന്റെ നടപടി ഗുരതര പ്രത്യാഘാതങ്ങള്‍ക്കിടയാക്കുമെന്ന് യു.കെ വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ട് മുന്നറിയിപ്പ് നല്‍കി. ബ്രട്ടീഷ് കപ്പലുകളെ മാത്രമല്ല, അന്താരാഷ്ട്ര കപ്പല്‍ ഗതാഗതത്തെ തന്നെ ബാധിക്കുന്നതാണ് ഹുര്‍മുസ് കടലിടുക്കില്‍ ഇറാന്‍ വിപ്ലവ ഗാര്‍ഡ് കൈക്കൊണ്ട നടപടിയെന്ന് അദ്ദേഹം പറഞ്ഞു.