കൊച്ചി- നെടുങ്കണ്ടത്ത് രാജ്കുമാര്‍ പോലീസ് കസ്റ്റഡിയില്‍ മര്‍ദനത്തിനിരയായി മരിച്ച കേസില്‍ പോലിസിനെ വിമര്‍ശിച്ച് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് രാജ്കുമാറിന്റെ ബന്ധുക്കള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. രാജ്കുമാറിന്റെ കസ്റ്റഡി മരണം പൈശാചികമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സംഭവം ഉണ്ടാവാന്‍ പാടില്ലത്തതാണന്നും ഇതു സംബന്ധിച്ച് ഗൗരവമായ അന്വേഷണം പുരോഗമിക്കുകയാണെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു.
രാജ്കുമാര്‍ വന്‍തോതില്‍ പണം തട്ടിയെടുത്തിട്ടുണ്ടെങ്കില്‍ ഇത് കണ്ടെത്താന്‍ സി.ബി.ഐ അന്വേഷണം അനിവാര്യമാണെന്ന് രാജ്കുമാറിന്റെ ബന്ധുക്കള്‍ ഹരജിയില്‍ ആവശ്യപ്പട്ടു. രാജ്കുമാര്‍ വന്‍തുകയുടെ തട്ടിപ്പു നടത്തിയെന്നാണ് ആരോപണം. എന്നാല്‍ പ്രാഥമിക വിവര റിപ്പോര്‍ട്ടില്‍ നിസാര തുകയുടെ തട്ടിപ്പാണ് പരാമര്‍ശിച്ചിട്ടുള്ളത്. കേസില്‍ എതിര്‍ കക്ഷികള്‍ പോലിസാണ്. ഇവര്‍ക്കെതിരെയുള്ള ആരോപണം തെളിയിക്കുന്നതിന് അന്വേഷണ സംഘം മാറണം. കസ്റ്റഡി മരണത്തില്‍ ഉത്തരവാദികളായവരില്‍ നിന്നും ഒരു കോടി രൂപ വീതം നഷ്ടപരിഹാരം ഈടാക്കി നല്‍കണമെന്നും രാജ്കുമാറിന്റെ ഭാര്യ വിജയയും മക്കളും നല്‍കിയ ഹരജിയില്‍ പറയുന്നു. രാജ്കുമാറിന്റെ മരണത്തില്‍ ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥരുടെ പങ്ക്, ചികിത്സിച്ച ഡോക്ടറുടെ പങ്ക്, ജയില്‍ അധികൃതരെ കുറിച്ച് അന്വേഷിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ഹരജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പോലിസ് കസ്റ്റഡിയിലെടുത്ത പാസ്ബുക്ക് അടക്കമുള്ള മുഴുവന്‍ രേഖകളും ഹരജിക്കാര്‍ക്ക് വിട്ടുനല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. രാജ് കുമാറിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, കേസിലെ പ്രഥമ വിവര റിപ്പോര്‍ട്ട് എന്നിവയും രാജ്കുമാറിന്റെ ഭാര്യക്കു നല്‍കണമെന്നും കോടതി അന്വേഷണ സംഘത്തിനു നിര്‍ദേശം നല്‍കി. ഹരജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.