കല്‍പറ്റ- 2018 ജൂലൈ ആറിന് രാത്രി വെള്ളമുണ്ട കണ്ടത്തുവയല്‍ പൂരിഞ്ഞി വാഴയില്‍ ഉമ്മര്‍ (23), ഭാര്യ ഫാത്തിമ (19) എന്നിവര്‍ വെട്ടേറ്റു മരിച്ച കേസില്‍ വിചാരണ അടുത്ത മാസം 21 നു ജില്ലാ സെഷന്‍സ് കോടതിയില്‍ തുടങ്ങാനിരിക്കെ അഭിഭാഷകനെ മാറ്റണമെന്നു പ്രതി തൊട്ടില്‍പ്പാലം കലങ്ങോട്ടുമേല്‍ വിശ്വനാഥന്‍. വിചാരണക്കു മുന്നോടിയായി കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചപ്പോഴാണ് സര്‍ക്കാര്‍ അഭിഭാഷകനെ മാറ്റി കൊച്ചിയിലെ ബി.എ.ആളൂരിനെ വക്കീലായി നിയോഗിക്കണമെന്ന് പ്രതി കോടതിയില്‍ അഭ്യര്‍ഥിച്ചത്.
നിരപരാധിയായ തന്നെ പോലീസ് കേസില്‍ കുടുക്കുകയായിരുന്നുവെന്നും ഇക്കാര്യം ബോധ്യപ്പടുത്തുന്നതിനു പ്രാപ്തനായ അഭിഭാഷകന്റെ സേവനം ആവശ്യമാണെന്നും വിശ്വനാഥന്‍ കോടതിയില്‍ പറഞ്ഞു. മാപ്പുസാക്ഷിയാക്കാമെന്ന ഉറപ്പിലാണ് പോലീസ് തന്നെ അറസ്റ്റുചെയ്തതെന്നും ഇയാള്‍ അവകാശപ്പട്ടു.
കേസ് വാദിക്കണമെന്ന് ആവശ്യപ്പെട്ട് വിശ്വനാഥന്‍ അഡ്വ. ആളൂരിനു കത്തയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതിയുടെ അഭിഭാഷകനാകുന്നതിന് അഡ്വ. ആളൂര്‍ സഹപ്രവര്‍ത്തകനും വയനാട് സ്വദേശിയുമായ അഡ്വ. ഷെഫിന്‍ അഹമ്മദ് മുഖേന കോടതിയില്‍ അപേക്ഷ നല്‍കി. കോടതി അനുവദിച്ചാല്‍ കേസ് വിചാരണക്കു വരുമ്പോള്‍ പ്രതിക്കുവേണ്ടി അഡ്വ. ആളൂര്‍ ഹാജരാകും. നിലവില്‍ ഷൈജു മാണിശേരിയാണ് പ്രതിഭാഗം വക്കീല്‍.
ഇരട്ടക്കൊല നടന്ന് രണ്ടു മാസത്തിനുശേഷം, സെപ്റ്റംബര്‍ 18 നാണ് പ്രതിയെ അറസ്റ്റു ചെയ്തത്. പത്തു മാസമായി ഇയാള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡിലാണ്. കേസിലെ അന്വേഷണ മികവിന് വയനാട് ജില്ലാ പോസീസ് മേധാവി ആര്‍.കറുപ്പസ്വാമി, ഡിവൈ.എസ്.പി കെ.എം.ദേവസ്യ, എസ്.ഐമാരായ എന്‍.ജെ.മാത്യു, അബൂബക്കര്‍, സി.പി.ഒ നൗഷാദ് എന്നിവര്‍ക്ക് സംസ്ഥാന പോലീസ് ചീഫിന്റെ ബാഡ്ജ് ഓഫ് ഓണര്‍ ലഭിച്ചിരുന്നു.
ഉമ്മറിനെയും ഭാര്യയെയും കിടപ്പുമുറിയിലാണ് തലയ്ക്കും കഴുത്തിനും വെട്ടേറ്റു മരിച്ചനിലയില്‍ കണ്ടെത്തിയത്. ഫാത്തിമയുടെ മൊബൈല്‍ ഫോണും ആഭരണങ്ങളും കാണാതായിരുന്നു. ദമ്പതികളെ മൂര്‍ച്ചയേറിയ ആയുധംകൊണ്ട് വെട്ടിക്കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.