Sorry, you need to enable JavaScript to visit this website.

വടക്കൻ ജില്ലകളിൽ കനത്ത മഴ 

തിരുവനന്തപുരം- സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ കനത്ത മഴ തുടരുന്നു. തെക്കൻ ജില്ലകളിൽ ഇന്നലെ താരമ്യേന കുറച്ച് മഴയാണ് ലഭിച്ചതെങ്കിലും തിരുവനന്തപുരമുൾപ്പെടെയുള്ള ജില്ലകളിൽ തീരദേശത്തെ കടലാക്രമണത്തിന് ശമനമുണ്ടായിട്ടില്ല. ജാഗ്രതാ നിർദേശവും തുടരുകയാണ്. കേരള തീരത്തേക്ക് പടിഞ്ഞാറ് ദിശയിൽ നിന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കടൽ പ്രക്ഷുബ്ധമോ അതിപ്രക്ഷുബ്ദബ്ധമോ ആവാനുള്ള സാധ്യതയുണ്ട്. ആയതിനാൽ മൽസ്യത്തൊഴിലാളികൾ കടലിൽ പോകാൻ പാടില്ല.
കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അതിതീവ്ര മഴക്കുള്ള സാഹചര്യം മുൻനിർത്തി കേന്ദ്ര കാലാവസ്ഥ നീരീക്ഷണ കേന്ദ്രം ഇന്ന് റെഡ് അലെർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് 26 ക്യാമ്പുകളാണ് തുറന്നിട്ടുള്ളത്. ക്യാമ്പുകളിൽ 379 കുടുംബങ്ങളിലെ 1519 പേരാണുള്ളത്. കോട്ടയം ജില്ലയിലാണ് കൂടുതൽ ക്യാമ്പുകൾ. ഒമ്പതെണ്ണമാണ് ഇവിടെയുള്ളത്. തിരുവനന്തപുരത്താണ് ഏറ്റവുമധികം പേർ ക്യാമ്പുകളിൽ കഴിയുന്നത്. നാലു ക്യാമ്പുകളിൽ 170 കുടുംബങ്ങളിലെ 680 പേർ കഴിയുന്നു. പത്തനംതിട്ടയിൽ രണ്ടു ക്യാമ്പുകളിലായി 201 പേരും ആലപ്പുഴയിൽ മൂന്ന് ക്യാമ്പുകളിലായി 288 പേരും കോട്ടയത്ത് 208 പേരും കഴിയുന്നുണ്ട്.
കഴിഞ്ഞ ദിവസം ശക്തമായ മഴ പെയ്ത കോട്ടയം ജില്ലയിൽ ഇന്നലെ മഴക്ക് നേരിയ ശമനമുണ്ടായി. അതേസമയം മീനച്ചിലാർ ഉൾപ്പെടെയുള്ള ജലാശയങ്ങളിലെ ജലനിരപ്പ് ഉയർന്നു തന്നെയാണ്. കോട്ടയത്ത് ഒമ്പത് ദുരിതാശ്വാസ ക്യാമ്പുകളിലായി 147 അന്തേവാസകളെയാണ് പാർപ്പിച്ചിരിക്കുന്നത്. 
കാസർകോട് വെള്ളരിക്കുണ്ട് കനപ്പള്ളിയിൽ വീട് തകർന്ന് അഞ്ച് പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ജില്ലയിൽ ഇതുവരെ 120 വീടുകൾ പൂർണമായും മൂന്ന് വീട് ഭാഗികമായും തകർന്നതായാണ് കണക്ക്. 200 ഹെക്ടറിലധികം സ്ഥലത്ത് കൃഷി നശിച്ചിട്ടുണ്ട്. കൊയിലാണ്ടിയിൽ മരംവീണ് കോഴിക്കോട്-കണ്ണൂർ ദേശീയ പാതയിൽ ഗതാഗത തടസ്സമുണ്ടായി. വടകര വലിയപള്ളിയിൽ വെള്ളം കയറിയതിനെ തുടർന്ന് പത്ത് ഇതര സംസ്ഥാന തൊഴിലാളികളെ ക്യാമ്പിലേക്ക് മാറ്റി.
കണ്ണൂർ മണിക്കടവിൽ ജീപ്പ് പുഴയിലേക്ക് മറിഞ്ഞ് കാണാതായ യുവാവിന് വേണ്ടി തിരച്ചിൽ തുടരുകയാണ്. മറിഞ്ഞ ജീപ്പ് കണ്ടെത്തി. കൊല്ലം ശക്തികുളങ്ങരയിൽ തിരയിൽപെട്ട് മറിഞ്ഞ വള്ളത്തിൽനിന്ന് കാണാതായ രണ്ടുപേർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. ഫിഷറീസ് വകുപ്പ്, മറൈൻ എൻഫോഴ്‌സ്‌മെൻറ് വിഭാഗങ്ങളാണ് തിരച്ചിൽ നടത്തുന്നത്. തമിഴ്‌നാട് നീരോടി സ്വദേശികളായ, രാജു, ജോൺ ബോസ്‌കൊ എന്നിവരെയാണ് കണ്ടെത്താനുള്ളത്. ഒരാളുടെ മൃതദേഹം ഞായറാഴ്ച കണ്ടെത്തിയിരുന്നു. 

 

Latest News