തലശ്ശേരി - സി.ഒ.ടി നസീർ വധശ്രമക്കേസിൽ റിമാൻഡിലായ പ്രതിയുടെ ജാമ്യാപേക്ഷ മൂന്നാം തവണയും കോടതി തള്ളി. കൊളശ്ശേരി കളരിമുക്കിലെ കുന്നിനേരി മീത്തൽ വീട്ടിൽ വി.കെ സോജിത്ത് (25) നൽകിയ ജാമ്യ ഹരജിയാണ് തലശ്ശേരി ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയത്. കേസിലെ കൂട്ടുപ്രതി പൊന്ന്യം വെസ്റ്റ് സ്വദേശി ചേരി പുതിയ വീട്ടിൽ കെ. അശ്വന്ത് (19) നൽകിയ ജാമ്യ ഹരജിയിൽ ഇന്ന് വിധി പറയും.
കേസിലെ മുഖ്യ ആസൂത്രകൻ കതിരൂർ പുല്യോട്ടെ സി.പി.എം ബ്രാഞ്ച് സെക്രട്ടറി എൻ.കെ. രാഗേഷിന് കോടതി കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചിരുന്നു. കേസിൽ ആകെ പത്ത് പ്രതികളാണ് അറസ്റ്റിലായത്.
ഇതിൽ റിമാൻഡിൽ കഴിഞ്ഞ രാഗേഷിന് മാത്രമാണ് കോടതി ജാമ്യം അനുവദിച്ചിരുന്നത്. ജാമ്യ ഹരജിയെ പ്രോസിക്യൂഷൻ എതിർത്തെങ്കിലും കോടതി രാഗേഷിന് ജാമ്യം അനുവദിക്കുകയായിരുന്നു. കേസിൽ അറസ്റ്റിലായ പ്രതി പൊട്ടിയൻ സന്തോഷിന്റെ മൊഴി പ്രകാരമായിരുന്നു രാഗേഷിനെ അറസ്റ്റ് ചെയ്തിരുന്നത്. എ.എൻ. ഷംസീർ എം.എൽ.എയുടെ മുൻ ഡ്രൈവർ കൂടിയായ രാഗേഷായിരുന്നു പൊട്ടിയൻ സന്തോഷിന് നസീറിനെ അക്രമിക്കാനുള്ള ക്വട്ടേഷൻ നൽകിയിരുന്നത്. എം.എൽ.എ ഉപയോഗിക്കുന്ന ഇന്നോവ കാറിൽ വെച്ചായിരുന്നു വധശ്രമ ഗൂഢാലോചനയെന്ന് പ്രതികൾ മൊഴി നൽകിയിരുന്നെങ്കിലും ഇതുവരെ കാർ കസ്റ്റഡിയിൽ എടുക്കാനോ എം.എൽഎയെ ചോദ്യം ചെയ്യാനോ പോലീസ് തയാറായിട്ടില്ല. അന്വേഷണത്തിൽ അതൃപ്തനായ സി.ഒ.ടി നസീർ കോടതിയെ സമീപിച്ച് നിയമ പോരാട്ടം തുടരാനുള്ള നീക്കത്തിലാണ്.