തലശ്ശേരി - കോളേജ് കാമ്പസിലെ കൊടിമരം പിഴുത് പോലീസിന് നൽകിയതിന്റെ പേരിൽ ധർമ്മടം ബ്രണ്ണൻ കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് പ്രൊഫ. ഫൽഗുനനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ എട്ട് എ.ബി.വി.പി പ്രവർത്തകർക്കെതിരെ ധർമ്മടം പോലീസ് കേസെടുത്തു.
പ്രിൻസിപ്പലിന്റെ കാബിനിൽ കയറി ഭീഷണിപ്പെടുത്തിയ എ.ബി.വി.പി സംസ്ഥാന സമിതി അംഗം വൈശാഖ് പ്രേമൻ, പ്രജു, നിഷാദ് തുടങ്ങിയവർക്കെതിരെയാണ് കേസെടുത്തത്. കഴിഞ്ഞയാഴ്ച എ.ബി.വി.പി സംഘടിപ്പിച്ച ബലിദാൻ ദിനാചരണത്തിന്റെ ഭാഗമയി സ്ഥാപിച്ച കൊടിമരം പരിപാടി കഴിഞ്ഞിട്ടും നീക്കം ചെയ്യാത്തതിനെ തുടർന്ന് പ്രിൻസിപ്പൽ തന്നെ പിഴുതെടുത്ത് മാറ്റിയിരുന്നു. ഇത് പിന്നീട് പോലീസിന് കൈമാറുകയുമുണ്ടായി.
കൊടിമരം പിഴുതെടുത്ത് കൊണ്ടുപോവുന്ന ദൃശ്യം ചിലർ മൊബൈൽ ക്യാമറയിൽ പകർത്തി നവ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. ഇതോടെയാണ് എ.ബി.വി.പി പ്രവർത്തകർ പ്രിൻസിപ്പലിനെതിരെ പ്രതിഷേധമാരംഭിച്ചത്. അന്ന് രാത്രി ഒമ്പത് മണിയോടെ സംഘപരിവാർ പ്രവർത്തകർ പ്രൊഫ. ഫൽഗുനന്റെ വീട്ടിലേക്ക് പ്രതിഷേധ മാർച്ച് നടത്തുകയും ചെയ്തിരുന്നു. മാർച്ചിനെ അഭിസംബോധന ചെയ്ത ബി.ജെ.പി ദേശീയ നിർവാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് ഉൾപ്പെടെയുള്ള നേതാക്കൾ രൂക്ഷമായ ഭാഷയിൽ പ്രിൻസിപ്പലിന്റെ നടപടിയെ അധിക്ഷേപിച്ചു.
പിറ്റേ ദിവസം എ.ബി.വി.പി പ്രവർത്തകർ കാമ്പസിനുള്ളിൽ വീണ്ടും കൊടിമരം സ്ഥാപിച്ചു. പിന്നീടാണ് കാബിനിൽ എത്തി പ്രിൻസിപ്പലിനെ ഭീഷണിപ്പെടുത്തിയതത്രേ. ഇക്കാര്യത്തിലാണ് പ്രിൻസിപ്പൽ പരാതി നൽകിയത്.
വിദ്യാർത്ഥികൾ ഉപയോഗിച്ച ഭീഷണി വാക്കുകൾ തന്റെ മരണ മൊഴിയായി രേഖപ്പെടുത്തണമെന്ന് പ്രിൻസിപ്പൽ സംഭവ ദിവസം തന്നെ പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. ഭീഷണിയെ തുടർന്ന് പ്രിൻസിപ്പലിന് പോലീസ് സുരക്ഷ ഏർപ്പെടുത്തിയിരിക്കുകയാണ്.