പാലക്കാട് - രമ്യ ഹരിദാസ് എം.പിക്ക് കാറു വാങ്ങുന്നതിനായി യൂത്ത് കോൺഗ്രസ് ആലത്തൂർ ലോക്‌സഭാ മണ്ഡലം കമ്മിറ്റി പിരിച്ച തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കും. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അടക്കമുള്ള മുതിർന്ന കോൺഗ്രസ് നേതാക്കളുടെ അഭിപ്രായം മാനിച്ച് ആലത്തൂർ എം.പി ധനസഹായം വേണ്ടെന്നു വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഇതിനകം പിരിച്ചെടുത്ത തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കാൻ ധാരണയായിരിക്കുന്നത്. ലോക്‌സഭാ മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന പ്രവർത്തകരിൽ നിന്നായി 14 ലക്ഷം രൂപ സമാഹരിക്കാനാണ് യൂത്ത് കോൺഗ്രസ് കമ്മിറ്റി ലക്ഷ്യമിട്ടിരുന്നത്. 1400 പേരിൽ നിന്നായി ആയിരം രൂപ സ്വീകരിക്കുന്നതിനുള്ള പ്രത്യേക റസീറ്റും തയാറാക്കിയിരുന്നു. ഓരോ നിയമസഭാ മണ്ഡലത്തിൽ നിന്നും രണ്ടു ലക്ഷം രൂപ വീതം സമാഹരിക്കാനായിരുന്നു തീരുമാനം. അതിനിടയിലാണ് സംഭവം വിവാദമായത്. പ്രവർത്തകരുടെ സ്‌നേഹ സമ്മാനം തിരസ്‌കരിക്കില്ലെന്ന നിലപാടിലായിരുന്നു തുടക്കത്തിൽ യുവ നേതാവ്. എന്നാൽ രമ്യയുടെ സ്ഥാനത്ത് താനായിരുന്നുവെങ്കിൽ പണം സ്വീകരിക്കില്ലെന്ന് മുല്ലപ്പള്ളി വ്യക്തമാക്കിയതോടെ എം.പി നിലപാട് മാറ്റി. കെ.പി.സി.സി അധ്യക്ഷന്റെ വാക്കുകൾ അനുസരണയോടെ ഹൃദയത്തോട് ചേർത്തു വെക്കുകയാണെന്ന് ഫെയ്‌സ്ബുക്കിൽ കുറിച്ചുകൊണ്ടാണ് രമ്യ ഹരിദാസ് പിന്മാറ്റം പ്രഖ്യാപിച്ചത്.
ലക്ഷ്യമിട്ടിരുന്ന തുകയുടെ വലിയൊരു ഭാഗം ഇതിനകം പിരിച്ചു കഴിഞ്ഞു. ഈ മാസം 25 നകം പണപ്പിരിവ് പൂർത്തിയാക്കണമെന്ന നിർദേശമാണ് യൂത്ത് കോൺഗ്രസ് കമ്മിറ്റികൾക്ക് ലഭിച്ചിരുന്നത്. പിരിച്ച തുക ഇനിയെങ്ങനെ ചെലവഴിക്കുമെന്നതാണ് സംഘടനക്ക് മുന്നിലുള്ള ചോദ്യം.
മണ്ഡലത്തിൽ ജീവകാരുണ്യ പ്രവർത്തനത്തിന് വിനിയോഗിക്കണമെന്ന നിർദേശമാണ് ഉയർന്നു വന്നിരിക്കുന്നത്. കമ്മിറ്റി ഔദ്യോഗികമായി ചേർന്നായിരിക്കും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. വിവാദത്തിനിട നൽകാതെ പ്രശ്‌നം പരിഹരിക്കുമെന്ന് യൂത്ത് കോൺഗ്രസ് ആലത്തൂർ മണ്ഡലം പ്രസിഡന്റ് പാളയം പ്രദീപ് അറിയിച്ചു. എം.പിയുടെ കൂടി അഭിപ്രായം മാനിച്ചായിരിക്കും ഇത്.
ആലത്തൂർ എം.പിയുടെ കാറ് വാങ്ങലുമായി ബന്ധപ്പെട്ട വിവാദം ഇപ്പോഴും നവമാധ്യമങ്ങളിൽ കത്തിപ്പടരുകയാണ്. പരിഹാസ ശരങ്ങളുമായി സി.പി.എം അനുകൂല സൈബർ പോരാളികൾ അഴിച്ചു വിട്ട പ്രചാരണത്തിന് അതേ നാണയത്തിൽ മറുപടി നൽകാൻ എം.എൽ.എമാരായ വി.ടി. ബൽറാം, അനിൽ അക്കര എന്നിവരടക്കമുള്ള നേതാക്കൾ രംഗത്തിറങ്ങിയിട്ടുണ്ട്. കെ.പി.സി.സി പ്രസിഡന്റ് ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളേയും എം.പിയെ അനുകൂലിക്കുന്നവർ വെറുതെ വിടുന്നില്ല. സൈബർ സഖാക്കളുടെ സമ്മർദത്തിനു വഴങ്ങിയാണ് മുതിർന്ന നേതാക്കൾ അഭിപ്രായം പറഞ്ഞതെന്ന പരാതിയാണ് അവർക്കുള്ളത്. അതേസമയം കാറു വാങ്ങൽ മാറ്റിവെച്ചിട്ടില്ലെന്നാണ് നേതാക്കൾ പറയുന്നത്. ലോണെടുത്തായിരിക്കും പണം കണ്ടെത്തുകയെന്ന് മാത്രം.