Sorry, you need to enable JavaScript to visit this website.

ഹാജിമാരെ ഫോണില്‍ സഹായിക്കാന്‍ 100 പ്രബോധകര്‍, 27 വിവര്‍ത്തകര്‍

മക്ക -  ഇസ്‌ലാമികകാര്യ മന്ത്രാലയത്തിനു കീഴിൽ ഇസ്‌ലാമിക ബോധവൽക്കരണ ജനറൽ സെക്രട്ടറിയേറ്റിൽ ഹജ് തീർഥാടകരെ ലക്ഷ്യമിട്ടുള്ള ടോൾ ഫ്രീ സേവനം വികസിപ്പിക്കുന്നതിനുള്ള പദ്ധതി  മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് അംഗീകരിച്ചു.  മന്ത്രാലയം തീർഥാടകർക്ക് നൽകുന്ന സേവനങ്ങളുടെയും ഹജിനുള്ള  ഒരുക്കങ്ങളുടെയും ഭാഗമായാണിത്. അറബി, ഇംഗ്ലീഷ്, ഫ്രഞ്ച്, തുർക്കി, ഉർദു, ഹോസ, പഞ്ചാബി, ഇന്തോനേഷ്യ എന്നീ എട്ടു ഭാഷകളിൽ തീർഥാടകർക്ക് സംശയ നിവാരണങ്ങൾക്ക് ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. 


അസീസിയയിലെ ഫോൺ ലൈനുകളുടെ എണ്ണം 45 ആയി ഉയർത്തി. മിനായിലെയും അറഫയിലെയും ഫോൺ ലൈനുകളുടെ എണ്ണവും 45 വീതമാക്കി ഉയർത്തിയിട്ടുണ്ട്. മുസ്ദലിഫയിൽ ഫോൺ ലൈനുകളുടെ എണ്ണം 40 ആയി ഉയർത്തി. ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടുന്നവർക്ക് മറുപടി നൽകുന്നതിന് 100 പ്രബോധകരെയും 27 വിവർത്തകരെയും മന്ത്രാലയം നിയോഗിച്ചിട്ടുണ്ട്.

തീർഥാടകർക്ക് സേവനങ്ങൾ നൽകുന്നതിന് ഫോണുകളും കംപ്യൂട്ടറുകളും അടങ്ങിയ കാബിനുകളും സജ്ജീകരിച്ചിട്ടുണ്ട്. മത ബോധവൽക്കരണ സേവനം തീർഥാടകരിൽ എളുപ്പത്തിൽ എത്തിക്കുന്നതിനാണ് ടോൾ ഫ്രീ സേവനം വികസിപ്പിച്ചിരിക്കുന്നത്. 

Latest News