റിയാദ്- സ്ത്രീകൾ ഉൾപ്പെടെ 1,000 സുഡാൻ പൗരന്മാർക്ക് തന്റെ ആതിഥേയത്വത്തിൽ ഹജിന് അവസരം നൽകണമെന്ന് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് ഉത്തരവിട്ടു. പദ്ധതിക്ക് മേൽനോട്ടം വഹിക്കുന്ന ഇസ്‌ലാമിക്, കാൾ ആന്റ് ഗൈഡൻസ് മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് അറിയിച്ചതാണ് ഇക്കാര്യം. ഇതിൽ 500 പേർ യെമനിൽ സഖ്യസേനയുടെ ഭാഗമായി രക്തസാക്ഷികളായ സൈനികരുടെ ബന്ധുക്കളും ശേഷിക്കുന്നവർ സാധാരണ പൗരന്മാരുമാണ്. ഇസ്‌ലാമിനും മുസ്‌ലിം ലോകത്തിനും സേവനം നൽകുന്നതിനുള്ള സൗദി ഭരണാധികാരിയുടെ താൽപര്യമാണ് ഈ തീരുമാനത്തിലൂടെ പ്രതിഫലിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.