മക്ക- പുണ്യനഗരികളിലേക്ക് ഹാജിമാരെ എത്തിക്കുന്നതിന് ഹറമൈൻ ഹൈ സ്പീഡ് ട്രെയിനിൽ പ്രതിവാര യാത്രാ സർവീസുകളുടെ എണ്ണം വർധിപ്പിച്ചു. നിലവിൽ ആഴ്ചയിൽ 64 സർവീസുകൾ എന്നതിൽനിന്ന് 80 ആക്കി ഉയർത്തിയതായി ഹറമൈൻ ഹൈ സ്പീഡ് ട്രെയിൻ അധികൃതർ വ്യക്തമാക്കി. വിശുദ്ധ ഹജ് കർമം നിർവഹിക്കാൻ പുണ്യനഗരികളിലേക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് വിശ്വാസികൾ ഒഴുകിത്തുടങ്ങിയതിന്റെ പശ്ചാതലത്തിലാണ് തീരുമാനം. ലോകത്തിലെ ഏറ്റവും വേഗതയേറിയ 10 റെയിൽവേ സർവീസുകളിൽ ഒന്നായാണ് മക്കയിൽനിന്ന് മദീനയിലേക്കും തിരിച്ചുമുള്ള ഹറമൈൻ ട്രെയിൻ സർവീസിനെ പരിഗണിക്കുന്നത്.
450 കിലോമീറ്റർ നീളത്തിൽ മക്ക-ജിദ്ദ-ജിദ്ദ കിംഗ് അബ്ദുൽഅസീസ് എയർപോർട്ട് - കിംഗ് അബ്ദുല്ല ഇകണോമിക് സിറ്റി (റാബഗ്) - മദീന എന്നീ സ്റ്റേഷനുകളെ ഇലക്ട്രിക്ക് സർക്യൂട്ടിൽ ബന്ധിപ്പിച്ച് 35 ട്രെയിനുകൾ ഉൾക്കൊള്ളുന്നതാണ് ഹറമൈൻ ഹൈ സ്പീഡ് ട്രെയിൻ സർവീസ്. മണിക്കൂറിൽ 300 കി.മീ വരെ വേഗതയിൽ സഞ്ചരിക്കുന്ന 13 ബോഗികളുള്ള ഓരോ ട്രെയിനിലും 417 സീറ്റുകൾ വീതമുണ്ടാകും. നാലു ബിസിനസ് ക്ലാസ് കോച്ചുകളും എട്ടു ഇക്കണോമിക് ക്ലാസ് കോച്ചുകളും ഒരു പാൻട്രി കാറും അടങ്ങിയതാണ് ട്രെയിനുകൾ.
ഹറമൈൻ ട്രെയിൻ സർവീസ് വഴി ഏകദേശം രണ്ട് മണിക്കൂറും 15 മിനിറ്റും കൊണ്ട് മക്കയിൽനിന്ന് മദീനയിലെത്തിച്ചേരാൻ സാധിക്കും. കഴിഞ്ഞ വർഷം സെപ്റ്റംബർ 24 ന് ജിദ്ദ സുലൈമാനിയ ഡിസ്ട്രിക്ടിലെ റെയിൽവേ സ്റ്റേഷനിൽ സംഘടിപ്പിച്ച വർണാഭമായ ചടങ്ങിൽ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് മദീനയിലേക്ക് സഞ്ചരിച്ചാണ് ആണ് ഹറമൈൻ ഹൈസ്പീഡ് റെയിൽവെ പദ്ധതി ഉദ്ഘാടനം ചെയ്തത്.