Sorry, you need to enable JavaScript to visit this website.

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ആറു വര്‍ഷം; ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെവിടെ?

ഭാര്യയെയും മക്കളെയും തള്ളിയിട്ട് കൊലപ്പെടുത്തിയ അരീക്കോട് ആലുക്കലിലെ വെള്ളക്കെട്ടില്‍ പ്രതി സഞ്ചരിച്ച സ്‌കൂട്ടര്‍ (ഫയല്‍ ചിത്രം)

മഞ്ചേരി- ആറു വര്‍ഷം മുമ്പ് അരീക്കോട് ആലുക്കലില്‍ ഭാര്യയെയും രണ്ടു പിഞ്ചുമക്കളെയും വെള്ളക്കെട്ടിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ പിടികൂടാനാകാതെ പോലീസ് ഇരുട്ടില്‍ തപ്പുന്നു. അരീക്കോട് വാവൂര്‍ കൂടന്തൊടിക മുഹമ്മദ് ഷെരീഫ് (39) ആണ് 2015 ഏപ്രില്‍ 22 ന് വിചാരണക്ക് ഹാജരാകാതെ മുങ്ങിയത്. 2013 ജൂലൈ 22 ന് പുലര്‍ച്ചെ രണ്ടു മണിക്കാണ് നാടിനെ നടുക്കിയ അരുംകൊല നടന്നത്. ഭാര്യ സാബിറ (21), മക്കളായ ഫാത്തിമ ഫിദ (5), ഹൈഫ എന്ന ഫാത്തിമ ഹിദ (ഒന്നര) എന്നിവരെയാണ് വെള്ളക്കെട്ടില്‍ തള്ളിയിട്ടു കൊലപ്പെടുത്തിയത്. വിവാഹ സമയത്ത് സ്ത്രീധനമായി ലഭിച്ച 75 പവന്‍ സ്വര്‍ണാഭരണങ്ങളില്‍ 50 പവന്‍ പണയം വെക്കാനെന്ന് പറഞ്ഞു വാങ്ങി ഭാര്യയറിയാതെ ഷരീഫ് വില്‍പ്പന നടത്തിയിരുന്നു. സാബിറ ആഭരണങ്ങള്‍ നിരന്തരമായി ആവശ്യപ്പെട്ടിരുന്നതിലുള്ള വിരോധമാണ് കൊലപാതകത്തിനു മുഖ്യകാരണം.

https://www.malayalamnewsdaily.com/sites/default/files/2019/07/21/p9manoj-1mohammedshareefprathijuly21.jpg

രണ്ടാമത്തെ പ്രസവ ശേഷം ഭാര്യയില്‍ പ്രകടമായ വിരക്തി കാരണം മറ്റൊരു വിവാഹം കഴിക്കാന്‍ ഷെരീഫിനുണ്ടായ ആഗ്രഹവും കൊല നടത്താന്‍ പ്രേരണയായി. കൂടുതല്‍ സ്വര്‍ണവും പണവും വാങ്ങി മറ്റൊരു വിവാഹം കഴിക്കുന്നതിന് രണ്ടു പെണ്‍കുട്ടികള്‍ ബാധ്യതയാകുമെന്നു തോന്നിയതിനാലാണ് ഇവരെയും കൊലപ്പെടുത്തിയത്. ചെറിയപെരുന്നാളിനു പുതുവസ്ത്രങ്ങള്‍ വാങ്ങി ഭാര്യയും മക്കളുമൊപ്പം സ്‌കൂട്ടറില്‍ വീട്ടിലേക്കു മടങ്ങും വഴിയായിരുന്നു സംഭവം. മലപ്പുറം ഡിവൈ.എസ്.പിയായിരുന്ന എസ്.അഭിലാഷ്, മഞ്ചേരി സി.ഐയായിരുന്ന വി.എ.കൃഷ്ണദാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. മണല്‍ തൊഴിലാളിയായിരുന്നു പ്രതി ഷരീഫ്. തബ്‌ലീഗ് പ്രവര്‍ത്തകനായ ഇയാള്‍ സമൂഹ മന:സാക്ഷിയെ ഞെട്ടിച്ച് വിശുദ്ധ റംസാന്‍ മാസത്തില്‍ നടത്തിയ ആസൂത്രിത കൊലപാതകം ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. സംഭവം നടന്ന് 79ാം ദിവസം അന്വേഷണ ഉദ്യോസ്ഥനായ സി.ഐ  വി.എ.കൃഷ്ണദാസ് എണ്ണൂറോളം പേജുള്ള കുറ്റപത്രം മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.     
123 പേരെ ചോദ്യം ചെയ്ത അന്വേഷണ സംഘം 106 രേഖകള്‍, അമ്പതോളം തൊണ്ടിമുതലുകള്‍ എന്നിവ കോടിതയില്‍ ഹാജരാക്കിയിരുന്നു. ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ മുഖ്യമായും സാഹചര്യ തെളിവുകളാണുള്ളത്. മഴ പെയ്യുന്നതിനിടെ സ്വന്തമായി കാര്‍ ഉണ്ടായിട്ടും ബൈക്കില്‍ കുടുംബത്തോടൊപ്പം ദീര്‍ഘ യാത്ര നടത്തിയത്, വീട്ടിലേക്കു എളുപ്പവഴിയുണ്ടായിട്ടും കൃത്യത്തിനു അനുയോജ്യമായ സ്ഥലം ലഭിക്കുന്നതിനായി ചുറ്റി വളഞ്ഞു യാത്ര ചെയ്തത്, ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് സ്വന്തം പേര് നോമിനിയാക്കി ഭാര്യയുടെ പേരില്‍ 20 ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ് എടുത്തത് എന്നിവയും ബൈക്കിന്റെ ടയര്‍ പഞ്ചറായതാണ് അപകടത്തിനു കാരണമെന്നു പ്രതി പറഞ്ഞതു കളവാണെന്നു തെളിഞ്ഞതും കുറ്റപത്രത്തില്‍ ചൂണ്ടിക്കാണിക്കുന്നു. തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്, പൊതുമരാമത്ത് വകുപ്പിന്റെ റൂട്ട് മാപ്പ്, ഫോറന്‍സിക് ഡിപ്പാര്‍ട്ട്‌മെന്റ് പരിശോധന റിപ്പോര്‍ട്ട്, മോട്ടോര്‍ വെഹിക്കിള്‍ വകുപ്പ് റിപ്പോര്‍ട്ട് എന്നിവയും കുറ്റപത്രത്തോടൊപ്പം സമര്‍പ്പിച്ചിരുന്നു.
കുറ്റപത്രം വായിച്ച് കേള്‍പ്പിക്കുന്നതിനു കാലതാമസം വരുന്നതില്‍ ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. കേസ് ആറുമാസത്തിനകം തീര്‍പ്പാക്കണമെന്നും ഹൈക്കോടതി കീഴ്‌ക്കോടതിയോട് ഉത്തരവിട്ടിരുന്നു. കുറ്റപത്രം വായിച്ചു കേള്‍പ്പിക്കാതെ കേസ് നീണ്ടു പോകുന്നതിനെതിരെ കൊല്ലപ്പെട്ട സാബിറയുടെ പിതാവ് ഒളവട്ടൂര്‍ മായക്കര കാവുങ്ങല്‍ തടത്തില്‍ മുഹമ്മദ് സമര്‍പ്പിച്ച ഹരജിയെ തുടര്‍ന്നായിരുന്നു ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കമാല്‍ പാഷയുടെ ഉത്തരവ്. ഇതിന്റെ അടിസ്ഥാനത്തില്‍ 2015 മാര്‍ച്ചില്‍ പ്രതിക്ക് കുറ്റപത്രം വായിച്ച് കേള്‍പ്പിക്കുകയും ഏപ്രില്‍ 22 ന് വിചാരണ ആരംഭിക്കാന്‍ ഷെഡ്യൂള്‍ ചെയ്യുകയുമായിരുന്നു. കൂട്ടക്കൊലക്കേസിലെ പ്രതിക്ക് ജാമ്യം അനുവദിച്ച ഹൈക്കോടതി നടപടി നാട്ടുകാരെയും പോലീസിനെയും ആശങ്കാകുലരാക്കിയിരുന്നു.
സംഭവം നടന്നു ഏഴു മാസം മാത്രമാണ് പ്രതി റിമാന്റില്‍ കഴിഞ്ഞത്. കുറ്റപത്രം വായിച്ച് കേള്‍ക്കാന്‍ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതിയില്‍ ഹാജരായ പ്രതി മുഹമ്മദ് ഷെരീഫ്് വിചാരണ ആരംഭിച്ച ദിവസം മുങ്ങുകയായിരുന്നു. പ്രതിക്ക് ജാമ്യം നിന്ന മാതാവ് പിന്നീട് മരണപ്പെട്ടതോടെ പോലീസ് വീണ്ടും പ്രതിസന്ധിയിലായി. മലപ്പുറം ജില്ലാ പോലീസ് മേധാവിയായി ദേബേഷ് കുമാര്‍ ബെഹ്‌റ വീണ്ടും ചാര്‍ജെടുത്തതോടെ പ്രതിയെ കണ്ടെത്തുന്നതിന് ഊര്‍ജിത അന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം പലരീതിയില്‍ മുന്നോട്ടു പോയെങ്കിലും പോലീസിനു ഒരു തുമ്പും ലഭിച്ചില്ല. ക്രമേണ അന്വേഷണം മന്ദീഭവിക്കുകയായിരുന്നു. ഇപ്പോള്‍ പുതിയ എസ്.പി ചുമതലയേറ്റിട്ടും അന്വേഷണത്തിനു പുരോഗതിയില്ല.

 

 

Latest News