കൊണ്ടോട്ടി- കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 835 ഗ്രാം മിശ്രിത രൂപത്തിലുളള സ്വര്‍ണം കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി. വയനാട് റിപ്പണ്‍ സ്വദേശി വാകേരി അബ്ദുല്‍ നാസറാണ് കസ്റ്റംസിന്റെ പിടിയിലായത്. സ്വര്‍ണം പൊടിച്ച് മിശ്രിത രൂപത്തിലാക്കി ഗര്‍ഭനിരോധന ഉറകളില്‍ പൊതിഞ്ഞ് ശരീരത്തില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്നു. പിടികൂടിയ സ്വര്‍ണത്തിന് 22 ലക്ഷം രൂപ വില ലഭിക്കും.
രാവിലെ 9.50 ന് ദുബായില്‍ നിന്നുളള എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് ഇയാള്‍ കരിപ്പൂരിലെത്തിയത്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് തടഞ്ഞ് ചോദ്യം ചെയ്യുകയായിരുന്നു. കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ ഇ.എസ്.നിഥിന്‍ലാല്‍, സൂപ്രണ്ടുമാരായ എം.പ്രവീണ്‍, കെ.സുധീര്‍, ഇന്‍സ്‌പെക്ടര്‍മാരായ കെ.കെ.പ്രവീണ്‍കുമാര്‍, ഇ.മുഹമ്മദ് ഫൈസല്‍, സന്തോഷ് ജോണ്‍, എം.സന്തോഷ് കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് കളളക്കടത്ത് പിടികൂടിയത്.