പാലക്കാട്- ആലത്തൂർ ലോക്‌സഭ മണ്ഡലത്തിലെ എം.പി രമ്യ ഹരിദാസ് കാർ വിവാദത്തിൽ നിലപാട് വ്യക്തമാക്കി രംഗത്ത്. രമ്യ ഹരിദാസിന് കാർ വാങ്ങിക്കൊടുക്കാനുള്ള മണ്ഡലം കമ്മിറ്റിയുടെ തീരുമാനം വിവാദമായിരുന്നു. കാർ പ്രവർത്തകർ വാങ്ങിക്കൊടുക്കേണ്ട ആവശ്യമില്ലെന്ന് നേരത്തെ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞിരുന്നു. എന്നെ ഞാനാക്കിയ എന്റെ പാർട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷൻ ഒരഭിപ്രായം പറഞ്ഞാൽ അതാണ് എന്റെ അഭിപ്രായമെന്നും ഞാൻ പ്രസിഡന്റിന്റെ വാക്കുകൾ ഏറെ അനുസരണയോടെ ഹൃദയത്തോടു ചേർക്കുന്നുവെന്നും രമ്യ ഹരിദാസ് പറഞ്ഞു.
എന്നെ ഒരുപാട് സ്‌നേഹിക്കുന്ന എന്റെ സഹോദരങ്ങൾക്ക് ഒരു പക്ഷേ എന്റെ തീരുമാനം ഇഷ്ടപ്പെട്ടെന്ന് വരില്ല. നമ്മുടെ കൂടപ്പിറപ്പുകളിൽ ഒരാൾ സംസ്ഥാനത്തെ യുവതക്ക് വേണ്ടി ജീവൻ പണയം വച്ച് സമരം ചെയ്യുമ്പോൾ നമ്മുടെ കണ്ണും കാതും എല്ലാം ആ പോരാട്ടത്തിന് മദ്ധ്യേ ആയിരിക്കണം. ജീവിതത്തിൽ ഒരുപാട് പ്രായാസങ്ങളിലൂടെ കടന്നുപോയ എനിക്കൽപ്പമെങ്കിലും അശ്വാസവും സ്‌നേഹവും ലഭിച്ചത് ഈ പൊതുജീവിതത്തിന്റെ ഇടങ്ങളിൽ ആണ്. അവിടെ എന്റെ പൊതു ജീവിതം സുതാര്യമായിരിക്കണമെന്നുള്ളത് എന്റെ വ്രതവും ശപഥവുമാണെന്നും രമ്യ വ്യക്തമാക്കി.