കോഴിക്കോട്- രമ്യ ഹരിദാസ് എം.പിക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാര്‍ വാങ്ങിക്കൊടുക്കുന്നതിനെ പരിഹസിച്ചുകൊണ്ട് കവയത്രിയും അധ്യാപികയുമായ ദീപാ നിശാന്ത്.
ദലിത് യുവതി കാറിലിരുന്ന് പോകുന്നതു കാണുമ്പോള്‍ ഉണ്ടാകുന്ന അസഹിഷ്ണുതയല്ല ജാതി, ദലിതത്വവും ദാരിദ്ര്യവും രശീതിയടിച്ച് വിതരണം ചെയ്യാനുള്ളതാണെന്ന മനോഭാവത്തിന്റെ പേരാണ് ജാതി. ഇന്നത്തെ പ്രതികരണം സമാപ്തം!- ഇതാണ് ദീപാ നിശാന്തിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്.
കാര്‍ വാങ്ങാന്‍ സ്വന്തമായി പണമില്ലാത്തത് കൊണ്ടാണ് തനിക്ക് കാര്‍ വാങ്ങാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ മുന്‍കൈ എടുത്തതെന്ന് രമ്യ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് ദീപാ നിശാന്ത് രമ്യയെ കുറിച്ച് നടത്തിയ പരാമര്‍ശം വലിയ വിവാദമായിരുന്നു. തെരഞ്ഞെടുപ്പില്‍ രമ്യയ്ക്ക് ഇത് അനുകൂലമായെന്നും വിലയിരുത്തപ്പെട്ടിരുന്നു.
ആലത്തൂരില്‍ രമ്യാ ഹരിദാസ് വമ്പിച്ച വിജയം നേടിയതോടെ ദീപാ നിശാന്ത് സൈബര്‍ ലോകത്ത് വന്‍ വിമര്‍ശനമാണ് നേരിട്ടത്. ഇപ്പോള്‍ കാര്‍ വിവാദം ഉയര്‍ന്നതോടെ അവസരം മുതലെടുത്ത് രമ്യക്കും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും പരോക്ഷ മറുപടി നല്‍കിയിരിക്കയാണ് ദീപാ നിശാന്ത്.
രമ്യക്ക് കാര്‍ വാങ്ങുന്നതിനെ എതിര്‍ക്കാന്‍ കമ്മ്യൂണിസ്റ്റുകാരെ പ്രേരിപ്പിക്കുന്നത് അവരിലെ സവര്‍ണ ബോധമാണെന്ന് വി.ടി.ബല്‍റാം എം.എല്‍.എ ഫെയ്‌സ്ബുക്കില്‍ പ്രതികരിച്ചിരുന്നു.