സന്ദര്‍ശക വിസ ദുരുപയോഗിച്ച് ജോലിക്ക് വരരുത്- ഇന്ത്യക്കാര്‍ക്ക് യു.എ.ഇ എംബസിയുടെ മുന്നറിയിപ്പ്

അബുദാബി- ഇന്ത്യന്‍ എമിഗ്രേഷന്‍ നിയമങ്ങള്‍ ലംഘിച്ച് സന്ദര്‍ശക വിസയില്‍ യു.എ.ഇയില്‍ എത്തുന്നതിനെതിരെ അബുദാബി ഇന്ത്യന്‍ എംബസിയുടെ മുന്നറിയിപ്പ്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ നിരവധി സ്ത്രീകള്‍ സന്ദര്‍ശക വിസയിലെത്തി തൊഴില്‍ തട്ടിപ്പിന് ഇരയായ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.
30 വയസ്സിന് താഴെയുള്ള സ്ത്രീകള്‍ വീട്ടുവേലക്കാരികളായി ജോലിക്ക് പോകുന്നത് ഇന്ത്യന്‍ കുടിയേറ്റ നിയമം വിലക്കുന്നുണ്ട്. യോഗ്യതയുള്ള സ്ത്രീകള്‍ക്ക് തൊഴില്‍ വിസയില്‍ മാത്രമേ ജോലിക്കായി പോകാനാവൂ. ഇ മൈഗ്രേറ്റ് സംവിധാനത്തിലൂടെയാണ് ഇവര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്നത്. തൊഴിലിടങ്ങളില്‍ ക്ഷേമവും സംരക്ഷണവും ഉറപ്പുവരുത്തുന്നതിനാണ് ഈ സംവിധാനങ്ങള്‍.
ഏജന്റുമാരുടെ തട്ടിപ്പിനിരയായി രാജ്യത്ത് ബുദ്ധിമുട്ടേണ്ടിവന്ന നാല് സ്ത്രീകള്‍ ഈയിടെ എംബസിയെ സമീപിച്ചിരുന്നു. ഇവരെ സന്ദര്‍ശക വിസയില്‍ കൊണ്ടുവന്ന ശേഷം ചൂഷണം ചെയ്യുകയായിരുന്നു. അനധികൃത ഏജന്റുമാരുടെ സഹായത്തോടെയാണ് ഇവര്‍ ദുബായില്‍ എത്തിയതെന്ന് യു.എ.ഇയിലെ ഇന്ത്യന്‍ അംബാസഡര്‍ നവ്ദീപ് സിംഗ് സൂരി പറഞ്ഞു.
ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങിയാണ് ഇവരെ സന്ദര്‍ശകവിസയില്‍ എത്തിച്ചത്. എന്നാല്‍ പറഞ്ഞ ജോലിയോ  വേതനമോ കിട്ടിയില്ല. പലരും ചൂഷണത്തിന് ഇരയായി- അദ്ദേഹം പറഞ്ഞു.
എന്നാല്‍ രാജ്യത്തിന്റെ പലഭാഗത്തുനിന്നും  30 വയസ്സില്‍ താഴെയുള്ള സ്ത്രീകള്‍ സന്ദര്‍ശക വിസയില്‍ വരികയും വീട്ടുവേലക്കാരികളായി ജോലിയെടുക്കുകയും ചെയ്യുന്ന നിരവധി സംഭവങ്ങളുണ്ടെന്നതാണ് വാസ്തവം. ഇവര്‍ പലവിധ പ്രശ്‌നങ്ങളിലും അകപ്പെടുന്നുണ്ട്. രണ്ടു വര്‍ഷത്തിനിടെ ഇത്തരം 400 സ്ത്രീകളെങ്കിലും സഹായം തേടി സമീപിച്ചിട്ടുണ്ടെന്ന് എംബസി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

 

Latest News