ദുബായ്- സ്റ്റേജ് പരിപാടിക്കിടെ ഇന്ത്യൻ കോമഡി താരം കുഴഞ്ഞു വീണു മരിച്ചു. ചെന്നൈ സ്വദേശിയായ മാങ്കോ നായിഡു എന്നറിയപ്പെടുന്ന മഞ്ജുനാഥ് നായിഡു (36) ആണ് പരിപാടി തുടങ്ങി മിനുട്ടുകൾക്കുളിൽ സ്‌റ്റേജിൽ കുഴഞ്ഞു വീണു മരിച്ചത്. ദുബായിലെ ഹോട്ടലിൽ സ്റ്റേജ് ഷോ നടത്തുന്നതിനിടെ കുഴഞ്ഞു വീണ ഇദ്ദേഹം ഹൃദയാഘാതം മൂലമാണ് മരണപ്പെട്ടത്. വെള്ളിയാഴ്ച്ച രാത്രി ഒൻപതരക്ക് ആരംഭിച്ച പരിപാടിയിൽ പതിനൊന്നരയോടെയാണ് മഞ്ജുനാഥ് സ്‌റ്റേജിൽ എത്തിയത്. ഇദ്ദേഹത്തിന്റെ പരിപാടി ആരംഭിച്ചു അൽപ സമയത്തിനുള്ളിൽ ശ്വാസ തടസം നേരിട്ടതിനെ തുടർന്ന് സ്‌റ്റേജിൽ ഇരിക്കാൻ ശ്രമം നടത്തിയപ്പോഴേക്കും കുഴഞ്ഞു വീഴുകയായിരുന്നു. എന്നാൽ, ഇത് പരിപാടിയുടെ ഭാഗമായിരിക്കുമെന്നാണ് സംഘാടകരും കാണികളും കരുതിയത്. എന്നാൽ, മൂന്ന് മിനുട്ടിന് ശേഷവും യാതൊരു ഭാവഭേദവും ഇല്ലാതായപ്പോൾ ഏതാനും ആളുകൾ ഓടിയെത്തിയപ്പോഴാണ് അഭിനയമല്ലെന്ന് മനസിലായത്. ഉടൻ തന്നെ സി പി ആർ നൽകാൻ ശ്രമം നടത്തിയെങ്കിലും വിജയം കണ്ടില്ല. തുടർന്ന് അൽസഹ്‌റ ഹോസ്‌പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും അതിനിടക്ക് തന്നെ ഇദ്ദേഹം മരണപ്പെട്ടിരുന്നു എൺപതോളം ആളുകളാണ് ഇദ്ദേഹത്തിന്റെ കോമഡി പരിപാടി വീക്ഷിക്കാൻ ഹോട്ടലിൽ എത്തിയിരുന്നത്.