പെരിന്തല്‍മണ്ണ- തുവൂരില്‍ യുവാക്കളെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. കരുവാരക്കുണ്ട് തരിശ് സ്വദേശി ചോലമുഖത്ത് സാജിദ് (38) ആണ് അറസ്റ്റിലായത്. പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി കെ.എ.സുരേഷ് ബാബുവാണ് അറസ്റ്റു ചെയ്തത്.
മെയ് 29 ന് രാത്രി കൂത്തുപറമ്പ് സ്വദേശികളായ യുവാക്കളെ കാറില്‍ ജീപ്പുകൊണ്ടിടിച്ചു ഭീകരാന്തരീക്ഷം സൃഷ്ടിച്ചു തട്ടിക്കൊണ്ടുപോയി അരീക്കോട്ടെ വീട്ടില്‍ വച്ചു മര്‍ദിച്ചു പരിക്കേല്‍പ്പിച്ച കേസിലാണ് ഇയാള്‍ പിടിയിലായത്. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി. കേസിലെ പ്രധാന പ്രതികളായ അഞ്ചുപേരെ കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍നിന്നാണ് പിടികൂടിയത്. വിവരമറിഞ്ഞു സാജിദ് തമിഴ്‌നാട്, കര്‍ണാടക ഭാഗങ്ങളില്‍ ഒളിച്ചു താമസിക്കുകയായിരുന്നു. പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയതോടെ പെരിന്തല്‍മണ്ണ ഡിവൈ.എസ്.പിയുടെ മുമ്പാകെ കീഴടങ്ങുകയായിരുന്നു. കേസിലെ കൊടുവള്ളി, എടവണ്ണ പ്രദേശങ്ങളിലെ മറ്റു പ്രതികള്‍ക്കായി പോലീസ് അന്വേഷണം നടത്തിവരികയാണ്.