റിയാദ് - സ്മാർട്ട് ഫോണുകൾ വഴി ഇ-ഹെൽത്ത് ഇൻഷുറൻസ് കാർഡുകൾ ഉപയോഗിക്കുന്നതിന് രാജ്യത്തെ ഇൻഷുറൻസ് കമ്പനികൾക്ക് കൗൺസിൽ ഓഫ് കോ-ഓപറേറ്റീവ് ഹെൽത്ത് ഇൻഷുറൻസ് അനുമതി നൽകി.
ആദ്യ ഘട്ടത്തിൽ സി കാറ്റഗറി ഒഴികെയുള്ള മുഴുവൻ വിഭാഗങ്ങൾക്കും ഇ-ഇൻഷുറൻസ് കാർഡുകൾ ബാധകമാക്കുന്നതിനാണ് അനുമതി. ഈ വർഷാവസാനം വരെയുള്ള കാലത്ത് ഇ-ഇൻഷുറൻസ് കാർഡ് പദ്ധതിയുടെ നേട്ടങ്ങളും കോട്ടങ്ങളും കൗൺസിൽ വിലയിരുത്തി രാജ്യത്തെ എല്ലാ വിഭാഗം ഇൻഷുറൻസ് ഉപയോക്താക്കൾക്കും ഇ-ഇൻഷുറൻസ് കാർഡ് നടപ്പാക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. ഹെൽത്ത് ഇൻഷുറൻസ് കാർഡ് മേഖലയിൽ സാങ്കേതിക പുരോഗതികളുമായി ഒത്തുപോകുന്നതിനും ഉപയോക്താക്കൾക്ക് സാധ്യമായത്ര എളുപ്പത്തിൽ ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്നതിനുമാണ് ഇ-ഹെൽത്ത് ഇൻഷുറൻസ് കാർഡുകൾ നടപ്പാക്കുന്നതെന്ന് കൗൺസിൽ ഓഫ് കോ-ഓപറേറ്റീവ് ഹെൽത്ത് ഇൻഷുറൻസ് ജനറൽ സെക്രട്ടറിയേറ്റ് പറഞ്ഞു.
ഇ-ഇൻഷുറൻസ് കാർഡ് പദ്ധതി നടപ്പാക്കുന്നതിന് തൊഴിലുടമകളുമായി ഇൻഷുറൻസ് കമ്പനികൾ ധാരണയിലെത്തണമെന്ന് വ്യവസ്ഥയുണ്ട്. ഇങ്ങനെ ധാരണയിലെത്തുന്ന പക്ഷം തൊഴിലുടമക്കു കീഴിലെ ജീവനക്കാരുടെ ഇൻഷുറൻസ് കാർഡുകളുടെ പ്രിന്റൗട്ട് എടുക്കേണ്ടിവരില്ല. ഇൻഷുറൻസ് കാർഡുകളും തിരിച്ചറിയൽ രേഖകളും കാണിച്ചുകൊടുക്കുന്നതിന് ചികിത്സ തേടുന്ന ഉപയോക്താക്കളെ നിർബന്ധിക്കണമെന്ന് ആശുപത്രികൾ അടക്കമുള്ള സേവന ദാതാക്കളോട് കൗൺസിൽ ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സൗദിയിൽ 1,12,15,197 പേർക്ക് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയുണ്ട്. ഇൻഷുറൻസ് മേഖലയിൽ 26 കമ്പനികളും ക്ലെയിം മാനേജ്‌മെന്റ് മേഖലയിൽ ഒമ്പതു കമ്പനികളും പ്രവർത്തിക്കുന്നു.
ആശുപത്രികളും ക്ലിനിക്കുകളും അടക്കം 5202 സേവന ദാതാക്കൾക്കും ഇൻഷുറൻസ് പരിരക്ഷയുള്ളവർക്ക് സേവനങ്ങൾ നൽകുന്നതിന് കൗൺസിൽ ഓഫ് കോ-ഓപറേറ്റീവ് ഹെൽത്ത് ഇൻഷുറൻസ് ലൈസൻസുണ്ട്.