റിയാദ് - പബ്ലിക് വൈ-ഫൈ നെറ്റ്‌വർക്കുകൾ ഉപയോഗിച്ച് ബാങ്ക് സൈറ്റുകളിൽ പ്രവേശിച്ച് ഇടപാടുകൾ നടത്തുന്നതിനും സർക്കാർ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനും എതിരെ ടെലികോം അതോറിറ്റിയായ കമ്യൂണിക്കേഷൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി കമ്മീഷൻ മുന്നറിയിപ്പ് നൽകി.
ഇത്തരം ഇടപാടുകൾക്കും നടപടിക്രമങ്ങൾക്കും പബ്ലിക് വൈ-ഫൈ നെറ്റ്‌വർക്കുകൾ ഉപയോഗിക്കുന്നതു വഴി പാസ്‌വേർഡുകൾ കവർച്ച ചെയ്യപ്പെടുന്നതിന് സാധ്യതയുണ്ട്. രജിസ്‌ട്രേഷൻ നടപടിക്രമങ്ങൾ ആവശ്യമില്ലാത്ത വൈ-ഫൈ നെറ്റ്‌വർക്കുകളുടെ ഉപയോഗം ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്ന് കമ്യൂണിക്കേഷൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി കമ്മീഷൻ വൃത്തങ്ങൾ പറഞ്ഞു.
ബാങ്ക് സേവനങ്ങൾക്കും സർക്കാർ നടപടിക്രമങ്ങൾക്കുമുള്ള വെബ്‌സൈറ്റുകളിൽ പ്രവേശിക്കുമ്പോൾ പബ്ലിക് വൈ-ഫൈ നെറ്റ്‌വർക്കുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കണം. പൊതുസ്ഥലത്തു വെച്ച് ബാങ്ക് സൈറ്റുകൾ ഉപയോഗിക്കേണ്ട ആവശ്യമുണ്ടാകുമ്പോൾ മൊബൈൽ ഫോൺ നെറ്റ്‌വർക്ക് വഴിയുള്ള ഇന്റർനെറ്റ് പ്രയോജനപ്പെടുത്തണം.
വിശ്വാസ യോഗ്യമല്ലാത്ത വൈ-ഫൈ നെറ്റ്‌വർക്കുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കുന്നതാണ് ഉചിതം. പ്രവേശിക്കുന്നതിന് ആഗ്രഹിക്കുന്ന വെബ്‌സൈറ്റുകളുടെ ശരിയായ വിലാസം പ്രത്യേകം പരിശോധിച്ച് ഉറപ്പു വരുത്തണമെന്നും കമ്യൂണിക്കേഷൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി കമ്മീഷൻ ആവശ്യപ്പെട്ടു.