നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തിന്റെ ഒന്നാം വാർഷികത്തിൽ എത്തിനിൽക്കുകയാണ് കേരളം. അഞ്ചുലക്ഷത്തിലേറെ പേരെയാണ് പ്രളയഘട്ടത്തിൽ രക്ഷപ്പെടുത്തിയത്. 15 ലക്ഷം പേർ പതിനായിരത്തിലേറെ ദുരിതാശ്വാസ ക്യാമ്പുകളിലായിരുന്നു. വെള്ളം താഴ്ന്ന ശേഷം 6,93,287 വീടുകൾ വൃത്തിയാക്കേണ്ടിവന്നു. 14,657 മൃഗങ്ങളുടെയും ആറു ലക്ഷത്തിലധികം പക്ഷികളുടെയും ശവം മൂന്നു ദിവസം കൊണ്ട് മറവുചെയ്തു. മൂന്നു ലക്ഷം കിണറുകൾ അണുവിമുക്തമാക്കി. 6,92,966 കുടുംബങ്ങൾക്കാണ് പതിനായിരം രൂപ വീതം അടിയന്തര ധനസഹായം നൽകിയത്. സംസ്ഥാനത്തെ എങ്ങനെ പ്രളയം ബാധിച്ചു എന്നതിന്റെ ഏകദേശ ചിത്രം ഈ കണക്കുകളിൽനിന്നു കിട്ടും.
രക്ഷാപ്രവർത്തനം പൂർത്തിയായ ശേഷം നഷ്ടപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ പുനഃസ്ഥാപിക്കാനാണ് ശ്രമിച്ചത്. 16,954 കിലോമീറ്റർ റോഡിന്റെ കേടുപാടു തീർത്തു. 25.6 ലക്ഷം വൈദ്യുതി ബന്ധങ്ങൾ പുനഃസ്ഥാപിച്ചു. പൂർണമായി തകർന്ന 15,521 വീടുകളുടെ പുനർനിർമാണം നടക്കുന്നു. പ്രളയ ബാധിതമായ എല്ലാ മേഖലകളിലും ഇത്തരം പ്രവർത്തനങ്ങൾ നടന്നു. അതിന്റെ അടുത്ത ഘട്ടമാണ് പുനർനിർമാണം.
പുനർനിർമാണം എങ്ങനെയാവണമെന്നതിന്റെ വ്യക്തമായ കാഴ്ചപ്പാട് വ്യത്യസ്ത മേഖലകളിലെ വിദഗ്ധരുടെയും അവരുടെ പഠനങ്ങളുടെയും സഹായത്തോടെയാണ് സംസ്ഥാന ഗവൺമെന്റ് രൂപപ്പെടുത്തിയത്. അതിന്റെ തുടർച്ചയായി റീബിൽഡ് കേരള വികസന പദ്ധതി മന്ത്രിസഭ അംഗീകരിച്ചു.
ജലവിഭവം, ശുചിത്വം, നഗരവികസനം, റോഡുകളും പാലങ്ങളും, ഗതാഗതം, വനസംരക്ഷണം, കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, മത്സ്യബന്ധനം എന്നീ മേഖലകളിലെ പ്രശ്‌നങ്ങൾ സമഗ്രമായി അപഗ്രഥിച്ചു. അതിൽനിന്നാണ് കേരള പുനർനിർമാണ പരിപ്രേക്ഷ്യം രൂപപ്പെടുത്തിയത്.
നമ്മുടെ രക്ഷാപ്രവർത്തനവും പ്രളയകാലത്തെ അതിജീവനവും ലോകത്താകെ പ്രശംസിക്കപ്പെട്ടതാണ്. മാതൃകയാക്കാവുന്ന അനുഭവങ്ങളാണ് നാം ചരിത്രത്തിൽ അടയാളപ്പെടുത്തിയത്. ലഭിക്കേണ്ടുന്ന സഹായങ്ങളും ആനുകൂല്യങ്ങളും നിഷേധിക്കുന്ന ഇടപെടൽ പല ഭാഗത്തുനിന്നും ഉണ്ടായി. അത്തരം തടസ്സപ്പെടുത്തലുകൾക്കു മുന്നിൽ നാം തളർന്നില്ല. അതിജീവനത്തിന്റെയും മുന്നേറ്റത്തിന്റെയും നിശ്ചയദാർഢ്യമായാണ് റീബിൽഡ് കേരള ഇനിഷ്യേറ്റീവ് (ആർകെഐ) ഏറ്റെടുത്തത്. ഇത് സർക്കാരിന്റെ മാത്രം ഒരു പരിപാടിയല്ല. പ്രതിപക്ഷ നേതാവും ഭരണ രംഗത്തെ പരിചയസമ്പന്നരും പൊതുസമൂഹത്തിൽ അറിയപ്പെടുന്ന സാമ്പത്തിക-സാങ്കേതിക മേഖലകളിലെ വിദഗ്ധരും ചേർന്നതാണ് ആർകെഐ ഉപദേശക സമിതി. അതിനു പുറമെ ഉന്നതാധികാര സമിതിയും നടത്തിപ്പ് സമിതിയും പ്രവർത്തിക്കുന്നു. പുനർനിർമാണ പ്രക്രിയയിൽ ഒരാൾ പോലും വിട്ടുപോകരുത് എന്ന നിർബന്ധത്തോടെയാണ് ഇതിന്റെ ഇടപെടൽ.
പുനർനിർമാണത്തിന് ആവശ്യമായ പണം നിലവിലുള്ള രീതികളിൽ ആർജിക്കാൻ കഴിയാത്തതാണ്. പ്രളയാനന്തരം ഐക്യരാഷ്ട്ര സഭാ ഏജൻസികൾ തയാറാക്കിയ കണക്കുകൾ പ്രകാരം 31,000 കോടി രൂപയുടെ നഷ്ടമാണ് കേരളത്തിനുണ്ടായത്. ഇത് നമ്മുടെ ആഭ്യന്തര വരുമാനത്തിന്റെ നാലു ശതമാനത്തോളം വരും. ഈ തുക എങ്ങനെ കണ്ടെത്തും എന്നതാണ് സംസ്ഥാനത്തിനു മുന്നിലുണ്ടായ പ്രധാന പ്രശ്‌നം. പണം മാത്രം പോരാ, ആധുനികമായ ശാസ്ത്ര സാങ്കേതിക സഹായവും വേണം. കേരളത്തിന്റെ വീണ്ടെടുപ്പ് കേവലം പുനർനിർമാണമായല്ല, പുതിയ കേരളത്തിന്റെ സൃഷ്ടിയായാണ് വിഭാവനം ചെയ്യുന്നത്. ഇനി ഒരു അത്യാഹിതത്തിനും തകർക്കാനാവാത്ത ഉറപ്പിലാണ് പുനർനിർമാണം നടക്കേണ്ടത്. അത് പ്രകൃതി സൗഹൃദപരവും കാലാനുസൃതവും ആകണം. സമയബന്ധിതമായി പൂർത്തിയാക്കുകയും വേണം. ഇതെല്ലാം കണക്കിലെടുത്താണ് കേരള പുനർനിർമാണ വികസന പരിപാടി (ആർകെഡിപി) ആവിഷ്‌കരിച്ചത്.
പ്രളയഘട്ടത്തിൽ സഹായ സന്നദ്ധതയുമായി ലോകമെമ്പാടും നിന്ന് വ്യക്തികളും സംഘടനകളും സ്ഥാപനങ്ങളും സർക്കാരുകളും മുന്നോട്ടു വന്നു. പുനർനിർമാണ ഉദ്യമത്തിൽ പങ്കാളിത്തം വഹിക്കാനും വിവിധ മേഖലകളിൽനിന്ന് അത്തരം സന്നദ്ധത പ്രകടിപ്പിക്കപ്പെട്ടിട്ടുണ്ട്. അങ്ങനെ തയാറാവുന്ന ഏജൻസികളും സ്ഥാപനങ്ങളും ഒത്തുചേർന്ന സംഗമമാണ് ജൂലൈ 15 ന് കോവളത്ത് സംഘടിപ്പിച്ചത്. വികസന പങ്കാളികളുടെ ആ സംഗമത്തിൽ ലോക ബാങ്ക് ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളും ഏജൻസികളും വിവിധ മേഖലകളിലെ സാമ്പത്തിക-സാങ്കേതിക വിദഗ്ധരും പങ്കാളികളായി.
ലോക ബാങ്കിന്റെയും ഏഷ്യ വികസന ബാങ്കിന്റെയും കൺട്രി ഡയറക്ടർമാരുൾപ്പെടെ പങ്കെടുത്തു. ജെഐസിഎ (ജപ്പാൻ ഇന്റർനാഷണൽ കോർപറേഷൻ ഏജൻസി), ഐക്യരാഷ്ട്ര സഭയുടെ പ്രതിനിധികൾ, എഎഫ്ഡി (ഫ്രഞ്ച് വികസന ഏജൻസി), കെഎഫ്ഡബ്ല്യൂ (ജർമൻ വികസന ബാങ്കിങ് ഗ്രൂപ്പ്), ബിൽ ആന്റ് മെലിൻഡാ ഗേറ്റ്‌സ് ഫൗണ്ടേഷൻ, എഐഐബി (ഏഷ്യൻ ഇഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ബാങ്ക്), ഐഎഫ്ഡിസി ഇൻസ്റ്റിറ്റിയൂട്ട്, എൻഡിബി, ഹഡ്‌കോ, നബാർഡ്, ടാറ്റാ ട്രസ്റ്റ് എന്നിവയുടെ പ്രതിനിധികൾ കോൺക്ലേവിലെത്തി.
കേരളത്തിന്റെ പുനർനിർമാണത്തിന് സർക്കാർ വിഭാവനം ചെയ്യുന്ന പരിപാടിയുടെ സമഗ്രമായ പരിചയപ്പെടുത്തലായിരുന്നു കോൺക്ലേവിന്റെ പ്രധാന അജണ്ട. നേരത്തേ തന്നെ ഈ രേഖയെ ആസ്പദമാക്കി ലോക ബാങ്കുമായി വിവിധ തലത്തിൽ ചർച്ച നടന്നിരുന്നു. അതിന്റെ ഭാഗമായി 500 ദശലക്ഷം ഡോളറിന്റെ (ഏതാണ്ട് 3500 കോടി രൂപ) ഡെവലപ്‌മെന്റ് പോളിസി ലോൺ ലോക ബാങ്ക് അനുവദിച്ചു. ഇതിന്റെ ആദ്യ ഗഡുവായി 250 ദശലക്ഷം ഡോളറാണ് ലഭിക്കുന്നത്.
അതിൽ 160 ദശലക്ഷം ഡോളറിന്റെ വായ്പയ്ക്ക് നാലു വർഷത്തെ മൊറട്ടോറിയവും 30 വർഷത്തെ തിരിച്ചടവ് കാലാവധിയുമുണ്ട്. ഒന്നര ശതമാനമാണ് പലിശനിരക്ക്. അതിൽ ബാക്കിവരുന്ന 90 ദശലക്ഷം ഡോളറിന്റെ തിരിച്ചടവ് കാലയളവ് 18 വർഷമാണ്. നാലു വർഷത്തെ മൊറട്ടോറിയം ലഭിക്കും. പലിശനിരക്ക് നാലു മുതൽ 4.5 ശതമാനം വരെയാണ്. ഏതെങ്കിലും പ്രോജക്ടുമായി ബന്ധപ്പെടുത്തിയുള്ളതല്ല ഈ വായ്പ. സംസ്ഥാനത്തിന്റെ വികസന ആവശ്യങ്ങൾക്കായി ഇത് വിനിയോഗം ചെയ്യാൻ പൂർണ സ്വാതന്ത്ര്യമുണ്ട്. അത് നമ്മുടെ മികവിനു ലഭിക്കുന്ന അംഗീകാരമാണ്. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനത്തെ ലോക ബാങ്ക് വികസന പങ്കാളിയായി അംഗീകരിക്കുന്നത്.
കോൺക്ലേവിൽ കേരളത്തിന്റെ ആവശ്യങ്ങളോട് അനുഭാവപൂർവമായ സമീപനമാണ് എല്ലാ പങ്കാളികളും സ്വീകരിച്ചത്. സാമ്പത്തിക സഹായത്തോടൊപ്പം സാങ്കേതിക സഹായവും ഇതുപോലുള്ള ദുരന്തങ്ങൾ നേരിടുകയും ദുരന്ത മേഖലകളെ പുനർനിർമിക്കുകയും ചെയ്ത അനുഭവമുള്ളവരുടെ വൈദഗ്ധ്യത്തിന്റെ സാന്നിധ്യവും വേണ്ടതുണ്ട്. ലോക ബാങ്കിന്റെ ദുരന്ത നിവാരണ വിഭാഗത്തിലെയും ഐക്യരാഷ്ട്ര സഭയുടെ വീണ്ടെടുപ്പ് വിഭാഗത്തിലെയും ഉന്നതാധികാരികളുടെ സാന്നിധ്യം കോൺക്ലേവിൽ ഉണ്ടായിരുന്നു. സാമ്പത്തിക, സാങ്കേതിക സഹായങ്ങളും പങ്കാളിത്തവുമാണ് ഉറപ്പാക്കപ്പെട്ടത്.
പ്രളയ ദുരന്തത്തിൽ നിന്നുള്ള കരകയറൽ മാത്രമല്ല നമ്മുടെ ലക്ഷ്യം; ഇതര പ്രകൃതി ദുരന്തങ്ങൾ, കാലാവസ്ഥാ വ്യതിയാനം എന്നിവയെ കൂടി അതിജീവിക്കുന്ന രീതിയിലുള്ള പുനർനിർമാണമാണ്. ഭാവിയിൽ ഏതു ദുരന്തം വന്നാലും കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ ഉണ്ടായതു പോലുള്ള നാശനഷ്ടങ്ങൾ സംഭവിക്കരുത്. അതിജീവന ക്ഷമതയുള്ള കേരളം കെട്ടിപ്പടുക്കുകയും അതിലൂടെ സുസ്ഥിര വികസനം ഉറപ്പാക്കുകയുമാണ് നാം. ആർകെഡിപിയുടെ പദ്ധതികൾ അതുകൊണ്ടുതന്നെ വളരെയേറെ സങ്കീർണതയുള്ളതും ദീർഘവീക്ഷണം ആവശ്യപ്പെടുന്നതുമാണ്. പ്രോജക്ട് രൂപരേഖ ഉന്നതാധികാര സമിതിയും വിദഗ്ധരും പരിശോധിച്ച ശേഷമാണ് മന്ത്രിസഭ അംഗീകരിക്കുക. ഓരോ പദ്ധതിയും കൃത്യമായി വിലയിരുത്തപ്പെടും.
കഴിഞ്ഞ ഓഗസ്റ്റിൽ എല്ലാം തകർന്നു എന്നു കരുതിയവരാണ് നാം. പ്രളയജലം കുത്തിയൊഴുകി വന്നപ്പോൾ കേരളത്തിന് ഇനി എന്തു ഭാവി എന്നു ചിന്തിച്ചവരുണ്ട്. ആ നൈരാശ്യത്തെ പൂർണമായും ഇല്ലായ്മ ചെയ്ത് പ്രതീക്ഷയുടെ പുതിയ വെളിച്ചം പകരുന്ന പ്രക്രിയയുടെ ഏറ്റവും പ്രധാനപ്പെട്ട ചുവടുവെപ്പാണ് വികസന പങ്കാളികളുടെ കോൺക്ലേവ് എന്ന് നിസ്സംശയം പറയാം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നാനാഭാഗത്തുനിന്നും വന്ന സംഭാവനയും ഇവിടെ എടുത്തുപറയേണ്ടതാണ്. 4,106.38 കോടി രൂപയാണ് ഇതുവരെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചത്. അതിൽ 2,041.34 കോടി രൂപ ഇതിനകം ചെലവിട്ടുകഴിഞ്ഞു. മത്സ്യത്തൊഴിലാളി ഭവന നിർമാണത്തിനുൾപ്പെടെ ഈ തുക ചെലവഴിക്കുന്നതിന് തീരുമാനമെടുത്തിട്ടുണ്ട്.
അതിജീവനത്തിന്റെയും നവകേരള സൃഷ്ടിയുടെയും ഭാഗമായുള്ള പൊതുസംഗമങ്ങൾ ജൂലൈ 20 ന് സംസ്ഥാനത്തിന്റെ 14 ജില്ലാ കേന്ദ്രങ്ങളിലും നടക്കുകയാണ്. പൂർത്തിയായ വീടുകളുടെ താക്കോൽദാനം ഉൾപ്പെടെ ഈ പരിപാടികളിൽ നടക്കും. ആ ഘട്ടത്തിൽ തന്നെയാണ് ലോകത്തിന്റെ സഹായം ഒരു കുടക്കീഴിലേക്ക് കൊണ്ടുവരാനുള്ള വികസന പങ്കാളിത്ത സംഗമം നമുക്ക് വിജയകരമായി പൂർത്തിയാക്കാനായത്. തുടർന്നുള്ള നാളുകളിൽ ഈ കോൺക്ലേവിൽ ഉരുത്തിരിഞ്ഞ തീരുമാനങ്ങളുടെ നടപ്പാക്കലിന്റെ തുടർപരിശോധനകൾക്ക് സർക്കാർ തീരുമാനിച്ചിട്ടുണ്ട്. വിവിധ ഏജൻസികളുടെയും സ്ഥാപനങ്ങളുടെയും പങ്കാളിത്തം സംബന്ധിച്ച ചർച്ചകളും തീരുമാനങ്ങളും വരും നാളുകളിൽ ഉണ്ടാകും. ഉറച്ച ചുവടുവെപ്പുകളോടെ മുന്നേറാനും ലക്ഷ്യത്തിലെത്താനും നമുക്കു കഴിയും.