കൊച്ചി- നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി നടന്‍ ദിലീപിന്റെ ലൊക്കേഷനില്‍ എത്തിയിരുന്നതായി പോലീസിന് വിവരം ലഭിച്ചു. ഇതു തെളിയിക്കുന്ന ചിത്രങ്ങളും പോലീസിനു ലഭിച്ചതായാണ് സൂചന. പ്രതി സുനിയുമായി ബന്ധമില്ലെന്നാണ് ദിലീപ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നത്.
2016 നവബംര്‍ 13 ന് തൃശൂരിലെ പ്രമുഖ ക്ലബില്‍ ജോര്‍ജേട്ടന്‍സ് പൂരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോഴാണ് സുനി ദിലീപിനെ കാണാനെത്തിയത്. ക്ലബ് ജീവനക്കാര്‍ പകര്‍ത്തിയ സെല്‍ഫി ഫോട്ടോകളിലാണ് സുനിയുള്ളത്. അതിക്രമത്തിനിരയായ നടിയും ഈ ക്ലബിലെ ഹെല്‍ത്ത് ക്ലബില്‍ എത്താറുണ്ടായിരുന്നു. ക്ലബിലെ ജീവനക്കാരെ ചോദ്യം ചെയ്ത പോലീസ് ഇവിടത്തെ സിസിടിവി ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുമുണ്ട്.