കൊണ്ടോട്ടി-ഹജ് തീർത്ഥാടകരുടെ ചുണ്ടിലെ മന്ത്രധ്വനികളാൽ മുഖരിതമായ സംസ്ഥാന ഹജ് കമ്മിറ്റിയുടെ കരിപ്പൂർ ഹജ് ക്യാമ്പിന് പ്രാർത്ഥനകാളോടെ പരിസമാപ്തി. ഇന്ന് നാലു വിമാനങ്ങളിലായി 1160 ഹജ് തീർത്ഥാടകർ കൂടി പുറപ്പെടുന്നതോടെ ഈ വർഷത്തെ ഹജ് സർവീസുകൾക്കും സമാപനമാകും. സമസ്ത പ്രസിഡണ്ട് സയ്യിദ് ജിഫ്രിമുത്തുക്കോയ തങ്ങളുടെ പ്രാർത്ഥനയോടെയും ഉദ്‌ബോധനത്തോടെയുമാണ് ഈ വർഷത്തെ ഹജ് സമാപന സംഗമത്തിന് തുടക്കമായത്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ സമാപന സംഗമം ഉദ്ഘാടനം ചെയ്തു.
ഹജ് വേളയിൽ രാജ്യത്തിന്റെ ഐക്യത്തിനും അഭിവൃദ്ധിക്കും വേണ്ടി ഹാജിമാർ പ്രാർത്ഥിക്കണമെന്ന് ഹൈദരലി തങ്ങൾ പറഞ്ഞു. ഹജ് കഴിഞ്ഞെത്തിയാലും ഓരോ ഹാജിയും ഹജിന്റെ പവിത്രത കൈവെടിയാതെ ജീവിക്കാൻ ശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഹജ് കാര്യ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീൽ അധ്യക്ഷനായി.
കേന്ദ്ര ഹജ് കമ്മിറ്റി വൈസ് ചെയർമാൻ ജിന നബി ശൈഖ്, ഹജ് കമ്മിറ്റി ചെയർമാൻ സി.മുഹമ്മദ് ഫൈസി, എം.എൽ.എമാരായ ടി.വി.ഇബ്രാഹീം, പി.അബ്ദുൾ ഹമീദ്, പി.കെ.ബഷീർ, അഡ്വ.പി.ടി.എ റഹീം, ഡോ.ബാഹാവുദ്ദീൻ മുഹമ്മദ് നദ്‌വി, പൊൻമള അബ്ദുൾ ഖാദർ മുസ്ലിയാർ, കുഞ്ഞ് മുഹമ്മദ് പറപ്പൂർ, ഡോ.എൻ.എം.മുജീബ് റഹ്മാൻ, പി.അബ്ദുറഹിമാൻ, മുസ്ലിയാർ സജീർ, കാസിംകോയ പൊന്നാനി തുടങ്ങി നിരവധി പേർ സംബന്ധിച്ചു.
കഴിഞ്ഞ 6 നാണ് കരിപ്പൂർ ഹജ് ക്യാമ്പിന് തുടക്കമായത്. 7 മുതൽ ഹജ് സർവീസുകൾക്ക് തുടക്കമായി. ഇന്നലെ വരെ 33 വിമാനങ്ങളിലായി 3893 പുരുഷന്മാരും 5981 സ്ത്രീകളും,14 കുട്ടികളും ഉൾപ്പടെ 9874 പേരാണ് ഹജ്ജിന് പോയത്. ഇന്നുളള അവസാന നാലു ഹജ് വിമാനങ്ങളിലായി 1160 പേർകൂടി യാത്രയാവുന്നതോടെ ഈ വർഷത്തെ ഹജ് സർവീസുകൾക്ക് സമാപനമാകും.