മഞ്ചേരി-മഞ്ചേരി വില്ലേജ് ഓഫീസില്‍ പൊതുജനങ്ങള്‍ക്കായി വികസന സമിതിയുടെ ആഭിമുഖ്യത്തില്‍ നിര്‍മിച്ച ശൗചാലയം പൊളിക്കാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു. ജില്ലാ കളക്ടറുടെ ഉത്തരവനുസരിച്ച് എത്തിയവരെയാണ് വില്ലേജ് വികസന സമിതി അംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് തടഞ്ഞത്. പ്രതിഷേധ സമരത്തിനു കൗണ്‍സിലര്‍മാരായ കൃഷ്ണദാസ് രാജ, കെ. മോഹന്‍ദാസ്, അജ്മല്‍ സുഹീദ്, സിക്കന്ദര്‍ ഹയാത്ത്, സജിത്ത് കോലോട്ട് എന്നിവരും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ എം. റഹ്മാന്‍, സമീര്‍ പടവണ്ണ, ഹുസയിന്‍ പുല്ലഞ്ചേരി എന്നിവര്‍ നേതൃത്വം നല്‍കി.
മഞ്ചേരി വില്ലേജ് കാര്യാലയത്തിന്റെ പേരിലുള്ള ഏഴു സെന്റ് സ്ഥലത്താണ് ശൗചാലയം നിര്‍മിച്ചിട്ടുള്ളത്. വികസന സമിതി അംഗങ്ങളും നഗരസഭാ കൗണ്‍സിലര്‍മാരും മറ്റുമാണ് ഇതിനായി ഫണ്ട് സ്വരൂപിച്ചത്. നിരവധി സര്‍ക്കാര്‍ കാര്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്ന മഞ്ചേരി കച്ചേരിപ്പടിയില്‍ പൊതുശൗചാലയം ഇല്ലെന്ന പരാതിയെ തുടര്‍ന്നാണ് വില്ലേജ് ഓഫീസിന്റെ സ്ഥലത്ത് ശൗചാലയം നിര്‍മിച്ചത്. വിവിധ ആവശ്യങ്ങള്‍ക്കായി കച്ചേരിപ്പടിയില്‍ എത്തുന്ന കുട്ടികളും സ്ത്രീകളുമടക്കമുള്ളവരുടെ ദുരവസ്ഥ കണക്കിലെടുത്താണ് വില്ലേജ് വികസന സമിതി മൂത്രപ്പുര നിര്‍മിച്ചത്. എന്നാല്‍ ഇതു കോടതിയുടെ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നതെന്നു ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ ആരോപിക്കുന്നു. നേരത്തെ ബാര്‍ അസോസിയേഷന്റെ കാന്റീന്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥലത്താണ് മൂത്രപ്പുര നിര്‍മിച്ചിരിക്കുന്നതെന്നും ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, മഞ്ചേരി കോര്‍ട്ട് കോംപ്ലക്‌സിനായി പുതുതായി നിര്‍മിക്കുന്ന ബഹുനില കെട്ടിടത്തിലേക്ക് ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്കു പ്രവേശിക്കുന്നതിനുള്ള വഴിയാണിതെന്നും അത്തരത്തിലുള്ള ഒരു പ്ലാനിനാണ് അംഗീകാരം ലഭിച്ചിട്ടുള്ളതെന്നുമാണ് കോടതി അധികൃതരുടെ ഭാഷ്യം. ഇതോടെ ഇരു വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കം രൂക്ഷമായിരിക്കയാണ്. ശൗചാലയം പൊളിക്കുന്നത് താത്ക്കാലികമായി നിര്‍ത്തി വച്ചിട്ടുണ്ടെങ്കിലും കോടതി കെട്ടിട സമുച്ചയത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നതോടെ ഇതു ഏറെ പ്രയാസം സൃഷ്ടിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
(പടം, ടോയ്‌ലറ്റ്)
മഞ്ചേരി കച്ചേരിപ്പടിയിലെ ശൗചാലയം പൊളിക്കുന്നതു തടയാനെത്തിയ വില്ലേജ് വികസന സമിതി അംഗങ്ങളും നാട്ടുകാരും.