കണ്ണൂര്‍ - കണ്ണൂര്‍ വിമാനത്താവളത്തിലൂടെ കടത്താന്‍ ശ്രമിച്ച രണ്ടര കിലോ തൂക്കം വരുന്ന സ്വര്‍ണം പിടികൂടി. കോഴിക്കോട് നിന്നുള്ള ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്റ്‌സ് വിഭാഗമാണ് സ്വര്‍ണം പിടികൂടിയത്.
ഉച്ചയോടെ ദോഹയില്‍ നിന്ന് എത്തിയ യാത്രക്കാരനില്‍ നിന്നാണ് ഒരു കോടിയോളം രൂപ വില വരുന്ന സ്വര്‍ണം പിടിച്ചത്. ഇക്കഴിഞ്ഞ പത്താം തീയതി ദോഹയില്‍ നിന്നു വന്ന യാത്രക്കാരനില്‍ നിന്നും 2.809 കിലോ സ്വര്‍ണം പിടികൂടിയിരുന്നു.
ഉദ്ഘാടനം കഴിഞ്ഞ് 200 ദിവസം പിന്നിട്ടപ്പോഴേക്കും കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും 38 തവണകളിലായി 28.8 കിലോ സ്വര്‍ണം പിടികൂടിയിട്ടുണ്ട്. ഇതിന് 12 കോടിയോളം രൂപ വില വരും.
സ്വര്‍ണ ത്തിനു പുറമെ, ഹാഷിഷ് ഓയിലും പുകയില ഉല്‍പ്പന്നങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞദിവസം രാത്രി കുവൈത്തില്‍ നിന്നും എത്തിയ കാസര്‍ഗോഡ് സ്വദേശി അബ്ദുല്‍ ഗഫൂറില്‍ നിന്നും നിരോധിത സിഗരറ്റ് പിടികൂടിയിരുന്നു. 200 സിഗരറ്റുകള്‍ വീതമുള്ള 80 പാക്കറ്റുകളാണ് കസ്റ്റംസ് പിടിച്ചെടുത്തത്. ഇതിന് 1.60 ലക്ഷം രൂപ വിലവരും.