Sorry, you need to enable JavaScript to visit this website.

പ്രവാസി വ്യവസായിയുടെ ആത്മഹത്യ: ഭാര്യ കക്ഷി ചേര്‍ന്നു

കണ്ണൂര്‍ - പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി സ്വമേധയാ എടുത്ത കേസില്‍ സാജന്റെ ഭാര്യ ബീന കക്ഷി ചേര്‍ന്നു. കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടാണ് കക്ഷി ചേര്‍ന്നത്.


സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബീന മുഖ്യമന്ത്രിക്കു പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ ഇതുവരെ നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് ബീന കേസില്‍ കക്ഷി ചേരാന്‍ തീരുമാനിച്ചത്. മാത്രമല്ല, ബീനയ്ക്കും കുടുംബത്തിനുമെതിരെ സി.പി.എം നിയന്ത്രണത്തിലുള്ള സമൂഹ മാധ്യമ ഗ്രൂപ്പുകളില്‍ നിന്നു പാര്‍ട്ടി പത്രത്തില്‍ നിന്നുമുണ്ടായ അപമാനകരമായ ആക്രമണവും ഈ തീരുമാനത്തിനു കാരണമായതാണ് സൂചന. സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ നര്‍ക്കോട്ടിക്‌സ് ഡിവൈ.എസ്.പി കൃഷ്ണ ദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. അന്വേഷണ സംഘത്തില്‍ നിന്നുള്ള സൂചന എന്ന പേരിലാണ് അപമാനകരമായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചിരുന്നത്. ഈ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ബീന, മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ യാതെ#ാരു നടപടിയുമുണ്ടായില്ല. മാത്രമല്ല, പ്ലാനില്‍ മാരരം വരുത്തിയതാണ് കണ്‍വെന്‍ഷന്‍ സെന്ററിനു അനുമതി നല്‍കുന്നതിനു തടസ്സമായതെന്ന വാദവും സര്‍ക്കാര്‍ കോടതിക്കു മുമ്പാകെ ഉയര്‍ത്തിയിരുന്നു. ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് സര്‍ക്കാര്‍ ഇത്തരത്തില്‍ സത്യവാങ്മൂലം നല്‍കിയത്.


സാജനും ബീനയും സി.പി.എം അനുഭാവ കുടുംബത്തില്‍ പെട്ടവരാണ്. സാജന്റെ മരണത്തിനു പിന്നാലെ നിരവധി നേതാക്കള്‍ ഈ കുടുംബത്തെ സന്ദര്‍ശിച്ച് ആശ്വസിപ്പിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടി മുഖപത്രത്തില്‍ അപമാനകരമായ വാര്‍ത്ത വന്നതിനു ശേഷം ഒരു നേതാവും ഈ വീട്ടിലെത്തിയിട്ടില്ല. സാജന്റെ മക്കള്‍ക്കു സ്‌കൂളില്‍ പോകാന്‍ പോലും സാധിക്കാത്ത അവസ്ഥയുമുണ്ടായി. ഇപ്പോഴത്തെ അന്വേഷണ സംഘത്തില്‍ തനിക്കും കുടുംബത്തിനും വിശ്വാസമില്ലെന്നു ബീന വ്യക്തമാക്കിയിരുന്നു. സി.പി.എം അനുഭാവ സംഘടനയുമായി അടുത്ത ബന്ധമുള്ള ഉദ്യോഗസ്ഥരാണ് ഈ സംഘത്തിലുള്ളത്. മാത്രമല്ല, ഇതില്‍ രണ്ടു പേര്‍ ആന്തൂര്‍ സ്വദേശികളുമാണ്. കേസുമായി ബന്ധപ്പെട്ട് ഫോണ്‍ വിളി വിവാദം ഉയര്‍ത്തിയതിനു പിന്നില്‍ സ്ഥാപിത താല്‍പ്പര്യക്കാരായ ഇത്തരം ഉദ്യോഗസ്ഥരാണെന്നാണ് കുടുംബം വിശ്വസിക്കുന്നത്. മാത്രമല്ല, മറ്റൊരു ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ സമാന്തര അന്വേഷണവും നടന്നിരുന്നുവെന്ന ആരോപണവും ശക്തമാണ്. ഈ കേസുമായി ബന്ധപ്പെട്ട് സാജന്റെ സ്ഥാപനത്തിലെ ജീവനക്കാരും ബന്ധുക്കളും അടക്കം മുപ്പതോളം പേരില്‍ നിന്നും അന്വേഷണ സംഘം മെ#ാഴിയെടുത്തിരുന്നു. എന്നാല്‍ ഇതില്‍ ഒരാള്‍ പോലും ബീനക്കെതിരെ പരാമര്‍ശം നടത്തിയില്ലെന്നതും ശ്രദ്ധേയമാണ്.  
   കേസ് അടുത്ത തവണ പരിഗണിക്കുന്ന സമയത്ത് സി.ബി.ഐ അന്വേഷണമെന്ന ആവശ്യം ഉയര്‍ത്തും. പ്രശസ്ത അഭിഭാഷകന്‍ കാളീശ്വരം രാജാണ് ബീനയ്ക്കു വേണ്ടി ഹാജരാവുന്നത്. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇതിനകം കൈമാറിയെന്നാണ് സൂചന

 

Latest News