മാനന്തവാടി-വനിതാ സി.ഐയുടെ വീട്ടില്‍ ജോലിക്കുനിന്ന അനാഥ യുവതിയെ കാണാതായതായി മനുഷ്യാവകാശ പ്രവര്‍ത്തകന്‍ മുജീബ് റഹ്മാന്‍ അഞ്ചുകുന്ന് സബ്കലക്ടര്‍ക്കു പരാതി നല്‍കി. നാട്ടുകാരില്‍നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരാതി. 22 വയസുള്ള ഗായത്രിയെയാണ് 2018 ഡിസംബര്‍ രണ്ടാംവാരം മുതല്‍ കാണാതായത്. 2017 അവസാനം ബംഗളൂരുവില്‍നിന്നു തനിച്ചു കല്‍പറ്റയിലെത്തിയ യുവതിയെ നാട്ടുകാര്‍ പോലീസില്‍ ഏല്‍പ്പിക്കുകയും തുടര്‍ന്നു വനിതാ സി.ഐ വീട്ടുജോലിക്കു നിര്‍ത്തുകയുമായിരുന്നു. എറണാകുളത്തു അനാഥാലയങ്ങളിലാണ് വളര്‍ന്നതെന്നു യുവതി നാട്ടുകാരില്‍ ചിലരോടു പറഞ്ഞിട്ടുണ്ട്.ഹിന്ദി, ഇംഗ്ലീഷ്, കന്നഡ, തമിഴ്, തെലുങ്ക് ഭാഷകള്‍ യുവതിക്കു അറിയാം. തൊഴില്‍സ്ഥലത്തെ ദുരിതം സംബന്ധിച്ച് ഇവര്‍ നാട്ടുകാരോടു പരാതി പറഞ്ഞിട്ടുണ്ട്. ദുരിതം സഹിക്കവയ്യാതെ യുവതി ഒളിച്ചോടിയെന്നാണ് നാട്ടുകാരില്‍ ചിലരുടെ സംശയം. യുവതിയെ കണ്ടെത്താന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യവും പരാതിയിലുണ്ട്.