ജിദ്ദ - ഹജ് തീർഥാടകർക്ക് സൗദിയിലേക്ക് പ്രവേശനം നൽകുന്നതിനുള്ള ജവാസാത്ത് നടപടിക്രമങ്ങൾ 35 സെക്കന്റിനകം പൂർത്തിയാക്കുന്നതായി സൗദി ജവാസാത്ത് മേധാവി മേജർ ജനറൽ സുലൈമാൻ അൽയഹ്‌യ പറഞ്ഞു. മദീന പ്രിൻസ് മുഹമ്മദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഹജ് ടെർമിനൽ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു ജവാസാത്ത് മേധാവി. ഹജ് തീർഥാടകരെ സ്വീകരിച്ച് പ്രവേശന നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിൽ വനിതാ ഉദ്യോഗസ്ഥർ സുപ്രധാന പങ്ക് വഹിക്കുന്നുണ്ട്. തീർഥാടകരുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനും പ്രശ്‌നങ്ങൾ ശ്രദ്ധയിൽപെട്ടാൽ അവക്ക് അപ്പപ്പോൾ പരിഹാരം കാണുന്നതിനും വനിതാ ഉദ്യോഗസ്ഥർക്ക് പൂർണ അധികാരം നൽകിയിട്ടുണ്ട്.
വനിതാ ഹജ് തീർഥാടകരുടെ നടപടിക്രമങ്ങളാണ് ജവാസാത്തിനു കീഴിലെ വനിതാ ഉദ്യോഗസ്ഥർ പൂർത്തിയാക്കുന്നത്. ആകെ തീർഥാടകരിൽ പകുതിയോളം പേർ വനിതകളാണ്. മദീന വിമാനത്താവളം വഴി കഴിഞ്ഞ ദിവസം വരെ 3,10,000 തീർഥാടകരും ജിദ്ദ എയർപോർട്ട് വഴി 2,15,000 ഹാജിമാരും എത്തിയിട്ടുണ്ട്. ഹജ് തീർഥാടകരുടെ നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കുന്നതിന് മദീന എയർപോർട്ടിൽ പര്യാപ്തമായത്ര ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. നല്ല പരിശീലനം സിദ്ധിച്ച ഉദ്യോഗസ്ഥരെയാണ് തീർഥാടകരുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് നിയോഗിച്ചിരിക്കുന്നത്. അത്യാധുനിക ഉപകരണങ്ങൾ മദീന വിമാനത്താവളത്തിലെ ജവാസാത്ത് കൗണ്ടറുകളിൽ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മേജർ ജനറൽ സുലൈമാൻ അൽയഹ്‌യ പറഞ്ഞു.