അബുദാബി- തൊഴില്‍ തട്ടിപ്പിനെക്കുറിച്ച ബോധവല്‍ക്കരണവും പ്രചാരണവുമൊക്കെ ധാരാളമായി നടക്കുന്നുവെങ്കിലും വിസ റാക്കറ്റുകളുടെ വലയില്‍ കുടുങ്ങുന്ന മലയാളികളുടെ കാര്യത്തില്‍ കുറവില്ല. ഒന്‍പത് മലയാളികള്‍ യു.എ.ഇയില്‍ വിസ തട്ടിപ്പിനിരയായി കുടുങ്ങിക്കിടക്കുകയാണ്. ഇവരെ നാട്ടിലയക്കാന്‍ സാമൂഹിക പ്രവര്‍ത്തകര്‍ ശ്രമിക്കുകയാണ്.
കോഴിക്കോട് സ്വദേശികളായ റഫീഖ്, ഐനാസ്, മണ്ണാര്‍ക്കാട് സ്വദേശികളായ നൗഫല്‍, അസ്ഹറലി, എടപ്പാള്‍ സ്വദേശി ഫാസില്‍ എന്നിവര്‍ അല്‍ഐനിലും പ്രവീണ്‍ കുറ്റിപ്പുറം, അര്‍ഷല്‍ കൊണ്ടോട്ടി, അസീസ് മണ്ണാര്‍ക്കാട് എന്നിവര്‍ അജ്മാനിലുമാണ് കുടുങ്ങിയത്. കൊല്ലം സ്വദേശി വിശാഖ് ബന്ധുക്കളുടെ അടുത്തുമുണ്ട്. 15 ദിവസത്തിനകം വിസ എന്നു പ്രചരിപ്പിച്ച വാട്‌സാപ്പ് നമ്പറില്‍ ബന്ധപ്പെട്ടാണ് ഇവര്‍ തട്ടിപ്പിന് ഇരയായത്.
അജ്മാനിലെ അല്‍ഹൂത്ത് സൂപ്പര്‍മാര്‍ക്കറ്റില്‍ 1300 ദിര്‍ഹം ശമ്പളത്തിന് ജോലി വാഗ്ദാനം ചെയ്ത് കൊപ്പം സ്വദേശി ഷഫീഖാണ് ഇവരെ റിക്രൂട്ട് ചെയ്തത്. ഓരോരുത്തരില്‍നിന്നും 70,000 രൂപ ഈടാക്കി. വാട്‌സാപ്പ് വഴി മാത്രമായിരുന്നു ഇയാളുമായി ബന്ധം.
അബുദാബിയിലേക്ക് സന്ദര്‍ശക വിസയില്‍ എത്തിക്കുകയായിരുന്നു. ലോക്കല്‍ ഏജന്റെന്ന പേരില്‍ ഷമീര്‍ എന്നയാളെത്തി 9 പേരില്‍ 4 പേരെ അജ്മാനിലും 5 പേരെ അല്‍ഐനിലും എത്തിച്ചു. അതോടെ അയാള്‍ മുങ്ങി.
തട്ടിപ്പിന് ഇരയായവരെ നാട്ടിലേക്ക് തിരിച്ചെത്തിക്കാന്‍ എംബസിയുമായി ബന്ധപ്പെട്ട് ആവശ്യമായ സഹായം നല്‍കുമെന്ന് അല്‍ഐന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ വൈസ് പ്രസിഡന്റും ഇന്‍കാസ് ജനറല്‍ സെക്രട്ടറിയുമായ കെ.വി ഈസ പറഞ്ഞു.