Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ആ പാലത്തിൽ തക്കുടു വീണ്ടുമെത്തി; അച്ഛന്റെ കൈ പിടിച്ച്

തക്കുടുവും അച്ഛൻ വിജയരാജും പുതുക്കിപ്പണിത ചെറുതോണി പാലത്തിൽ 

ഇടുക്കി-ഇത് തക്കുടുവെന്ന നാലു വയസ്സുകാരൻ സൂരജ്. വീട്ടുകാരുടെയും നാട്ടുകാരുടെയും ചെല്ലക്കുട്ടിയായ കുസൃതിക്കുരുന്ന്. അവൻ പോലുമറിയാതെ പ്രളയാതിജീവനത്തിന്റെ നേർകാഴ്ചയായവൻ. കനത്ത മഴയെ തുടർന്ന് നിറഞ്ഞു കവിഞ്ഞ ഇടുക്കി ഡാം തുറന്നു വിടേണ്ടി വന്നപ്പോൾ ചെറുതോണി പാലം മുട്ടി വെള്ളം കുതിച്ചൊഴുകി. ചെറുതോണി പാലത്തിലൂടെയുള്ള വെള്ളപ്പാച്ചിൽ ക്യാമറകളിൽ പകർത്താൻ സമീപത്തെ ഉയർന്ന കെട്ടിടങ്ങളിൽ മാധ്യമ പ്രതിനിധികൾ ഇടം പിടിച്ചിരുന്നു.
പിറ്റേന്നത്തെ മാധ്യമ വാർത്തകൾ ഏറെ പ്രാധാന്യത്തോടെ നൽകിയ ദൃശ്യമായിരുന്നു കുതിച്ചെത്തുന്ന വെള്ളത്തിനു മുന്നേ ചെറുതോണി പാലത്തിലൂടെ  ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങൾ രോഗബാധിതനായ കുട്ടിയെ  എടുത്ത്         ആശുപത്രിയിലെത്തിക്കാൻ  ഓടുന്നത്. കേരളത്തെ ദുരിതത്തിലാക്കിയ മഹാപ്രളയത്തിന്റെ ആഘാതം ലോകത്തെ അറിയിക്കും വിധം രാജ്യാന്തര ശ്രദ്ധ പിടിച്ചുപറ്റിയ  ചിത്രത്തിലെ ആ കൊച്ചുകുഞ്ഞാണ്  ഈ തക്കുടു.
ചെറുതോണി ഇടുക്കി കോളനിയിൽ കാരക്കാട്ട് പുത്തൻ വീട്ടിൽ വിജയരാജിന്റെയും മഞ്ജുവിന്റെയും എക മകനാണ് സൂരജ്.  ഇടുക്കി ഡാം തുറക്കുന്നതും വെള്ളമൊഴുകുന്നതും സുഹൃത്തുക്കൾക്കൊപ്പം കണ്ട ശേഷം ഓഗസ്റ്റ് 10 ന് ഉച്ചയോടെ വീട്ടിലെത്തിയ വിജയരാജ് കണ്ടത് കടുത്ത പനിയും ശ്വാസം മുട്ടലും കൊണ്ട് വിഷമിക്കുന്ന മൂന്നു വയസ്സുള്ള മകനെയാണ്. അതിശക്തമായ മഴ വകവെയ്ക്കാതെ എങ്ങനെയും കുഞ്ഞിനെ ആശുപത്രിയിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ മകനെ എടുത്ത് വീട്ടിൽ നിന്നിറങ്ങി. ' പാലത്തിനിക്കരെ വന്നപ്പോൾ തന്നെ പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു, അക്കരെ വിടാൻ നിർവാഹമില്ലെന്ന്. കുഞ്ഞിന് പനി കൂടുതലാണെന്ന് ബോധ്യപ്പെട്ടതോടെ മറുകരയിലുള്ള സർക്കിൾ ഇൻസ്‌പെക്ടറെ അറിയിക്കുകയും അവിടെയുണ്ടായിരുന്ന ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങൾ ഓടിയെത്തി കുഞ്ഞിനെ വാങ്ങി ഞൊടിയിട കൊണ്ട് മറുകരയെത്തിക്കുകയും ചെയ്തു. അവിടെ നിന്നും ഓട്ടോയിൽ കയറിയ ശേഷം തിരിഞ്ഞു നോക്കിയപ്പോൾ പാലത്തിനു മുകളിലൂടെ വെള്ളം കുതിച്ചൊഴുകുന്ന കാഴ്ച ഓർക്കുമ്പോൾ ഇപ്പോഴും പേടിയാകുന്നു' -വിജയരാജ് പറഞ്ഞു നിർത്തി. കൈയിൽ ഒരു രൂപ പോലും ഇല്ലാതിരുന്ന ആ സാഹചര്യത്തിൽ സ്വന്തം പോക്കറ്റിൽ നിന്നും പണമെടുത്ത് കൈയിൽ വെച്ചോളൂ എന്നു പറഞ്ഞ് നൽകിയ പോലീസ് ഉദ്യോഗസ്ഥനെയും വിജയരാജ് സ്‌നേഹത്തോടെ ഓർക്കുന്നു. ഇടുക്കി ന്യൂമാൻ സ്‌കൂളിലെ എൽ കെ ജി വിദ്യാർഥിയാണ് തക്കുടു.
 

Latest News