സൗദി അറേബ്യയുടെ സാമ്പത്തിക, വാണിജ്യ, വിനോദ സഞ്ചാര മേഖലക്ക് ശക്തി പകരാൻ ഉതകുന്നതാണ് കഴിഞ്ഞ ദിവസത്തെ മന്ത്രിസഭാ യോഗ തീരുമാനം. വിദേശത്തുനിന്നുമെത്തുന്ന ഉംറ തീർഥാടകർക്ക് രാജ്യത്ത് എവിടെ പോകുന്നതിനും വ്യാപാര സ്ഥാപനങ്ങൾക്കും റസ്റ്റോറന്റുകൾക്കും 24 മണിക്കൂർ പ്രവർത്തിക്കാനും അനുമതി നൽകിയുള്ള വിപ്ലവകരമായ തീരുമാനം രാജ്യ പുരോഗതിക്കു മാത്രമല്ല, സമൂല പരിവർത്തനത്തിനു തന്നെ നാന്ദികുറിക്കും. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ജിദ്ദ അൽസലാം കൊട്ടാരത്തിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് സ്വദേശികളും വിദേശികളും ഒരുപോലെ സ്വാഗതം ചെയ്ത ഈ തീരുമാനം എടുത്തിട്ടുള്ളത്. രാജ്യ പുരോഗതിക്കൊപ്പം രാപ്പകലില്ലാതെ അധ്വാനിക്കുന്ന ഊർജസ്വലരായ ഒരു സമൂഹത്തെ വാർത്തെടുക്കുകയെന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ടെന്നു വേണം കരുതാൻ.
ഉംറക്കും സിയാറത്തിനുമെത്തുന്ന തീർഥാടകരെ സംബന്ധിച്ചിടത്തോളം അത്യാഹ്ലാദം നൽകുന്നതാണ് സൗദിയിൽ എവിടെയും സന്ദർശിക്കാനുള്ള അനുമതി. നിലവിൽ തീർഥാടകർക്ക് മക്ക, മദീന, ജിദ്ദ ഒഴികെ മറ്റൊരിടത്തും പോകുന്നതിന് കഴില്ല. മറ്റെവിടെയെങ്കിലും പോകണമെങ്കിൽ വിസ സ്റ്റാമ്പ് ചെയ്യുന്ന വേളയിൽ തന്നെ മുൻകൂട്ടിയുള്ള അനുമതി തേടിയിരിക്കണം. ഇത് ഏറെ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. എന്നാൽ ഇനി മുതൽ ഉംറ വിസ അടിച്ചാൽ സൗദിയിൽ എവിടെയും സഞ്ചരിക്കാം. ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഇനിയും പുറത്തു വരാനിരിക്കുന്നതേയുള്ളൂവെങ്കിലും എങ്ങോട്ടു പോകുന്നതിനുമുള്ള യാത്രാനുമതി വിനോദ സഞ്ചാര മേഖലക്ക് ഉണർവേകുമെന്നതിൽ സംശയമില്ല.
വിനോദ സഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒട്ടേറെ പദ്ധതികളാണ് സർക്കാർ നടപ്പാക്കി വരുന്നത്. ഇതിന്റെ ഫലമായി സൗദിയിലെത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണം കൂടിയിട്ടുണ്ട്. പുതിയ തീരുമാനം കൂടിയാവുമ്പോൾ അത് സൗദി സന്ദർശിക്കാൻ എത്തുന്നവരുടെ എണ്ണം വർധിപ്പിക്കും. സൗദി അറേബ്യയിലെ ചരിത്ര, പൈതൃക, വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിനും രാജ്യത്തിന്റെ മറ്റു പ്രവിശ്യകളിലും നഗരങ്ങളിലും കഴിയുന്ന ബന്ധുക്കളെ കാണുതിനും ദശലക്ഷക്കണക്കിന് തീർഥാടകർക്ക് പുതിയ തീരുമാനം അവസരമൊരുക്കും. വിനോദ സഞ്ചാര മേഖലയുണർന്നാൽ ഹോട്ടൽ മേഖലയും ഗതാഗത, വാണിജ്യ രംഗവും സജീവമാകും. 2030 ഓടെ മൂന്നു കോടി തീർഥാടകരെയാണ് രാജ്യത്തേക്ക് ആകർഷിക്കാൻ ലക്ഷ്യമിടുന്നത്. ഈ ലക്ഷ്യം പൂർത്തീകരിക്കണമെങ്കിൽ ഈ രംഗത്ത് കാതലായ മാറ്റം അനിവാര്യമാണ്. അതിന്റെ ഭാഗമായിട്ടു കൂടി വേണം ഈ തീരുമാനത്തെ വിലയിരുത്താൻ. ജിദ്ദ, മക്ക, മദീന മാത്രമല്ല, രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ഹോട്ടൽ വ്യവസായം പുരോഗതിയുടെ പാതയിലാണ്. നഗരങ്ങളെ കേന്ദ്രീകരിച്ച് ലോക പ്രശ്‌സ്ത ബ്രാന്റുകളുടെ ഹോട്ടൽ സമുച്ചയങ്ങൾ ഉയർന്നു വന്നുകൊണ്ടിരിക്കുകയാണ്. പുതിയ വിമാനത്താവളങ്ങൾ തുറന്നും നിലവിലുള്ളവയുടെ ശേഷി വർധിപ്പിച്ചും വ്യോമയാന രംഗത്തും മെട്രോ, ഹറമൈൻ റെയിൽ തുടങ്ങി പൊതു ഗതാഗത രംഗത്തെ സൗദി റെയിൽവേയുടെ ഇടപെടലുകളിലൂടെ ഗതാഗത രംഗത്തും വൻ മാറ്റങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ലോക പ്രശസ്ത കാലാകാരന്മാരെയും കായിക താരങ്ങളെയും സൗദിയിലേക്ക് കൊണ്ടുവന്നും കൂടുതൽ തിയേറ്ററുകൾ തുറന്നും സാംസ്‌കാരിക, വിനോദ, കായിക രംഗത്തും വൻ മാറ്റമാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ഇതിനെല്ലാം ഗുണകരമായി മാറുന്നതാണ് ഉംറ തീർഥാടകർക്ക് രാജ്യത്ത് എവിടെയും സഞ്ചരിക്കാനുള്ള അനുമതി. നിശ്ചിത സയയത്തിനകം രാജ്യത്തിന്റെ വിവിധ പ്രദേശങ്ങൾ കണ്ടും അനുഭവിച്ചും ജനങ്ങളുമായി സാംസ്‌കാരിക വിനിമയം നടത്തിയും മടങ്ങാനാവുമെന്നത് വിനോദ സഞ്ചാരികൾക്കെന്ന പോലെ തീർഥാടകർക്കും ആഹ്ലാദം പകരുന്നതാണ്.
സൗദിയിൽ ജോലി ചെയ്യുന്ന വിദേശികളെ സംബന്ധിച്ചിടത്തോളം ഇരട്ടി മധുരം നൽകുന്നതാണ് ഈ തീരുമാനം. നിലവിൽ ബന്ധുക്കളും കുടുംബാംഗങ്ങളും ഉംറക്കെത്തുമ്പോൾ ഏറെ ക്ലേശം സഹിച്ചാണ് ഇവിടെ ജോലി ചെയ്യുന്നവർ മക്കത്തോ മദീനയിലോ വന്ന് അവരെ കാണുന്നത്. പലർക്കും അവധി ലഭിക്കാത്തതിനാൽ ബന്ധുക്കളെ കാണാനും കഴിയാറില്ല. ഇനി മുതൽ ഉംറ നിർവഹിക്കാനെത്തുന്നവർക്ക് മറ്റിടത്തേക്കു കൂടി പോകാനാവുമെന്നതിനാൽ ഉംറക്കു ശേഷം ബന്ധുക്കളെ കാണാൻ അവർ നിൽക്കുന്നിടങ്ങളിലേക്ക് പോകാൻ സാധിക്കും. പ്രവാസികളെ സംബന്ധിച്ചിടത്തോളം ഇത് ആശ്വാസം പകരുന്നതാണ്. അതോടൊപ്പം തീർഥാടകരായെത്തുന്നവർക്ക് സൗദിയുടെ വിവിധ പ്രദേശങ്ങൾ കാണുന്നതിനും ഇതുവഴി സാധിക്കും. അതുകൊണ്ടു തന്നെ ഇരുകൂട്ടർക്കും ഒരുപോലെ സന്തോഷം നൽകുന്നതാണ് മന്ത്രിസഭയുടെ തീരുമാനം.
മറ്റൊന്ന് കച്ചവട സ്ഥാപനങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്നതിനുള്ള അനുമതിയാണ്. ഒട്ടെറെ നിയന്ത്രണങ്ങളുണ്ടെങ്കിലും സൗദിയുടെ പല നഗരങ്ങളും ഉറങ്ങാറില്ലെന്നുവേണം പറയാൻ. രാവേറെ വൈകിയും ഇത്രയും സജീവമായ നഗരങ്ങൾ ലോകത്ത് മറ്റൊരിടത്തും കാണുക പ്രയാസമാണ്. റമദാൻ രാവുകളിൽ ഒരു നഗരവും ഉറങ്ങാറില്ല. അതേ അനുഭൂതി പകരാൻ കഴിയുന്നതാണ് വ്യാപാര സ്ഥാപനങ്ങൾക്ക് 24 മണിക്കൂറും തുറന്ന് പ്രവർത്തിക്കാനുള്ള അനുമതി. സൗദിയുടെ കാലാവസ്ഥ കൂടി പരിഗണിക്കുമ്പോൾ ഈ തീരുമാനത്തെ വാപാര സമൂഹം വളരെ സന്തോഷത്തോടു കൂടിയാവും സ്വാഗതം ചെയ്യുക. ചൂടു കാലങ്ങളിൽ അധികപേരും ഷോപ്പിംഗിന് ഇറങ്ങുക രാത്രിയിലാണ്. നിലവിൽ രാത്രി 11-12 മണിക്കുള്ളിൽ കടകൾ അടക്കണം. പ്രത്യേകം അനുമതി ലഭിച്ചിട്ടുള്ള അപൂർവം സ്ഥാപനങ്ങൾ മാത്രമാണ് അതിനു ശേഷം തുറന്നു പ്രവർത്തക്കുന്നത്. പുതിയ തീരുമാനം 24 മണിക്കൂറു തുറന്നു പ്രവർത്തിക്കാൻ സന്നദ്ധമായ ആർക്കും ലൈസൻസ് നൽകുന്നതാണ്.
കടകളിൽ ജോലി ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം ആശങ്കയുണ്ടാക്കുന്നതാണിത്. കാരണം പലയിടത്തും ഇപ്പോൾ തന്നെ 10 ഉം 12 മണിക്കൂറാണ് ജോലി. 24 മണിക്കൂറും തുറക്കാമെന്നു വെച്ചാൽ ജോലി ഭാരം കൂടുമെന്ന ആശങ്ക തൊഴിലാളികളിൽ ഉണ്ടാക്കിയിട്ടുണ്ട്. എന്നാൽ തൊഴിൽ നിയമങ്ങൾ സംരക്ഷിച്ചുകൊണ്ട് തൊഴിലാളികളുടെ അവകാശങ്ങളിന്മേൽ കടന്നുകയറ്റം ഉണ്ടാവാത്ത വിധമായിരിക്കും ഇതു നടപ്പാക്കുകയെന്നാണ് സൂചന. നമസ്‌കാര വേളയിലും കടകൾക്ക് തുറന്നു പ്രവർത്തക്കാനാവുമോ എന്ന സംശയവും ഉയർന്നിട്ടുണ്ട്. ഇക്കാര്യത്തിൽ വ്യക്തത കൈവന്നിട്ടില്ലെങ്കിലും രാത്രിയിലും പ്രവർത്തിക്കാനുള്ള അനുമതി മാത്രമാണ് നൽകിയിട്ടുള്ളതെന്നും അതുകൊണ്ട് നിലവിലെ സാമ്പ്രദായിക രീതികളിൽ മാറ്റം വരുത്തിയെന്ന് അർഥമാക്കേണ്ടതില്ലെന്നുമാണ് അധികൃതരുടെ വിശദീകരണം. കടകമ്പോളങ്ങളിൽ ജോലി ചെയ്യുന്നവർക്ക് നമസ്‌കാരത്തിനായി വീണു കിട്ടുന്ന സമയം ചെറിയ വിശ്രമ സമയം കൂടിയാണ്. അതു നഷ്ടപ്പെടുമോ എന്നതാണ് അവരെ അലട്ടുന്നത്. അധികൃതരുടെ വിശദീകരണത്തിൽനിന്ന് അതുണ്ടാവില്ലെന്നു വേണം കരുതാൻ. സ്വദേശി യുവാക്കളെ ആകർഷിക്കുന്നതിന് കടകമ്പോളങ്ങളുടെ പ്രവൃത്തി സമയം കുറക്കാൻ പോകുന്നുവെന്ന പ്രചാരണം നടന്നുകൊണ്ടിരിക്കേയാണ് 24 മണിക്കൂറും പ്രവർത്തിക്കാൻ പോകുന്നുവെന്ന തീരുമാനം വന്നിട്ടുള്ളത്.
എന്തു തന്നെയായാലും സൗദി അറേബ്യ സമൂല പരിവർത്തനത്തിനു വിധേയമായിക്കൊണ്ടിരിക്കുകയാണ്. അതിന് ആക്കം കൂട്ടുന്നതാണ് പുതിയ തീരുമാനങ്ങൾ.