തലശ്ശേരി- തലശ്ശേരി ബ്രണ്ണൻ കോളേജിൽ പ്രിൻസിപ്പൽ എടുത്തുമാറ്റിയ കൊടിമരം വീണ്ടും സ്ഥാപിക്കാൻ എത്തിയ എ.ബി.വി.പി പ്രവർത്തകരെ പോലീസ് തടഞ്ഞു. ഫ്രറ്റേണിറ്റി മൂവ്‌മെന്റിന്റെ സംസ്ഥാന ജാഥ ബ്രണ്ണൻ കോളേജിന് സമീപത്ത് എത്താൻ നേരത്തായിരുന്നു എ.ബി.വി.പിക്കാർ കൊടിമരവുമായി എത്തിയത്. ജാഥയെത്തുന്ന സമയം എ.ബി.വി.പിക്കാർ കൊടിസ്ഥാപിക്കാനെത്തുന്നത് വിദ്യാർത്ഥി സംഘർഷത്തിനിടയാക്കുമെന്നും ഫ്രറ്റേണിറ്റിയുടെ ജാഥയ്ക്ക് ശേഷം പ്രിൻസിപ്പലിന്റെ അനുവാദത്തോടെ കൊടി സ്ഥാപിക്കാമെന്നും പോലീസ് പറഞ്ഞെങ്കിലും പ്രവർത്തകർ അംഗീകരിച്ചില്ല. തുടർന്ന് പോലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റവും സംഘർഷമുണ്ടാകുകയായിരുന്നു. കൊടി സ്ഥാപിക്കാൻ അനുവദിക്കില്ലെന്ന് പോലീസ് നിലപാടെടുത്തതോടെ പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു.
തലശ്ശേരി ബ്രണ്ണൻ കോളേജിൽ എ.ബി.വി.പി. സ്ഥാപിച്ച കൊടിമരം കഴിഞ്ഞദിവസം പ്രിൻസിപ്പൽ എടുത്തുമാറ്റിയിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് ബുധനാഴ്ച രാത്രി പ്രിൻസിപ്പലിന്റെ വീട്ടിലേക്ക് സംഘപരിവാർ സംഘടനകൾ മാർച്ച് നടത്തുകയും ചെയ്തിരുന്നു. ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം.
വിശാൽ അനുസ്മരണവുമായി ബന്ധപ്പെട്ട് എ.ബി.വി.പി. കോളേജിൽ ചടങ്ങ് സംഘടിപ്പിച്ചിരുന്നു. സംസ്ഥാനസമിതിയംഗം വിശാഖ് പ്രേമൻ, യൂണിറ്റ് അംഗങ്ങളായ വൈഷ്ണവ്, ജിഷ്ണു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കൊടിമരം സ്ഥാപിച്ചത്. എന്നാൽ ചടങ്ങിനുശേഷം കൊടിമരം മാറ്റാൻ പോലീസും പ്രിൻസിപ്പലും ആവശ്യപ്പെട്ടെങ്കിലും വിദ്യാർഥികൾ തയ്യാറായില്ല.
തുടർന്ന് പ്രിൻസിപ്പലിന്റെ ചുമതലയുള്ള പ്രൊഫ. കെ.ഫൽഗുനൻ നേരിട്ടെത്തി കൊടിമരം പിഴുതുമാറ്റി. മാറ്റിയ കൊടിമരം അദ്ദേഹം കോളേജിനു പുറത്തുണ്ടായിരുന്ന പോലീസിന് കൈമാറി. പ്രിൻസിപ്പൽ കൊടിമരം മാറ്റുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളിലും പ്രചരിച്ചിരുന്നു. കൊടിമരം ക്യാമ്പസിന് വെളിയിൽ കളഞ്ഞത് സംഘർഷം ഒഴിവാക്കാനാണെന്ന് പ്രിൻസിപ്പൽ പ്രതികരിച്ചിരുന്നു.