കൊണ്ടോട്ടി - ഹജ് ക്യാമ്പിലെത്തുന്ന തീർഥാടകരുടെ ലഗേജുകളും ബോർഡിംഗ് പാസുകളുമടക്കം കൈകാര്യം ചെയ്യുന്നതിനായി 24 മണിക്കൂറും പ്രവർത്തന സജ്ജമാണ് സൗദി എയർലൈൻസിന്റെ ഓഫീസ്. യാത്രയുടെ തലേ ദിവസം ക്യാമ്പിലെത്തുന്ന തീർഥാടകരുടെ ലഗേജുകൾ പരിശോധിക്കുന്നതിനും ടാഗ് ചെയ്യുന്നതിനുമായി ആറ് കൗണ്ടറുകളാണ് പ്രവർത്തിക്കുന്നത്. ടാഗ് പതിച്ച ലഗേജുകൾ പിന്നീട് പ്രത്യേക വാഹനത്തിൽ എയർപോർട്ടിലെത്തിക്കുന്നു.
മടക്കയാത്രക്കടക്കമുള്ള ബോർഡിംഗ് പാസുകൾ യാത്രയുടെ രണ്ട് ദിവസങ്ങൾക്ക് മുമ്പായി തയാറാക്കുകയും തീർഥാടകർ ക്യാമ്പിലെത്തുന്ന മുറക്ക് രേഖകൾ ഹജ് സെൽ ഉദ്യോഗസ്ഥർക്ക് കൈമാറുകയും ചെയ്യും. ഹജ് ക്യാമ്പിലെ സൗദി എയർലൈൻസ് ക്യാമ്പ് ഓഫീസിൽ ചീഫ് കോർഡിനേറ്റർ ഹസ്സൻ പൈങ്ങോട്ടൂർ, മറ്റു മൂന്ന് സ്ഥിരം സ്റ്റാഫുകളും 11 താൽക്കാലിക ജീവനക്കാരുമാണ് സേവനത്തിലുള്ളത്. ലഗേജുകൾ സമയബന്ധിതമായി നടപടികൾ പൂർത്തിയാക്കി എയർപോർട്ടിലെത്തിക്കുന്നത് വരെ ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്യുന്നതിനായി ലഗേജ് സെക്ഷനിൽ ക്യാമ്പ് വളണ്ടിയർമാരും സജീവമാണ്. വിമാനങ്ങൾ കൃത്യസമയം പാലിക്കപ്പെടുന്നതും തീർഥാടകർക്ക് ഏറെ ആശ്വാസമാണ്.