Sorry, you need to enable JavaScript to visit this website.

സൗദിയില്‍ ബിനാമി അവസാനിക്കണമെങ്കിൽ കഫാല നിർത്തണം -ശൂറാ കൗൺസിൽ അംഗം

ഡോ. ഫഹദ് ബിൻ ജുംഅ 

റിയാദ് - ബിനാമി ബിസിനസ് പ്രവണത അവസാനിപ്പിക്കുന്നതിന് നിലവിലെ കഫാല നിയമം ഇല്ലാതാക്കണമെന്ന് ശൂറാ കൗൺസിൽ അംഗവും സാമ്പത്തിക വിദഗ്ധനുമായ ഡോ. ഫഹദ് ബിൻ ജുംഅ ആവശ്യപ്പെട്ടു. സ്‌പോൺസർഷിപ്പ് നിയമം അവസാനിപ്പിക്കുന്നതിലൂടെ ബിനാമി ബിസിനസുകൾക്ക് സൗദി പൗരന്മാർ കൂട്ടുനിൽക്കുന്ന പ്രവണത ഇല്ലാതാക്കാനാവുമെന്ന് അദ്ദേഹം പറഞ്ഞു.
ബിനാമി ബിസിനസ് ചെയ്യുന്ന വിദേശികളുമായി മത്സരിക്കാൻ തൊഴിൽ രഹിതരായ സൗദികൾക്ക് കഴിയില്ല. ചില്ലറ വ്യാപാര മേഖലയിൽ തങ്ങളുടേതായ സാമ്രാജ്യം കെട്ടിപ്പടുക്കാൻ വിദേശികൾക്ക് സാധിച്ചിട്ടുണ്ട്. ബഖാല പോലുള്ള സ്ഥാപനങ്ങൾ ആരംഭിക്കുന്നതിന് ലൈസൻസും കൊമേഴ്‌സ്യൽ രജിസ്‌ട്രേഷനും നേടുന്ന സൗദികൾ വിദേശികളെ റിക്രൂട്ട് ചെയ്തുകൊണ്ടുവന്ന് പിന്നീട് പ്രതിമാസം നിശ്ചിത തുക കൈമാറണമെന്ന ഉപാധിയോടെ സ്ഥാപന നടത്തിപ്പ് ചുമതല അവരെ ഏൽപിക്കുകയാണ്. ബിനാമി ബിസിനസ് പ്രവണത പടിപടിയായി ഇല്ലാതാക്കുന്നതിന് കഫാല നിയമം അവസാനിപ്പിക്കൽ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. 
സ്‌പോൺസർഷിപ്പ് നിയമം നിലവിലുള്ള രാജ്യങ്ങളിൽ മാത്രമാണ് ബിനാമി ബിസിനസ് പ്രവണതയെന്നും ജുംഅ ചൂണ്ടിക്കാട്ടി. അനധികൃത രീതിയിൽ ഭീമമായ തുക വിദേശങ്ങളിലേക്ക് അയക്കുന്നതിന് ബിനാമി ബിസിനസ് പ്രവണത ഇടയാക്കുകയാണ്. നികുതി വെട്ടിപ്പിലൂടെ സർക്കാരിന് വരുമാന നഷ്ടമുണ്ടാക്കുന്നതിനും ഇത് ഇടയാക്കുന്നു. ബിനാമി ബിസിനസ് പ്രവണത ഇല്ലാതാക്കാൻ വാണിജ്യ, നിക്ഷേപ മന്ത്രാലയം ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും കഫാല നിയമം പ്രതിബന്ധമാവുകയാണ്. 
കഫാല നിയമം ഇല്ലാതാക്കുന്നത് തടവും പിഴയും അടക്കമുള്ള ശിക്ഷകളിൽനിന്ന് സൗദി പൗരന്മാരെ സംരക്ഷിക്കും. സാമ്പത്തിക കേസുകളിൽ അകപ്പെട്ട് ജയിലുകളിൽ അടക്കപ്പെടുന്ന സൗദി പൗരന്മാരുടെ എണ്ണം വർധിക്കുകയാണ്. ഇതിൽനിന്ന് പാഠം ഉൾക്കൊണ്ട് കഫാല നിയമം റദ്ദാക്കണം. കഫാല നിയമം എടുത്തുകളയുന്നത് ആകർഷകമായ തൊഴിൽ സാഹചര്യം സൃഷ്ടിക്കുന്നതിനും ബിനാമി ബിസിനസും വാണിജ്യ വഞ്ചനയും അടക്കമുള്ള നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്ക് തടയിടുന്നതിനും സഹായകമാകും. ഇത് ദേശീയ സമ്പദ്‌വ്യവസ്ഥക്ക് ഗുണം ചെയ്യുമെന്നും സർക്കാർ വരുമാനം വർധിപ്പിക്കുമെന്നും കൂടുതൽ സ്വദേശികൾക്ക് തൊഴിൽ ലഭ്യമാക്കുമെന്നും ഡോ. ഫഹദ് ബിൻ ജുംഅ പറഞ്ഞു.

 

 

Latest News