ദുബായ്- പതിനഞ്ചു വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം അരവിന്ദ് വീണ്ടും വരുന്നു, ദുബായിലേക്ക്. പ്രിയപ്പെട്ട അമ്മയുടേയും അച്ഛന്റേയും ചേട്ടന്റേയും സ്‌നേഹസ്മരണകളിലേക്ക്. അവരോടൊപ്പം കൈപിടിച്ചു നടന്ന നഗരത്തിന്റെ സ്പന്ദനങ്ങള്‍ കേള്‍ക്കാന്‍... ദുരന്ത സ്മരണകളെ ഇവിടെത്തന്നെ മായിച്ചുകളയാന്‍... ജീവിതത്തില്‍ കൈപിടിച്ചു നടത്തിയ വല്യച്ഛനുമായി.
പതിനായിരങ്ങളുടെ ജീവന്‍ കവര്‍ന്ന 2004 ലെ സുനാമി. സന്തോഷകരമായി മുന്നോട്ടുനീങ്ങുകയായിരുന്ന അരവിന്ദിന്റെ കുടുംബത്തെ ഭൂമിയില്‍നിന്ന് മായ്ച്ചുകളഞ്ഞു ആഞ്ഞടിച്ച തിരമാലകള്‍. അന്ന് ഏഴു വയസ്സുകാരന്‍ മാത്രമായ അരവിന്ദ് ഇന്ന് 22 കാരന്‍. അമേരിക്കയിലെ മസാച്ചുസെറ്റ്‌സില്‍ വല്യച്ഛന്റേയും കുടുംബത്തിന്റേയുമൊപ്പം.
ബിസിനസ് ടൂറിനാണ് അരവിന്ദിന്റെ പിതാവ് സീതാരാമന്‍ 2004 ഡിസംബറില്‍ ശ്രീലങ്കയിലെത്തിയത്. ദുബായിലെ ഒരു കമ്പനിയില്‍ ഇന്റേണല്‍ ഓഡിറ്ററായിരുന്നു സീതാരാമന്‍ വെങ്കട്ടരാമന്‍. അതൊരു അവധിക്കാലമായതിനാല്‍ കുടുംബവും അദ്ദേഹത്തോടൊപ്പം ശ്രീലങ്കയിലേക്ക് തിരിച്ചു. ഒരു മിനി ടൂര്‍.
അമ്മ പ്രേമയും 13 കാരനായ ചേട്ടന്‍ അശ്വിനുമൊപ്പം ശ്രീലങ്കയിലെത്തിയ അരവിന്ദിന് തങ്ങളെ കാത്തിരിക്കുന്ന ദുരന്തത്തെക്കുറിച്ച് ഒന്നുമറിയില്ലായിരുന്നു. ഡിസംബര്‍ 26 രാത്രി. ഭീകരമായ ശബ്ദം കേട്ടാണ് ഹോട്ടല്‍ മുറിയില്‍ എല്ലാവരും ചാടിയെഴുന്നേറ്റത്. എന്താണെന്നറിയാതെ പകച്ചുനില്‍ക്കുമ്പോള്‍ കൂറ്റന്‍ തിരമാലകള്‍, മുറിയുടെ ജനല്‍ച്ചില്ലുകള്‍ തകര്‍ത്ത് അകത്തേക്ക് ഇരച്ചു കയറി. ഒരു കടല്‍ ഒന്നാകെ മുറിയിലേക്ക് പ്രവേശിച്ചതുപോലെയായിരുന്നു അത്. കോര്‍ത്തുപിടിച്ച അമ്മയുടെ കൈകള്‍ വേര്‍പെട്ടു പോകുന്നത് അരവിന്ദ് അറിഞ്ഞു. അമ്മയേയും അച്ഛനേയും അശ്വിനയും അരവിന്ദ് അവസാനമായി കണ്ടു.
ശക്തമായ പ്രളയത്തില്‍ ഒലിച്ചുപോയ അരവിന്ദ് സമീപത്തുള്ള കാട്ടിലാണ് ചെന്നുപെട്ടത്. ബോധം വീണപ്പോള്‍ തന്നെക്കാള്‍ അല്‍പം കൂടി പ്രായമുള്ള ഒരു കുട്ടിയെകണ്ടു. വീണ്ടും തിര വരുന്നതായും വലിയ മരത്തില്‍ കയറി രക്ഷപ്പെടാനും ആ കുട്ടി പറഞ്ഞു. അടുത്തുകണ്ട മരത്തിലേക്ക് കൊച്ചു അരവിന്ദ് വലിഞ്ഞുകയറി. അത് രക്ഷയായി. അരവിന്ദിന് ജീവന്‍ തിരിച്ചുകിട്ടി.
അരവിന്ദിന്റെ മാതാപിതാക്കളും ജ്യേഷ്ഠനും.
മഹാപ്രളയത്തിന് നടുക്ക് ഒറ്റപ്പെട്ടുപോയ ഏഴു വയസ്സുകാരന്‍. അരവിന്ദ് ജീവിച്ചിരിക്കുന്നതായി ഇന്ത്യന്‍ എംബസിയാണ് ഇന്ത്യയിലെ ബന്ധുക്കളെ അറിയിച്ചത്. സീതാരാമന്റെ ജ്യേഷ്ഠന്‍ ശ്രീനിവാസന്‍ അപ്പോഴും എല്ലാവരും രക്ഷപ്പെട്ടുകാണും എന്ന ആശ്വാസത്തിലായിരുന്നു. പക്ഷെ വൈകാതെ ദുരന്ത വാര്‍ത്ത എത്തി. സീതാരാമന്റേയും അശ്വിന്റേയും മൃതദേഹങ്ങള്‍ കിട്ടി. പക്ഷെ പ്രേമയെക്കുറിച്ച് വിവരമൊന്നുമില്ലായിരുന്നു.
ഏറെ നാള്‍ കഴിഞ്ഞിട്ടും പ്രേമയെക്കുറിച്ച് ഒരു വിവരവും കിട്ടാതെ ശ്രീനിവാസന്‍ ശ്രീലങ്കയിലേക്ക് വിമാനം കയറി. ചില സൈനികരുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ സുനാമിയില്‍ മരിച്ചവരെ കൂട്ടിയിട്ട ഒരു ആശുപത്രിയില്‍ പ്രേമയുടെ ചിത്രം അദ്ദേഹത്തിന് കിട്ടി. അതോടെ അരവിന്ദ് പൂര്‍ണമായും അനാഥനായെന്ന സത്യം അദ്ദേഹം തിരിച്ചറിയുകയായിരുന്നു.
അമേരിക്കയില്‍ ജോലി ചെയ്യുന്ന ശ്രീനിവാസന്‍ അരവിന്ദിനെ ദത്തെടുക്കാന്‍ തീരുമാനിച്ചു. കുടുംബത്തിന്റെ പിന്തുണയോടെ അദ്ദേഹം അരവിന്ദിനെ തന്റെ കുടുംബത്തിന്റെ ഭാഗമാക്കി. അമേരിക്കയില്‍ കൊണ്ടുപോയി പഠിപ്പിച്ചു. ഇപ്പോള്‍ അവന്‍ 22 കാരനായ സുമുഖനായ ചെറുപ്പക്കാരന്‍. ഹോട്ടല്‍ മാനേജ്‌മെന്റില്‍ ബിരുദം.
അരവിന്ദ് ഇന്ന്. ദത്തെടുത്ത വല്യച്ഛനും കുടുംബത്തിനുമൊപ്പം.
ദുരന്തത്തിന്റെ ഭീതി അവന്റെ വ്യക്തിത്വത്തിന് പ്രശ്‌നങ്ങളൊന്നുമുണ്ടാക്കാതിരിക്കാനാണ് ഞങ്ങള്‍ ശ്രമിച്ചത്. അത് വിജയിച്ചു. അവന്‍ വളരെ സ്മാര്‍ട്ടായ, ശുഭപ്രതീക്ഷയുള്ള ചെറുപ്പക്കാരനാണ്- ശ്രീനിവാസന്‍ പറഞ്ഞു.
സീതാരാമന് ദുബായില്‍ ഒരു എസ്റ്റേറ്റുണ്ടായിരുന്നു. അതെല്ലാം ഇനി അരവിന്ദിന്റെ പേരിലാക്കണം. അതിനായുള്ള നടപടിക്രമങ്ങള്‍ ശ്രീനിവാസന്‍ നടത്തിവരികയായിരുന്നു. അതിന്റെ അന്തിമ ഘട്ടത്തിലാണ് അരവിന്ദ് വീണ്ടും ദുബായിലേക്ക് എത്തുന്നത്. ഇരുട്ടുനിറഞ്ഞ ജീവിതത്തിന്റെ അങ്ങേത്തലക്കല്‍ ഒരു പ്രകാശഗോപുരം തന്നെയുണ്ടാകും. അരവിന്ദ് ഒരിക്കല്‍കൂടി ദുബായില്‍ കാല്‍കുത്തുമ്പോള്‍ ഈ ജീവിത യാഥാര്‍ഥ്യം കൂടുതല്‍ മിഴിവോടെ തെളിയുന്നു.