മക്ക - ഈ വർഷത്തെ ഹജ് സീസൺ ആരംഭിച്ച ശേഷം ഇതുവരെ പതിനൊന്നു ഹജ് തീർഥാടകർക്ക് മക്കയിലെയും മദീനയിലെയും ആശുപത്രികളിൽ ഹൃദയ ശസ്ത്രക്രിയ നടത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ചിലർക്ക് ഹൃദയം തുറന്നുള്ള ശസ്ത്രക്രിയയും മറ്റു ചിലർക്ക് ആഞ്ചിയോപ്ലാസ്റ്റിയുമാണ് നടത്തിയത്. ദുൽഖഅ്ദ ഒന്നു മുതൽ പന്ത്രണ്ടു വരെയുള്ള ദിവസങ്ങളിലാണ് പതിനൊന്നു പേർക്ക് ഹൃദയ ശസ്ത്രക്രിയ നടത്തിയത്. ഇക്കാലയളവിൽ 108 ഡയാലിസിസുകളും മൂന്നു താക്കോൽദ്വാര ശസ്ത്രക്രിയകളും 23 ഓപറേഷനുകളും തീർഥാടകർക്ക് നടത്തി. 148 ഹാജിമാരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഒരു തീർഥാടക കുഞ്ഞിന് ജന്മം നൽകി.
ഇക്കാലയളവിൽ മക്കയിലെയും മദീനയിലെയും ആശുപത്രികളും ഹെൽത്ത് സെന്ററുകളും വഴി തീർഥാടകർക്ക് ആകെ 20,658 ആരോഗ്യ സേവനങ്ങൾ നൽകി. തീർഥാടകർക്കിടയിൽ ഇതുവരെ സൂര്യാഘാതങ്ങളോ കടുത്ത ചൂട് മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു.