റിയാദ്- ഇറാന്‍ പിന്തുണയുള്ള ഹൂത്തി മിലീഷ്യകള്‍ ജിസാന്‍ ലക്ഷ്യമിട്ട് അയച്ച പൈലറ്റില്ലാ വിമാനം സഖ്യസേന തകര്‍ത്തതായി സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍മാലികി അറിയിച്ചു. ബുധനാഴ്ച രാവിലെ സന്‍ആയില്‍നിന്നാണ് ജിസാനിലെ സിവിലിയന്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഹൂത്തികള്‍ ഡ്രോണ്‍ അയച്ചത്.
ചൊവ്വാഴ്ച രാത്രി അബഹയും ജിസാനും ലക്ഷ്യമിട്ട് അയച്ച മൂന്നു ഡ്രോണുകള്‍ സഖ്യസേന തകര്‍ത്തിരുന്നു.
യെമനിലെ അംറാനില്‍നിന്നാണ് ജിസാനിലെയും അബഹയിലെയും സിവിലിയന്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഹൂത്തികള്‍ ചൊവ്വാഴ്ച രാത്രി ഡ്രോണുകള്‍ വിട്ടത്. യു.എന്‍ സെക്രട്ടറി ജനറലിന്റെ പ്രത്യേക ദൂതന്‍ സന്‍ആയിലുള്ള സമയത്ത് അബഹ, ജിസാന്‍, നജ്‌റാന്‍ എന്നിവിടങ്ങളിലെ സിവിലിയന്‍ എയര്‍പോര്‍ട്ടുകളും സിവിലിയന്‍ കേന്ദ്രങ്ങളും സാധാരണക്കാരെയും ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ നടത്തുന്നതിന് ഹൂത്തികള്‍ ശ്രമം തുടരുകയാണ്. ഹൂത്തികളുടെ സൈനിക പശ്ചാത്തല സൗകര്യങ്ങള്‍ തകര്‍ക്കുന്നതിന് എല്ലാ നടപടികളും സഖ്യസേന സ്വീകരിക്കുമെന്ന് കേണല്‍ തുര്‍ക്കി അല്‍മാലികി പറഞ്ഞു.